എംജി സര്‍വകലാശാല കലോത്സവം: എറണാകുളം കോളജുകള്‍ കുതിപ്പു തുടങ്ങി
എംജി സര്‍വകലാശാല കലോത്സവം: എറണാകുളം കോളജുകള്‍ കുതിപ്പു തുടങ്ങി
Saturday, March 7, 2015 12:39 AM IST
കോട്ടയം: ഹോളി ആഘോഷത്തിന്റെ നിറച്ചാര്‍ത്തുകളില്‍ കലോത്സവ വേദികള്‍ നിറഞ്ഞാടിയപ്പോള്‍ പതിവുപോലെ എറണാകുളം കോളജുകള്‍ മുന്നില്‍. പകലിന്റെ ചൂടു വേനല്‍ മഴയുടെ തലോടലില്‍ അലിഞ്ഞ ദിനത്തില്‍ ഭരതനാട്യവും ഏകാംഗ അഭിനയവും ഓട്ടന്‍തുള്ളലും വേദികളില്‍ നിറഞ്ഞു.

കോട്ടയത്തു നടക്കുന്ന എംജി സര്‍വകലാശാല കലോത്സ വത്തില്‍ മിമിക്രി മത്സരത്തിനിടെയായിരുന്നു വേനല്‍മഴയുടെ കരഘോഷം. ബസേലിയസ് കോളജിലെ വേദിയില്‍ കഥകളി മത്സരം കാണാനും ഏറെപ്പേരെത്തി. ഇന്നു പ്രധാനവേദിയില്‍ നാടോടിനൃത്തം നടക്കും. സിഎംഎസ് കോളജിലെ രണ്ടാം വേദിയില്‍ മാപ്പിളകലകളായ ദഫ്മുട്ടും കോല്‍ക്കളിയും വിരുന്നിനെത്തും. ഫോട്ടോഗ്രഫി മത്സരവും രചനാമത്സരവും ക്ളേമോഡലിംഗ് ഇന്നു നടക്കും. ഇന്നലെയും മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകിയാണു തുടങ്ങിയത്. മിക്ക വേദികളിലും മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രാവേറേയായി.

ഇന്നലെ 18 മത്സരങ്ങളാണു വിവിധ വേദികളിലായി നടന്നത്. പ്രധാന വേദിയില്‍ നടക്കുന്ന സ്കിറ്റും ബസേലിയസ് കോളജിലെ വേദിയില്‍ നടക്കുന്ന കേരളനടനം മത്സരങ്ങളും തീര്‍ന്നപ്പോള്‍ പുലര്‍ച്ചെയായി. ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജിലെ വി.ആര്‍. അക്ഷയ്ദാസ് ഒന്നാം സ്ഥാനം നേടി. തേവര എസ്എച്ച് കോളജ് ടീം മൈം മത്സരത്തില്‍ ഒന്നാമതെത്തിയപ്പോള്‍ തിരുവാതിരകളിയില്‍ മാറമ്പള്ളി എംഇഎസ് കോളജ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓട്ടംതുള്ളല്‍ മത്സരത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ കെ.പി. ആര്യ വിജയിയായി. കഥകളിയിലും മഹാരാജാസിനാണ് ഒന്നാം സ്ഥാനം.


പുതുമകളില്ലാതെ മോണോ ആക്ട് വേദി


കോട്ടയം: സ്ത്രീപീഡനവും മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ഉള്‍പ്പെടെ പതിവു വിഷയങ്ങള്‍ നിറഞ്ഞുനിന്ന മോണോ ആക്ട് വേദിയില്‍ ആവര്‍ത്തന വിരസമായി. കലോത്സവത്തിന്റെ ഒന്നാം വേദിയായ തിരുനക്കര മൈതാനത്താണ് ഏകാംഗ അഭിനയ മത്സരം അരങ്ങേറിയത്. ചുംബന സമരവും മോണോആക്ട് വേദിയിലെത്തി. കാഴ്ചക്കാരും തീരെ കുറവായിരുന്നു. സദാചാര പോലീസും ചുംബന സമരവും അവതരിപ്പിച്ച ആലുവ യു.സി കോളജിലെ നീനു രാജീവ് ഒന്നാം സ്ഥാനം നേടി.


തുള്ളലില്‍ ടെന്‍ഷനടിച്ചു ഹൈബി ഈഡന്‍


കോട്ടയം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും പ്രതിപക്ഷ ബഹിഷ്കരണവും നടക്കുമ്പോള്‍ ഭാര്യയുടെ ഓട്ടന്‍തുള്ളലിനു താളംപിടിച്ചു കലോത്സവവേദിയില്‍ യുവഎംഎല്‍എ ഹൈബി ഈഡന്‍. എറണാകുളം ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ഹൈബി ഈഡന്റെ ഭാര്യയുമായ അന്ന ലിന്‍ഡ ഇന്നലെ ബസേലിയസ് കോളജില്‍ നടന്ന ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പങ്കെടുത്തതു കാണാനാണു ഹൈബി എത്തിയത്.


'ഗരുഡഗര്‍വഭംഗം' എന്ന കഥയിലെ ഗരുഡനും ഹനുമാനും തമ്മിലുള്ള സംവാദം അവതരിപ്പിച്ച അന്ന ഓട്ടന്‍തുള്ളലില്‍ രണ്ടാം സ്ഥാനവും നേടിയാണു വേദി വിട്ടത്. അന്നയും ഹൈബി ഈഡനും ഒരുമിച്ചാണു ഇന്നലെ രാവിലെ എറണാകുളത്തുനിന്ന് എത്തിയത്. ഓട്ടന്‍തുള്ളലിനു മേക്കപ്പിടുന്ന സമയം മുതല്‍ ഓട്ടന്‍ തുള്ളല്‍ വേദിയില്‍ അവതിരിപ്പിക്കുന്ന സമയം വരെയും ഹൈബി ഭാര്യയൊടൊപ്പമുണ്ടായിരുന്നു. വിവാഹിതയായതിനുശേഷം ആദ്യമായിട്ടാണു അന്ന മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നത്. കലാമണ്ഡലം ഗീതാനന്ദനാണു ഗുരു. വര്‍ഷങ്ങള്‍ക്കു മുമ്പു കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അന്ന ഓട്ടന്‍തുള്ളലിനും കഥാപ്രസംഗത്തിനും മോണോ ആക്ടിനും സമ്മാനം നേടിയിരുന്നു. ഇന്നു നടക്കുന്ന കഥാപ്രസംഗ മത്സരത്തിലും അന്ന പങ്കെടുക്കും.


കലോത്സവവേദികളില്‍ ഹോളി ആഘോഷവും



കോട്ടയം: നിറങ്ങളില്‍ നിരാടി കലോത്സവവേദികളില്‍ വിദ്യാര്‍ഥികള്‍. ഇന്നലെ ഉച്ചകഴിഞ്ഞു കാമ്പസിന്റെ വിവിധ കോണുകളില്‍ വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിച്ചത്. ചുവപ്പും പച്ചയും നീലയും മഞ്ഞയും അടക്കമുള്ള നിറങ്ങള്‍ പരസ്പരം വാരിവിതറിയ വിദ്യാര്‍ഥികള്‍ കലോത്സവ നഗരികളെ കളര്‍ഫുള്ളാക്കി. കുട്ടികള്‍ വിവിധ നിറത്തിലുള്ള പൊടികള്‍ പരസ്പരം വിതറിയപ്പോള്‍ ആദ്യം ആര്‍ക്കും ഒന്നും മനസിലായില്ല. പീന്നിടാണ് ഉത്തരേന്ത്യയില്‍ നടന്നു വരുന്ന ഹോളി ആഘോഷം കുട്ടികളും ആഘോഷിക്കുകയാണെന്ന് മനസിലായത്. പലരും ഹോളിആഘോഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു. മുഖത്തും ശരീരത്തിലും വിവിധ വര്‍ണങ്ങളിലുള്ള ചായം പൂശിയ വിദ്യാര്‍ഥികള്‍ പിന്നീടു സെല്‍ഫി എടുക്കാനും മത്സരിച്ചു. കലോത്സവത്തിലെ പ്രധാന വേദിയായ സിഎംഎസ് കോളജ് കാമ്പസിലായിരുന്നു ഹോളി ആഘോഷം നടന്നത്. മുഖത്തും ശരീരത്തിലും വിവിധ നിറങ്ങളിലുള്ള ചായം പൂശിയ വിദ്യാര്‍ഥികളെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്കും കൌതുകമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.