നിസാം നാടുകടന്നതു കര്‍ണാടക പോലീസിന്റെ ഒത്താശയില്‍?
നിസാം നാടുകടന്നതു കര്‍ണാടക പോലീസിന്റെ ഒത്താശയില്‍?
Thursday, March 5, 2015 12:36 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: പ്രമാദമായ ഒരു കൊലക്കേസ് നാട്ടില്‍ നിലനില്‍ക്കെ പ്രതി മുഹമ്മദ് നിസാമിനെ നാടുകടത്തിയതിനു പിന്നില്‍ കര്‍ണാടക പോലീസിന്റെ ഒത്താശ. ബാംഗളൂരു കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റുമായാണു കര്‍ണാടക പോലീസ് വിയ്യൂര്‍ ജയിലില്‍നിന്നു നിസാമിനെ ബംഗളൂരുവിലേക്കു കൊണ്ടുപോയത്. അതീവ രഹസ്യത്തിലും വേഗത്തിലുമാണു നടപടിക്രമം പൂര്‍ത്തീകരിച്ചു നിസാമിനെ കൊണ്ടുപോയത്.

നിസാമിനെതിരേ കാപ്പ ചുമത്തുന്നതിനു ജില്ലാ കളക്ടറുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടും കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശനിയാഴ്ച തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണു പ്രതിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ കര്‍ണാടക പോലീസ് കൊണ്ടുപോയത്. പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം പ്രതിയെ കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുണ്െടങ്കിലും വിവാദമായ ഒരു കേസിലെ പ്രതിയെന്ന നിലയില്‍ കേസ് നിലനില്ക്കുന്ന കോടതിയുടെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചാണു പോലീസ് നടപടിയെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു കോടതിയിലേക്കു പ്രതിയെ മാറ്റണമെങ്കില്‍ കേസ് നിലനില്ക്കുന്ന കോടതിയില്‍ അപേക്ഷിച്ച്, കോടതി അറസ്റ് രേഖപ്പെടുത്തണം. പ്രതിയുടെ സംരക്ഷണം കൊണ്ടുപോകുന്ന പോലീസിന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലായിരിക്കും.

അതിവേഗത്തില്‍ കാറോടിച്ചതു ചോദ്യംചെയ്തപ്പോള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മര്‍ദിച്ചു എന്ന ബംഗളുരു സ്വദേശിയുടെ ഹര്‍ജിയിന്മേലാണു ബംഗളൂരു കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചത്. ബംഗളൂരുവിലെ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുള്ളതിനാല്‍ ഇതില്‍ അസ്വഭാവികതയില്ലെന്നാണു ജയിലധികൃതര്‍ പറയുന്നത്. അടുത്ത മാസം ബംഗളൂരു കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നു നോട്ടീസിലുണ്ടായിരുന്നുവെങ്കിലും ഇന്നലെ രാത്രിതന്നെ കൊണ്ടുപോവുകയായിരുന്നു. ബംഗളൂരുവിലെ കബന്‍പാര്‍ക്ക് പോലീസ് രജിസ്റര്‍ ചെയ്ത കേസില്‍ ഹാജരാക്കാനാണു നിസാമിനെ കൊണ്ടുപോയിരിക്കുന്നത്. ഫെബ്രുവരി 23നാണ് ഇതു സംബന്ധിച്ച ഉത്തരവ് കര്‍ണാടകയില്‍നിന്നു വിയ്യൂര്‍ ജയിലില്‍ കിട്ടിയത്.


ബംഗളൂരുവിലെ കേസില്‍ നിസാമിനു ജാമ്യം ലഭിക്കാനാണു സാധ്യത. നിസാമിനു ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം ഇതോടെ വീണ്ടും കൂടും. ഇതു ചൂണ്ടിക്കാട്ടി വാദമുണ്ടായാല്‍ നിസാമിനു ജാമ്യം അനുവദിക്കണമെന്ന വാദത്തിനു ബലം കൂട്ടുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

വിയ്യൂര്‍ ജയിലില്‍നിന്നു ബംഗളൂരുവിലേക്ക് “കടക്കാനുള്ള” നിസാമിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും ബലപ്പെടുകയാണ്. നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ കോടതി ശനിയാഴ്ച പരിഗണിക്കുന്നതും കാപ്പ ചുമത്താനിരിക്കുന്നതുമെല്ലാം ദോഷമാകുമെന്നു മനസിലാക്കിയാണു നിസാമിന്റെ ബംഗളൂരു ബന്ധം ഉപയോഗപ്പെടുത്തി വിയ്യൂര്‍ ജയിലില്‍നിന്നു വേഗത്തില്‍ പ്രതിയെ കൊണ്ടുപോയതെന്നും സംസാരമുണ്ട്.

ബംഗളൂരു കോടതി ഇയാളെ കൂടുതല്‍ ചോദ്യംചെയ്യാനായി കര്‍ണാടക പോലീസിന്റെ കസ്റഡിയില്‍ വിട്ടാലോ റിമാന്‍ഡ് ചെയ്താലോ പ്രതിയെ പെട്ടന്നു വിയ്യൂരിലേക്കു കൊണ്ടുവരാനാവില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാപ്പ ചുമത്തിയാല്‍ വിയ്യൂരില്‍നിന്നു കണ്ണൂരിലേക്കു നിസാമിനെ മാറ്റേണ്ടി വരും. ഇതും തത്കാലം ഒഴിവാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.