ഐക്യകേരള പിറവിയുടെ അറുപതാം വാര്‍ഷികത്തിന് ഒരു വര്‍ഷത്തെ ആഘോഷം
Saturday, March 7, 2015 12:05 AM IST
തിരുവനന്തപുരം: ഐക്യകേരളത്തിന്റെ അറുപതാം വാര്‍ഷികം പ്രമാണിച്ച് ഈ വര്‍ഷം നവംബര്‍ മുതല്‍ അടുത്ത വര്‍ഷം നവംബര്‍ വരെ ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി പരിപാടികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ അറുപതു വര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും വികസനങ്ങളും വിളംബരം ചെയ്യുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

ട്രഷറി സേവിംഗ്സ് ബാങ്കിനു വേണ്ടിയുള്ള കോര്‍ ബാങ്കിംഗ് സോഫ്റ്റ്വെയര്‍ ഈ മാസം പൂര്‍ത്തീകരിക്കുന്നതോടെ വൈദ്യുതി ബില്‍, വെള്ളക്കരത്തിന്റെ ബില്‍ തുടങ്ങിയ യൂട്ടിലിറ്റി പേയ്മെന്റുകള്‍, കെഎസ്എഫ്ഇ ചിട്ടിയിലേക്കുള്ള പണം നല്‍കല്‍, മുതലായവ ട്രഷറികള്‍ മുഖേന സ്വീകരിക്കാന്‍ സാധിക്കും.


മീനച്ചില്‍, വാമനപുരം, അച്ചന്‍കോവില്‍, ചാലിയാര്‍ എന്നീ നാലു നദികളില്‍ ഒഴുകിവരുന്ന വെള്ളം സംഭരിക്കുന്ന ചെറിയ ജലസംഭരണികളുടെ നിര്‍മാണം ഏറ്റെടുക്കും. തൊടുപുഴയില്‍ ജലസേചന മ്യൂസിയം ആരംഭിക്കും.

അംഗപരിമിതര്‍ക്കായി സമഗ്രനയം ആവിഷ്കരിക്കും. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറിനുള്ള സമഗ്രപരിപാടിയും നടപ്പിലാക്കും. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ എറണാകുളത്ത് ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്റര്‍ സ്ഥാപിക്കും. കുടുംബശ്രീ ബ്ളോക്ക് തലത്തില്‍ കാര്‍ഷികോത്പന്ന വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും.

കടലാസ് രഹിതമായ ഓഫീസ് നടപ്പിലാക്കുവാന്‍ സെക്രട്ടേറിയറ്റിലെ പത്തു വകുപ്പുകളില്‍ നടപ്പിലാക്കിയ ഇ- ഓഫീസ് സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.