മുഖപ്രസംഗം: ബിസിസിഐക്ക് ഇതു പുതിയ തുടക്കമാകട്ടെ
Thursday, March 5, 2015 11:25 PM IST
സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണസമിതിയായ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അസൂയാര്‍ഹമായ നിലയിലാണ്. ലോകത്തിലെ രണ്ടാമത്തെ സമ്പന്ന സ്പോര്‍ട്സ് ഭരണസമിതിയാണിത്. ക്രിക്കറ്റിനു രാജ്യത്തുള്ള ജനപ്രീതിതന്നെയാണ് ഈ സമ്പത്തിനു കാരണം. സമ്പത്തിനൊപ്പം വരുന്ന എല്ലാ തെറ്റുകളും ചീത്തത്തങ്ങളും കുറേക്കാലമായി ബിസിസിഐ ഭരണത്തില്‍ നടമാടുകയായിരുന്നു. ആരുടെയും നിയന്ത്രണത്തിലല്ലാത്ത ഈ സ്വകാര്യ ക്ളബ് കൂട്ടായ്മ ഇപ്പോള്‍ കോടതിയുടെ ഇടപെടലിന്റെ ഫലമായി പുതിയൊരു ഭരണസമിതിയുടെ നിയന്ത്രണത്തിലായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണു ബിസിസിഐയെ അടിമുടി ബാധിച്ച പിഴവുകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ബിസിസിഐ ഭാരവാഹികള്‍തന്നെ ക്ളബ് ഉടമകളായിരിക്കുന്നതു മുതല്‍ നടന്ന കുഴപ്പങ്ങള്‍ പുറത്തായി. കോടതികള്‍ ഇടപെടേണ്ടിവന്നു. എന്നാല്‍, ഐപിഎല്‍ ക്രമക്കേട് അടക്കമുള്ള കാര്യങ്ങളില്‍ ശരിയായ അന്വേഷണമോ വേണ്ട നടപടികളോ ഉണ്ടാകുന്നതിനു തടയിടുകയായിരുന്നു ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ ചെയ്തത്. സുപ്രീംകോടതി കര്‍ക്കശ നിലപാട് എടുത്തശേഷമാണു ശ്രീനിവാസന്‍ സ്ഥാനം ഒഴിയാനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും സാധിച്ചത്.

മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയാണ് പുതിയ ബിസിസിഐ പ്രസിഡന്റ്. ബിസിസിഐയെ സാമ്പത്തികമായും മറ്റുവിധത്തിലും ഉന്നതിയിലെത്തിക്കുന്നതില്‍ വലിയപങ്ക് വഹിച്ചിട്ടുള്ളയാളാണു ഡാല്‍മിയ. ബിജെപി നേതാവ് അനുരാഗ് ഠാക്കുറാണു ജനറല്‍ സെക്രട്ടറി. കേരളത്തില്‍നിന്ന് ഒരു വൈസ് പ്രസിഡന്റും ഇത്തവണ ഉണ്ടായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യുവാണ് ആ പദവിയിലെത്തിയത്.

ശ്രീനിവാസന്‍ സ്വമനസാലെ മാറിനിന്നതല്ല. സുപ്രീംകോടതി കടുത്ത നിലപാടെടുത്തതുമൂലം മാത്രം സ്ഥാനമൊഴിഞ്ഞതും മത്സരിക്കാനിരുന്നതുമാണ്. അടുത്തുവരുന്ന ഭരണസമിതി തന്റെ വരുതിയിലാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്റെ കുറേ അനുയായികളെ പദവികളിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. എന്‍സിപി നേതാവ് ശരദ്പവാറിനും ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നോട്ടമുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയിലെ കീഴ്വഴക്കപ്രകാരം ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമായിരുന്നതിനാല്‍ അതു സാധിച്ചില്ല. ബിസിസിഐയുടെ പ്രവര്‍ത്തനത്തില്‍ ഇനിയും ഉണ്ടാകാവുന്ന സമ്മര്‍ദങ്ങളുടെയും ചേരിതിരിവുകളുടെയും സാധ്യതകളാണ് ഇതിലെല്ലാം കാണാവുന്നത്.

അവ ഉണ്ടായാലും മറ്റാരുടെയെങ്കിലും വരുതിക്കു നില്‍ക്കാന്‍ തയാറില്ലാത്തയാളാണ് ഡാല്‍മിയ എന്നതു ശ്രദ്ധേയമാണ്. ഈ താന്‍പോരിമ ക്രിക്കറ്റിന്റെ നന്മയ്ക്കും ബിസിസിഐയുടെ ശുദ്ധീകരണത്തിനും അദ്ദേഹം വിനിയോഗിക്കണമെന്നാണു ക്രിക്കറ്റ് പ്രേമികള്‍ക്കുള്ള അഭ്യര്‍ഥന. ക്രിക്കറ്റിന്റെ വിപണനസാധ്യത മനസിലാക്കി അതു പരമാവധി മുതലാക്കാന്‍ മുന്നിട്ടു പ്രവര്‍ത്തിച്ചയാളാണ് ഡാല്‍മിയ. എന്നാല്‍ അദ്ദേഹവും ആരോപണങ്ങളില്‍നിന്നു വിമുക്തനല്ല. ധനദുര്‍വിനിയോഗ ആരോപണങ്ങളെത്തുടര്‍ന്നാണ് 2006-ല്‍ ഡാല്‍മിയയെ ബിസിസിഐ നേതൃത്വത്തില്‍നിന്നു മാറ്റിയത്.


അന്നത്തേതില്‍നിന്നു സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. ബിസിസിഐയെ ഒരു പൊതുസ്ഥാപനമായി കണക്കാക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിന്റെ നടത്തിപ്പിനെപ്പറ്റി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ജഡ്ജിമാരുടെ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ബിസിസിഐ പ്രവര്‍ത്തനത്തില്‍ സുതാര്യതയുടെയും കണക്കുബോധിപ്പിക്കലിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നു പ്രത്യാശിക്കാം.

പക്ഷേ, അതു വരുംമുമ്പുതന്നെ, ജനകോടികള്‍ക്കു ഹരംപകരുന്ന ക്രിക്കറ്റിന്റെ നടത്തിപ്പും ഭരണവും ആരോപണമുക്തമാക്കാനുള്ള അവസരമാണു ഡാല്‍മിയയ്ക്കും കൂട്ടര്‍ക്കും ലഭിച്ചിരിക്കുന്നത്. കുറച്ചു പണം മാത്രമുണ്ടായിരുന്നപ്പോള്‍ ഒരു സ്വകാര്യ ക്ളബ് കൂട്ടായ്മപോലെ നടത്തിയിരുന്ന നിലയല്ല ഇന്നു ബിസിസിഐയുടേത്. രാജ്യത്തും പുറത്തും കോടിക്കണക്കായ ജനങ്ങള്‍ ഈ കളി കാണാനുള്ളതുകൊണ്ടാണ് ബിസിസിഐക്ക് സ്പോണ്‍സര്‍ഷിപ്പായും മീഡിയ അവകാശങ്ങളായും ഭീമമായ തുക ലഭിക്കുന്നത്. അവര്‍ കാണുന്നതു കളിക്കളത്തില്‍ കാണുന്ന കളിക്കു പിന്നില്‍ വേറേ കളി അണിയറയില്‍ ഇല്ല എന്ന വിശ്വാസത്തിലാണ്. ഓരോ കളിക്കാരനും ഓരോ ടീമും തങ്ങളുടെ മികവു മുഴുവന്‍ പുറത്തെടുത്തു പൊരുതും എന്നാണു കാണികള്‍ പ്രതീക്ഷിക്കുന്നത്.

അതല്ല നടക്കുന്നതെന്നു വന്നാല്‍ കാണികള്‍ ഇല്ലാതാകും. ഇന്നത്തെ വരുമാനം ഇല്ലാതാകും. ഇതുണ്ടാകാതിരിക്കണമെങ്കില്‍ ക്രിക്കറ്റ് എന്ന ഗെയിമിലെ അനാശാസ്യപ്രവണതകള്‍ ഇല്ലാതാക്കാന്‍ ബിസിസിഐ നേതൃത്വംതന്നെ മുന്‍കൈയെടുക്കണം. അതു ചെയ്താലേ ജനങ്ങള്‍ക്കു കളിയിലും കായികനേതൃത്വത്തിലും വിശ്വാസമുണ്ടാകൂ. അതിനുള്ള ഏറ്റവും നല്ല അവസരമാണിത്.

ഇതോടൊപ്പം കേരളത്തില്‍നിന്ന് ഒരു വൈസ് പ്രസിഡന്റ് ഉണ്ടായിരിക്കുന്നതു കേരളത്തിനു പ്രയോജനപ്പെടുത്താനാകണം. ദേശീയ ക്രിക്കറ്റ് അക്കാഡമി ചെയര്‍മാന്‍കൂടിയാണ് വൈസ് പ്രസിഡന്റായ ടി.സി. മാത്യു. കേരളത്തിന്റെ ക്രിക്കറ്റ് അടിസ്ഥാനസൌകര്യം വികസിപ്പിക്കുന്നതിനു നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നയാളാണ് അദ്ദേഹം. തന്റെ പുതിയ സ്ഥാനവും കേരളത്തിലെ ക്രിക്കറ്റ് വളര്‍ച്ചയ്ക്കും കേരളീയ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയ്ക്കുംവേണ്ടി അദ്ദേഹം ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം, അതു നടക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.