സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസമേഖലയെ കൈയൊഴിയുന്നു: മാര്‍ മാത്യു അറയ്ക്കല്‍
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസമേഖലയെ കൈയൊഴിയുന്നു: മാര്‍ മാത്യു അറയ്ക്കല്‍
Sunday, March 1, 2015 11:19 PM IST
കാഞ്ഞിരപ്പള്ളി: വൈരുധ്യങ്ങള്‍ നിറഞ്ഞ, യുക്തിഭദ്രമല്ലാത്ത നിര്‍ദേശങ്ങളും നടപടികളും വഴി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സര്‍ക്കാര്‍ കൈയൊഴിയുന്ന അവസ്ഥയാണെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സമീപകാലത്ത് എയ്ഡഡ് സ്കൂള്‍ മാനേജുമെന്റുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന സമീപനങ്ങളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതുമൂലം അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. നവോത്ഥാന നായകന്മാരുടെയും മിഷനറിമാരുടെയും നിസ്വാര്‍ഥമായ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ചു നില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ അധ്യാപകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏകാധിപത്യശൈലിയില്‍ സര്‍ക്കാരുകള്‍ പൊതുവിദ്യാലയങ്ങളെ കാണാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ പലപ്രശ്നങ്ങള്‍ക്കും കാരണം. ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അവകാശത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മാറിമാറിവരുന്ന സര്‍ക്കാരുകളുടെ നിയമങ്ങളും ചട്ടങ്ങളും എയ്ഡഡ് മേഖലയെ കൈപ്പിടിയിലൊതുക്കുവാന്‍ ശ്രമിക്കുകയാണ്.

ന്യൂനപക്ഷ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 1957ല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും എതിര്‍പ്പുകള്‍ വകവയ്ക്കാതെ ബില്‍ പാസാക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ വിരുദ്ധമായ ഒട്ടേറെ വകുപ്പുകള്‍ ആ ബില്ലിലുണ്ടായിരുന്നു. വിമോചന സമരത്തിലൂടെയാണ് ആ ബില്ലിനെ അതിജീവിക്കാന്‍ കഴിഞ്ഞത്. നിയമന നിരോധനം ഇല്ലെന്നു പറയുമ്പോഴും ഒരു നിയമനംപോലും അംഗീകരിക്കാതിരിക്കുകയാണ്. നിയമനം ലഭിക്കാത്ത അധ്യാപകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജയിംസ് ചെല്ലങ്കോട്ട് വിഷയാവതരണവും കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍ മുഖ്യപ്രഭാഷണവും നടത്തി. ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍, ജോസഫ് കുര്യന്‍, വി.ജെ. തോമസ്, സി.ഡി. ഏലിക്കുട്ടി, കോര്‍പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍, തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.


സമ്മേളനത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനികസ് സ്കൂളില്‍ നിന്ന് അവകാശ സംരക്ഷണ റാലി നടന്നു. റാലി വികാരി ജനറാള്‍ റവ.ഡോ. ജോസ് പുളിക്കല്‍ ഫ്ളാഗ്ഓഫ് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നായി കോര്‍പറേറ്റ് മാനേജുമെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും റാലിയില്‍ പങ്കെടുത്തു. ജോസുകുട്ടി മാത്യു, ജോസഫ് മാത്യു പതിപ്പള്ളില്‍, തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.