റബര്‍ വില: രാജ്യാന്തര സഹകരണം അനിവാര്യമെന്നു ഡോ. സാല്‍മിയ അഹമ്മദ്
റബര്‍ വില: രാജ്യാന്തര സഹകരണം അനിവാര്യമെന്നു ഡോ. സാല്‍മിയ അഹമ്മദ്
Friday, March 6, 2015 12:20 AM IST
കൊച്ചി: റബര്‍ വിലയിലെ വ്യതിയാനങ്ങളെ അതിജീവിക്കുന്നതിനു റബര്‍ ഉത്പാദക രാജ്യങ്ങള്‍ തമ്മില്‍ രാജ്യാന്തരതലത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്െടന്നു മലേഷ്യന്‍ റബര്‍ ബോര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. സാല്‍മിയ അഹമ്മദ് പറഞ്ഞു. ഇന്ത്യ റബര്‍ മീറ്റില്‍ പ്രകൃതിദത്ത റബറിന്റെ ഭാവമാറ്റങ്ങളോടുള്ള സമീപനങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

വിലയിലെ ഏറ്റക്കുറച്ചിലുകളെ അതിജീവിക്കുന്നതിനു ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും സ്വീകരിക്കാവുന്ന മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാം വിധം ക്രമപ്പെടുത്താവുന്ന വിലസംവിധാനവും ഡോ. സാല്‍മിയ മുന്നോട്ടുവച്ചു.

പ്രകൃതിദത്ത റബര്‍ - ഭാവിയുടെ പദാര്‍ഥം എന്ന വിഷയത്തില്‍ യുകെയിലെ തുന്‍ അബ്ദുള്‍ റസാക്ക് റിസര്‍ച്ച് സെന്ററിലെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.സ്റുവര്‍ട്ട് കുക്ക്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇന്നും നാളെയുടെ സാധ്യതകളും എന്ന വിഷയത്തില്‍ പ്രൈസ്വാട്ടര്‍ഹൌസ് കൂപ്പേഴ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ത്രിപാഠി എന്നിവര്‍ സെമിനാര്‍ നയിച്ചു. പരിമിത വിഭവങ്ങള്‍ - അനന്ത സാധ്യതകള്‍ എന്ന വിഷയത്തില്‍ നടത്തിയ പാനല്‍ ചര്‍ച്ചയ്ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എ.കെ.കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി. ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബുധ്രാജ, ഓള്‍ ഇന്ത്യ റബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.ടി. തോമസ്, അസോസിയേഷന്‍ ഓഫ് പ്ളാന്റേഴ്സ് ഓഫ് കേരള ചെയര്‍മാന്‍ സി. വിനയരാഘവന്‍, ഇന്ത്യന്‍ റബര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സിബി ജെ. മോനിപ്പള്ളി, വീരേന്ദ്ര റാത്തോഡ്, രാജേന്ദ്ര വി. ഗാന്ധി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. അടുത്ത വര്‍ഷത്തെ ഇന്ത്യ റബര്‍ മീറ്റ് (ഐആര്‍എം 2016) ഗോവയില്‍ നടത്തുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.എ. ജയതിലക് യോഗത്തെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.