നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചിട്ട നിലയില്‍
Sunday, February 1, 2015 11:40 PM IST
എരുമേലി: നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ പോലീസ് കണ്െടത്തി. ഇന്നലെ എരുമേലിയിലാണു സംഭവം. ഛത്തീസ്ഗഡ് സ്വദേശികളും കരിങ്കല്ലുമൂഴിയില്‍ വാഹനങ്ങള്‍ കഴുകുന്ന സര്‍വീസ് സെന്ററിലെ ജീവനക്കാരനുമായ ലഖന്‍സിംഗ്, ഭാര്യ ബീന എന്നിവരുടെ കുഞ്ഞിന്റെ മൃതദേഹമാണ് കണ്െടത്തിയത്. ഇരട്ടക്കുട്ടികളെ ഗര്‍ഭംധരിച്ച ഭാര്യ കഴിഞ്ഞ 28ന് രാത്രിയില്‍ പ്രസവിച്ചപ്പോള്‍ ആദ്യ കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് തൊട്ടടുത്ത തോട്ടില്‍ മണ്ണ് മാറ്റി കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തെന്നും ലഖന്‍സിംഗ് പോലീസിനോടു പറഞ്ഞു. ആദ്യ പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് പറയുന്നു. ഇതിനുശേഷം രക്തസ്രാവമുണ്ടാവുകയും യുവതിയെ പിറ്റേന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെവച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ഈ കുഞ്ഞും യുവതിയും ചികിത്സയിലാണ്.

മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറാണ് ആശുപത്രിയിലെത്തുംമുമ്പു മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ആദ്യ പ്രസവത്തെപ്പറ്റി ദമ്പതികളോട് തിരക്കിയത്. കുഞ്ഞ് ശ്വാസം ലഭിക്കാതെ മരിച്ചെന്നും ഛത്തീസ്ഗഡില്‍ തന്റെ അമ്മയെ ഫോണില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ മറവു ചെയ്യുകയായിരുന്നെന്നും ലഖന്‍സിംഗ് പറഞ്ഞ വിവരം ഡോക്ടര്‍ പോലീസില്‍ അറിയിച്ചു.


തുടര്‍ന്നാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പോലീസെത്തി കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ കെ.എം. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തത്. പിതാവ് ലഖന്‍സിംഗാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന തോട്ടില്‍നിന്ന് മണ്ണ് മാറ്റി പുറത്തെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്മാര്‍ട്ടത്തിനായി നല്‍കി.

ലഖന്‍സിംഗ് ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററിന് സമീപത്ത് വലിയ തോട്ടിലാണ് മൃതദേഹം മറവു ചെയ്തിരുന്നത്. ഗര്‍ഭിണിയായിരിക്കെ ആശുപത്രികളില്‍ ചികിത്സ തേടാതിരുന്ന ഇവര്‍ ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചതെന്നുപോലും അറിഞ്ഞിരുന്നില്ലെന്നു പറയുന്നു. ഛത്തീസ്ഗഡിലെ അപരിഷ്കൃത ഗ്രാമത്തില്‍ നിന്നുള്ളവരാണിവര്‍. ഇവരുടെ അറിവില്ലായ്മയാണ് ചികിത്സ തേടാതെ കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നു സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് പറഞ്ഞു. മണിമലസിഐയുടെ ചുമതല വഹിക്കുന്ന പാമ്പാടി സിഐ സാജു വര്‍ഗീസ്, എരുമേലി എസ്ഐ എം.എസ്. രാജീവ്, തെക്ക് വില്ലേജ് ഓഫീസര്‍ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.