സര്‍ക്കാര്‍ നിലപാടിനെതിരേ സമരം ശക്തമാക്കും: ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍
Saturday, February 28, 2015 12:36 AM IST
കൊച്ചി: മൈനര്‍ മിനറല്‍ നിയമം പൊളിച്ചെഴുതി കേരളത്തിലെ കുന്നും മലകളും കവര്‍ന്നെടുക്കാനായി വന്‍കിട ലോബികള്‍ക്കും വിദേശികള്‍ക്കും കടന്നുവരാന്‍ അവസരമൊരുക്കുന്ന പുതിയ നിയമഭേദഗതിക്കെതിരേ സമരം ശക്തമാക്കുമെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പുതിയ നിയമഭേദഗതി നിലവില്‍ വന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉപജീവനം കഴിക്കുന്ന ചെറുകിട കരിങ്കല്‍ ക്വാറി, ക്രഷര്‍ മേഖല പൂര്‍ണമായും അടച്ചുപൂട്ടേണ്ടിവരും; കരിങ്കല്‍ ഉത്പന്നങ്ങള്‍ കിട്ടാക്കനിയാകും. ഭീമമായ വിലവര്‍ധനയ്ക്ക് ഇതു കാരണമാകും. ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു ലക്ഷക്കണക്കിനു രൂപ വായ്പയെടുത്ത ആയിരങ്ങള്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.കെ. അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി എം.കെ.ബാബു എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ 12ന് ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിട്ടിട്ടും, കൊച്ചി മെട്രോ ഉള്‍പ്പെടെ കേരളത്തിലെ നിര്‍മാണ മേഖല പാടേ സ്തംഭിച്ചിട്ടും പ്രശ്നപരിഹാരത്തിനു തയാറാകാതെ സര്‍ക്കാര്‍ സമരം നീട്ടിക്കൊണ്ടുപോകുകയാണ്. സര്‍ക്കാര്‍ ഭൂമി തുച്ഛമായ സംഖ്യക്കു പാട്ടത്തിനെടുത്ത വന്‍കിട ലീസ് ക്വാറിക്കാരെ ഉപയോഗിച്ച് സമരം പൊളിക്കാനാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം. ഇതിനെതിരേ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍മാണമേഖലയിലെ ട്രേഡ് യൂണിയനുകള്‍, ചെറുകിട വ്യവസായ സംഘടനകള്‍, വ്യാപാര വ്യവസായ സംഘടനകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവരുടെ സംസ്ഥാന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും മാര്‍ച്ച് എട്ടു മുതല്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ഓഫീസ് ഉപരോധിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. മാര്‍ച്ച് 11 മുതല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.


അതേസമയം, കരിങ്കല്‍ ക്വാറി സമരത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള എല്‍എസ്ജിഡി കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സമരം മൂലം നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമ്പോള്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. നിര്‍മാണസാമഗ്രികള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പ്ളാന്‍ ഫണ്ട് ജോലികള്‍ നിര്‍ത്തിവച്ച് സമരം ആരംഭിക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ആര്‍. ചന്ദ്രന്‍പിള്ള, സെക്രട്ടറി വേണു കറുകപ്പിള്ളി എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.