ഗുരുവായൂര്‍ ആനയോട്ടം: കൊമ്പന്‍ കേശവന്‍കുട്ടി മൂന്നാമതും വിജയിയായി
ഗുരുവായൂര്‍ ആനയോട്ടം: കൊമ്പന്‍ കേശവന്‍കുട്ടി മൂന്നാമതും വിജയിയായി
Tuesday, March 3, 2015 12:23 AM IST
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിനു തുടക്കംകുറിച്ചുകൊണ്ട് ഇന്നലെ നടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ കേശവന്‍കുട്ടി ഒന്നാം സ്ഥാനത്തെത്തി. ജൂണിയര്‍ വിഷ്ണു രണ്ടാമതും, പിടിയാന നന്ദിനി മൂന്നാമതുമെത്തി.

ഇതു മൂന്നാം തവണയാണു കേശവന്‍കുട്ടി വിജയം നേടുന്നത്. വിദഗ്ധര്‍ തെരഞ്ഞെടുത്ത പത്ത് ആനകളില്‍നിന്നു നറുക്കിട്ടെടുത്ത അഞ്ചാനകളെയാണ് ആനയോട്ടത്തിനു മുന്നില്‍ നിര്‍ത്തിയിരുന്നത്. കേശവന്‍കുട്ടി, ദേവദാസ്, ജൂണിയര്‍ വിഷ്ണു, നന്ദന്‍, നന്ദിനി എന്നിവയായിരുന്നു മുന്നില്‍. ഉച്ചകഴിഞ്ഞു മൂന്നിനു നാഴിക മണിയടിച്ചതോടെ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ കുടമണികള്‍ പാപ്പാന്‍മാര്‍ക്കു കൈമാറിയതോടെയാണു ചടങ്ങ് തുടങ്ങിയത്. കുടമണികളുമായി പാപ്പാന്‍മാര്‍ മഞ്ജുളാല്‍ പരിസരത്തേക്കോടി. ഓടാന്‍ തയാറായി നിന്നിരുന്ന ആനകളെ കുടമണികള്‍ അണിയിച്ചു.

തുടര്‍ന്നു ക്ഷേത്രം അടിയന്തിരക്കരന്‍ കടിക്കാട് ശ്രീധരമാരാര്‍ ശംഖു വിളിച്ചതോടെ ആനകള്‍ ഓട്ടം തുടങ്ങി. ഓട്ടത്തിന്റ തുടക്കം മുതല്‍ തന്നെ കേശവന്‍ കുട്ടിയായിരുന്നു മുന്നില്‍. ആര്‍പ്പു വിളികളോടെ കാണികള്‍ കേശവന്‍കുട്ടിയെ പ്രോത്സാഹിപ്പിച്ചു. ഇതോടെ കേശവന്‍കുട്ടിയുടെ ഓട്ടത്തിനു വേഗംകൂട്ടി. മറ്റാനകളെ ഏറെ പിന്നിലാക്കി ക്ഷേത്ര ഗോപുരവാതില്‍ കടന്നതോടെ കേശവന്‍കുട്ടി വിജയം നേടി. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച മൂന്നാനകളും ആചാര പ്രകാരമുള്ള ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. വിജയിയായ കേശവന്‍കുട്ടിയെ നിറപറവച്ചു പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്വീകരിച്ചു.


ഗുരുവായൂര്‍ ദേവസ്വത്തിലെ 58 ആനകളില്‍ 28 ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ ആനകള്‍ക്കും ക്ഷേത്രത്തിനു പുറത്ത് തെക്കേനടയില്‍ ആനയൂട്ടു നല്‍കി. വിദേശികളടക്കം വന്‍ ജനാവലി ആനയോട്ടം കാണാനെത്തിയിരുന്നു.

തൃശൂര്‍ റേഞ്ച് ഐജി ടി.ജെ.ജോസ്, സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനി, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ആരീഫ് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം.യു. ബാലകൃഷ്ണന്‍, എസ്ഐമാരായ യു.എച്ച്. സുനില്‍ദാസ്, എ.സി. നന്ദുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷാ സംവിധാനങ്ങളൊരുക്കി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരന്‍, എന്‍. രാജു, അഡ്വ. എ. സുരേശന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍, അനില്‍ തറനിലം, അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോക്ടര്‍മാരായ പി.ബി. ഗിരിദാസ്, രാജീവ്, വിവേക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആന വിദഗ്ദ്ധ സംഘം മേല്‍നോട്ടം വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.