ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ട: ഹൈക്കോടതി
ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ട: ഹൈക്കോടതി
Thursday, March 5, 2015 12:16 AM IST
കൊച്ചി: തിരുവനന്തപുരം ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ നിര്‍ദേശിച്ച പ്രകാരം നടപടി എടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അന്നത്തെ ക്രൈം ഡിഐജി എന്ന നിലയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, സിബി-സിഐഡി ഡിവൈഎസ്പിയായിരുന്ന കെ.കെ. ജോഷ്വ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമോ എന്നു തീരുമാനിക്കുന്നതു സര്‍ക്കാരിന്റെ വിവേചനപരമായ അധികാരമാണെന്നും സിബിഐയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി വേണമെന്നു പറയാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍നിന്നു വിരമിച്ചുവെന്ന കാര്യം സിംഗിള്‍ ബെഞ്ച് ശരിയായ അര്‍ഥത്തില്‍ വിലയിരുത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചതായി പരാതിക്കാരനായ നമ്പി നാരായണന്‍ ഒരിടത്തും പരാതിപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐയുടെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടു ന്യായമാണോ എന്നു മാത്രമാണു സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ വിവേചന അധികാരം ഉപയോഗിച്ചു സ്വീകരിച്ച നിലപാടിനെ എതിര്‍ക്കേണ്ടതില്ല. ഇക്കാര്യത്തില്‍ സിബിഐയുടെ ശിപാര്‍ശയെക്കാള്‍ ഡിജിപി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിനു സിംഗിള്‍ ബെഞ്ച് കൂടുതല്‍ പ്രാധാന്യം നല്‍കണമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തില്ല എന്നതുകൊണ്ടു സര്‍ക്കാര്‍ ശരിയായ അന്വേഷണം നടത്തിയില്ലെന്നു പറയാനാവില്ല. നടപടി എടുക്കേണ്െടന്ന സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം ഊഹാപോ ഹം മാത്രമാണെന്നും ഇതിനു വസ്തുതകളുടെ പിന്‍ബലമില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, പരാതിക്കാരനായ നമ്പി നാരായണന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന കാര്യമൊഴിച്ചുള്ള മറ്റു നിയമനടപടികള്‍ തുടരുന്നതിന് ഈ ഉത്തരവ് തടസമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണ നടപടി എടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാതിരുന്നതില്‍ തെറ്റില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണ പത്രിക നല്‍കി. നടപടി വേണ്െട ന്നാണു നിലപാടെങ്കിലും കോടതിയുടെ തീരുമാനം അംഗീകരിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ചാരക്കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ. ജോഷ്വ, സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടറായിരുന്ന എസ്. വിജയന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വിലയിരുത്തിയാണ് ഇവര്‍ക്കെതിരെ നടപടി വേണമെന്ന് 1996ല്‍ സിബിഐ സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്െടന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി 2011 ജൂണ്‍ 29നു സര്‍ക്കാര്‍ ഉത്തരവിറക്കി.


ഇതിനെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് സിബിഐയുടെ ശിപാര്‍ശ പരിഗണിച്ചു നടപടി സംബന്ധിച്ച് സര്‍ക്കാര്‍ മൂന്നു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് 2014 ഒക്ടോബര്‍ 20ന് ഉത്തരവിട്ടു. ഇതിനെതിരേയാണു സിബി മാത്യൂസും കെ.കെ. ജോഷ്വയും അപ്പീല്‍ നല്‍കിയത്.

സിബിഐയുടെ ശിപാര്‍ശ കണക്കിലെടുത്ത സര്‍ക്കാര്‍സംസ്ഥാ ന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നു വിശദീകരണം തേടി ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്െടന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയില്‍ അപാകതയില്ലാത്തതിനാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയാണെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിബി മാത്യൂസിനു വേണ്ടി അഡ്വ.എം.കെ. ദാമോദരന്‍, അഡ്വ.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ.വി.വി. നന്ദഗോപാല്‍ ന മ്പ്യാര്‍ എന്നിവരും കെ.കെ ജോഷ്വയ്ക്കു വേണ്ടി അഡ്വ.പി.സി. ശശിധരനും ഹാജരായി.

കേസില്‍ ഹൈക്കോടതി പരിഗണിച്ച മൂന്നു വസ്തുതകള്‍

മൂന്നു വസ്തുതകളാണ് ഈ കേസില്‍ പ്രധാനമായും പരിഗണിച്ചതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

1. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന സിബിഐ റിപ്പോര്‍ട്ടിനൊപ്പമുള്ള ശിപാര്‍ശ പരിഗണിച്ചു സര്‍ക്കാര്‍ ഡിജിപിയില്‍നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു. ആവശ്യമായ വിശദീകരണം തേടി ഡിജിപി തയാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി വേണ്െട ന്നു വച്ചത്. ഇതു നിയമപര മായി നിലനില്‍ക്കുന്നതാണ്.

2. സിജെഎം കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചിട്ടുണ്ട്. ഒരു കോടതിയും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു പറഞ്ഞിട്ടില്ല. ഹര്‍ജിക്കാരനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ എസ്. നമ്പി നാരായണന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റഡിയില്‍ പീഡിപ്പിച്ചെന്ന നിലപാട് എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവേചന അധികാരം ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

3. ചാരക്കേസിലെ നടപടി പൂര്‍ത്തിയാക്കി 15 വര്‍ഷത്തിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു പറയുന്നതു ന്യായമല്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാരിനു പരിമിതികളുണ്ട്. വിരമിക്കലിനു നാലു വര്‍ഷം മുമ്പുള്ള കേസുകളില്‍ മാത്രമേ അച്ചടക്ക നടപടി പാടുള്ളൂ എന്നാണു ചട്ടം. ഇതിപ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ഈ മൂന്നു വസ്തുതകളും പരിശോധിച്ചാല്‍ സിബിഐയുടെ റിപ്പോര്‍ട്ട് വേണ്ട തരത്തില്‍ പരിഗണിച്ചാണു നടപടി വേണ്െടന്ന നിഗമനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്നു മനസിലാകും. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു ചൂണ്ടിക്കാട്ടി കേസ് തിരിച്ചയയ്ക്കുന്നതു പാഴ്വേലയാണ്-ഹൈക്കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.