മുഖപ്രസംഗം: സമീപനം ഉദാത്തം, ദുരിതം തുടരും
Friday, February 27, 2015 11:02 PM IST
ഉദാത്തമായ നയസമീപനം, യാഥാര്‍ഥ്യങ്ങളോട് അനുരൂപപ്പെടാത്ത സ്വപ്നങ്ങള്‍, ദുരൂഹതയും ആശങ്കകളും പതിയിരിക്കുന്ന പ്രഖ്യാപനങ്ങള്‍. മന്ത്രി സുരേഷ് പ്രഭു ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ചില സുന്ദരസങ്കല്പങ്ങള്‍ മാത്രമായവശേഷിക്കുമോ എന്നതാണു സംശയം. എങ്കിലും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചുവെന്ന പ്രത്യേകതയുണ്ട്. പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിച്ചു പരമ്പരാഗത ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ബജറ്റിനു പകരം വലിയ പ്രതീക്ഷകളും ഉന്നതമായ ആശയങ്ങളും അവതരിപ്പിച്ചു കൈയടി നേടാനുള്ള ശ്രമം പതിവു മോദി ശൈലിയിലുള്ളതായി. കേരളത്തെ സംബന്ധിച്ചിടത്തോളം പതിവുപോലെ തികച്ചും നിരാശാജനകം എന്നു മാത്രമേ പറയാനാവൂ. ഇന്നസെന്റ് എംപി പറഞ്ഞതുപോലെ ആര്‍ക്കും ഒന്നും കിട്ടിയില്ലല്ലോ എന്ന സന്തോഷമോ പിന്നീട് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോ വച്ചുപുലര്‍ത്താമെന്നു മാത്രം.

ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഇതിനുമുമ്പും ഇത്തരം ചില സ്വപ്നദൃശ്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വച്ചിട്ടുണ്ട്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. തുടര്‍ച്ചയായി റെയില്‍വേയ്ക്കു വന്‍ലാഭം. ഈ മാനേജ്മെന്റ് വൈദഗ്ധ്യത്തിന്റെ പേരില്‍ ലാലുവിന് വിദേശ സര്‍വകലാശാലകളില്‍പോലും പ്രഭാഷണത്തിന് അവസരമൊരുങ്ങി. പിന്നീടു വന്ന റെയില്‍വേ മന്ത്രിമാര്‍ക്കാര്‍ക്കും ആ മാജിക് കാണിക്കാനായില്ല. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് റെയില്‍വേയാകെ കുളമായെന്നു പറയുന്ന മന്ത്രി, റെയില്‍വേയെ രക്ഷിക്കാന്‍ പഞ്ചവത്സര കര്‍മപദ്ധതിയാണു വിഭാവനം ചെയ്യുന്നത്.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വലിയ മൂലധന നിക്ഷേപം ഉണ്ടാവുമെന്ന പ്രഖ്യാപനം സ്വകാര്യവത്കരണത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതുള്‍പ്പെടെ പല കാര്യങ്ങളിലും സുതാര്യത ഇല്ലായ്മ ബജറ്റ് പ്രസംഗത്തിന്റെ ഏറ്റവും വലിയ പോരായ്മയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ട്രെയിനുകള്‍ക്കും പാതകള്‍ക്കും വേണ്ടി കാതോര്‍ത്തിരുന്നവര്‍ക്കു നിരാശയായിരുന്നു ഫലം. സമ്മേളനം അവസാനിക്കുംമുമ്പ് ഇക്കാര്യം അറിയിക്കാമെന്നാണു മന്ത്രി പറയുന്നത്. പാര്‍ലമെന്റില്‍ അംഗങ്ങളുടെയെല്ലാം ആവശ്യങ്ങള്‍ക്കനുസൃതമായി ഇതൊക്കെ നല്‍കുമെന്നു കരുതാനാവില്ല. കാരണം ബജറ്റിനുമുമ്പായി വളരെ വിശദമായ പഠനങ്ങള്‍ക്കുശേഷമാണു പുതിയ പാതകളെയും ട്രെയിനുകളെയുംപറ്റി തീരുമാനിക്കുന്നത്. അതൊരു സസ്പെന്‍സായി വയ്ക്കുന്നതിന്റെ സാംഗത്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്.

അടിസ്ഥാന സൌകര്യങ്ങളുടെ മെച്ചപ്പെടുത്തലും വികസനവും ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ പഴക്കമുള്ള ബോഗികളും പാളങ്ങളും റെയില്‍വേയുടെ എക്കാലത്തെയും പ്രശ്നമായിരുന്നു. അത്തരം അടിസ്ഥാന സൌകര്യവികസനത്തിനായി അവതരിപ്പിക്കപ്പെടുന്ന നല്ല ആശയങ്ങളെ ആരും പിന്തുണയ്ക്കും. കാരണം അതു ജനങ്ങളുടെ പൊതുവായ ആവശ്യമാണ്. അടിസ്ഥാന വികസനത്തിനായി ബജറ്റില്‍ അവതരിപ്പിച്ച നാലു തത്വങ്ങള്‍ പ്രതിപക്ഷാംഗങ്ങള്‍പോലും സ്വാഗതം ചെയ്യുകയുണ്ടായി. പക്ഷേ, ഈ ആശയങ്ങളുടെ ആത്മാര്‍ഥതയും പ്രവര്‍ത്തനക്ഷമതയും അവര്‍ സംശയിക്കുന്നു. സുരക്ഷ, ആധുനികവത്കരണം, യാത്രക്കാരുടെ സംതൃപ്തി, സ്വയംപര്യാപ്ത എന്നീ ലക്ഷ്യങ്ങള്‍ ആര്‍ക്കും എതിര്‍ക്കാനാവില്ലല്ലോ.


യാത്രക്കൂലി കൂട്ടുന്നില്ല എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ കാര്യമായി കണക്കാക്കേണ്ടതില്ല. കാരണം നിരക്കുവര്‍ധന നേരത്തേതന്നെ നടപ്പാക്കിയിരുന്നു. മാത്രമല്ല, പെട്രോളിയം വിലക്കുറവിലൂടെ റെയില്‍വേയ്ക്കുണ്ടായ ലാഭം കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഇളവിനു യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ടുതാനും. ചരക്കുകൂലി കൂട്ടിയതിനു ന്യായീകരണമൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യധാന്യങ്ങള്‍, രാസവളം തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ക്ക് ചരക്കുകൂലിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ചരക്കുകൂലി വര്‍ധന കേരളത്തെപ്പോലെ ഉപഭോക്തൃസംസ്ഥനങ്ങളില്‍ വന്‍ വിലക്കയറ്റത്തിനു വഴിയൊരുക്കും.

തെരഞ്ഞെടുക്കപ്പെട്ട ചില ട്രെയിനുകളിലും സബര്‍ബന്‍ ട്രെയിനുകളിലും സ്ത്രീസുരക്ഷയ്ക്കായി സിസിടിവി സംവിധാനവും സുരക്ഷാ ആവശ്യത്തിനായി 182 എന്ന ടോള്‍ഫ്രീ നമ്പറും ഏര്‍പ്പെടുത്താനുള്ള തീരുമാനം സുരക്ഷയുടെ കാര്യത്തില്‍ കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യം സംജാതമാക്കും. നിലവിലുള്ള ശുചിമുറികള്‍ ബയോ ടോയ്ലെറ്റുകളായി മാറ്റുന്നതിനുള്ള ബൃഹത്തായ പദ്ധതി ആധുനികവത്കരണത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ നല്ലൊരു ചുവടുവയ്പാണ്.

സ്വച്ഛ് ഭാരതിന്റെ ചുവടുപിടിച്ചുള്ള 'സ്വച്ഛ് റെയില്‍ സ്വച്ഛ് ഭാരത’്'പദ്ധതി റെയില്‍വേയ്ക്ക് അനിവാര്യമായ ശുചീകരണവിപ്ളവം സാധ്യമാക്കിയാല്‍ അതു വലിയ നേട്ടമാകും. മുദ്രാവാക്യങ്ങള്‍ പലതും ആകര്‍ഷമാണെങ്കിലും ആ ആകര്‍ഷകത്വം പിന്നീടുള്ള നടപ്പാക്കലില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളെയും സംസ്ഥാനങ്ങളെയും പങ്കാളികളാക്കി റെയില്‍വേ വികസനമെന്നതു സഹകരണ ഫെഡറലിസത്തിന്റെപേരിലുള്ള പ്രചാരണത്തിലുപരി കാര്യനടത്തിപ്പിനു സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നില്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം പാതയിരട്ടിപ്പിക്കലായിരുന്നു ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. പാതയിരട്ടിപ്പിക്കലിനു കിട്ടിയ തുക നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍പോലും പൂര്‍ത്തിയാക്കാന്‍ പര്യാപ്തമല്ല. കഞ്ചിക്കോട് ഫാക്ടറിക്ക് വകയിരുത്തിയിരിക്കുന്നതു പത്തു ലക്ഷം രൂപ മാത്രം. റെയില്‍വേയ്ക്കു വരുമാനം നേടിക്കൊടുക്കുന്നതിന്റെ ചെറിയൊരു വിഹിതംപോലും കേരളത്തിന് പലപ്പോഴും ലഭിക്കാറില്ല. യാത്രാക്ളേശത്തിന്റെ തുടര്‍ക്കഥകളുമായി കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതയാത്രയായി തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.