അടിമാലി കൂട്ടക്കൊല: ഒരാള്‍ പോലീസ് പിടിയില്‍
Monday, March 2, 2015 12:14 AM IST
അടിമാലി: ടൌണിലെ ലോഡ്ജില്‍ മൂന്നംഗ കുടുംബത്തെ കൂട്ടക്കൊലചെയ്ത കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ബംഗളൂരുവില്‍ 150 കിലോമീറ്റര്‍ അകലെ ഒളിവില്‍കഴിഞ്ഞിരുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് ഇന്നലെ അടിമാലി സിഐയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. മറ്റു പ്രതികള്‍ക്കായി ഇവിടം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

പിടിയിലായ പ്രതിയെ ഇന്ന് അടിമാലിയില്‍ കൊണ്ടുവരും. പ്രതിയെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട ലോഡ്ജ് നടത്തിപ്പുകാരന്‍ കുഞ്ഞുമുഹമ്മദിന്റെ ഫോണ്‍ സംഭവദിവസം മുതല്‍ കാണാതായിരുന്നു. ഫോണ്‍ കണ്െടത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയണു കൊലയാളിസംഘത്തിന്റെ അടുത്തെത്താന്‍ സഹായകമായത്.

ഫോണിലുണ്ടായിരുന്ന സിം നശിപ്പിച്ച കൊലയാളിസംഘം കര്‍ണാടക സിം ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിച്ചു. വെള്ളിയാഴ്ചയാണു ഫോണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം പോലീസ് മനസിലാക്കിയത്. ഈ സമയം അന്വേഷണസംഘം ഒറീസയിലായിരുന്നു.

അന്വേഷണസംഘം ശനിയാഴ്ച കര്‍ണാടകയില്‍ എത്തി. തുടര്‍ന്നുളള അന്വേഷണത്തില്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന കൊലയാളിസംഘത്തിലെ ഒരാളെ പിടികൂടുകയായിരുന്നു. ഫെബ്രുവരി 13-നാണ് അടിമാലി രാജധാനി ലോഡ്ജ് നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് മണലിക്കുടി നാച്ചി എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.


കൊലനടന്ന സമയത്ത് അടിമാലിയില്‍നിന്നും മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ടാക്സി ഓട്ടോയില്‍ പോയിരുന്നതായ വിവരത്തെ തുടര്‍ന്ന് പോലീസ് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്െടത്തിയ പോലീസ് കൊലയാളി സംഘത്തിലെ രണ്ടുപേരുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു.

കൊലപാതകത്തിനുശേഷം സംഘം പണവും, കൊല്ലപ്പെട്ട അയിഷ, നാച്ചി എന്നിവരുടെ സ്വര്‍ണവും അപഹരിച്ചു. 302-ാം നമ്പര്‍ മുറിയില്‍ കുഞ്ഞുമുഹമ്മദിനെ അടിച്ചുവീഴ്ത്തിയ കൊലയാളിസംഘം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകള്‍ കെട്ടിയും വായില്‍ തുണി തിരുകി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പിന്നീട് മുറി പുറത്തുന്നിന്ന് പൂട്ടി. ഇതിനുശേഷമാണ് മറ്റു രണ്ടുപേരെയും കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് സംഘം കടന്നത്. മരിച്ച കുഞ്ഞുമുഹമ്മദിന്റെ ചെറുമകന്‍ മാഹിന്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.