വി.എസ് പാര്‍ട്ടിവിരുദ്ധനെന്നു പറഞ്ഞിട്ടില്ലെന്നു കോടിയേരി
വി.എസ് പാര്‍ട്ടിവിരുദ്ധനെന്നു പറഞ്ഞിട്ടില്ലെന്നു കോടിയേരി
Saturday, February 28, 2015 12:18 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിവിരുദ്ധനെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഒരു പ്രമേയത്തിലും വിശേഷിപ്പിച്ചിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂര്‍ പ്രസ് ക്ളബ്ബിലെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചില നിലപാടുകളെ തിരുത്താനുള്ള ശ്രമമാണു പാര്‍ട്ടി നടത്തുന്നത്. എല്ലാവരും പാര്‍ട്ടിക്കു വിധേയരാകണം. വി.എസ് പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിലും അക്കാര്യമാണു ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ നിലപാടുതന്നെയാണു ലേഖനത്തിലുള്ളത്. പാര്‍ട്ടിയിലെ ആരെയും നഷ്ടപ്പെടുത്താനുള്ള അവസരമുണ്ടാക്കില്ല. എല്ലാവരെയും ഒപ്പംനിര്‍ത്താനാണു ശ്രദ്ധിക്കുന്നത്: അദ്ദേഹം പറഞ്ഞു.

അപ്പുറത്തുനിന്ന് ഇപ്പുറത്തേക്കു ചാടിയിറങ്ങാന്‍ ചിലര്‍ തിടുക്കം കാണിക്കുന്നുണ്െടങ്കിലും അമിതമായ തിടുക്കം തങ്ങള്‍ക്കില്ല. യുഡിഎഫിലെ ചിലര്‍ എല്‍ഡിഎഫിലേക്കു വരാനിരിക്കുന്നുണ്െടന്ന മുന്‍പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ സിപിഎം പിന്തുണച്ചെങ്കിലും കേരളത്തില്‍ സിപിഎം തന്നെയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി അടക്കം ആറു മന്ത്രിമാര്‍ വിജിലന്‍സ് കേസടക്കമുള്ള നിയമനടപടികള്‍ നേരിടുന്നവരാണ്. അഴിമതി ആരോപണം നേരിടുന്നവര്‍ മന്ത്രിസഭയില്‍ ഉണ്ടാകരുതെന്നു ശഠിച്ചുകൊണ്ടാണ് 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെങ്കില്‍ ഇത്തവണ അര ഡസന്‍ കളങ്കിതരടങ്ങുന്ന മന്ത്രിസഭയെയാണ് അദ്ദേഹം നയിക്കുന്നതെന്നു കോടിയേരി പരിഹസിച്ചു.


ക്രമസമാധാനരംഗത്തു തകര്‍ച്ചയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 22 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 12 പേരെ ബിജെപിക്കാരും അഞ്ചു പേരെ കോണ്‍ഗ്രസുകാരുമാണു കൊലപ്പെടുത്തിയത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ പ്രതിയെ രക്ഷിക്കാനാണു ശ്രമിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിരാകരിച്ചുകൊണ്ടുള്ള റെയില്‍വേ ബജറ്റിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണം. മുമ്പു പ്രഖ്യാപിച്ച പദ്ധതികള്‍പോലും അവതാളത്തിലാക്കുന്ന ബജറ്റാണിത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കുന്നതായാണു പ്രഖ്യാപിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.