സെസ് തുക ഉപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു 3000 വീട് നിര്‍മിച്ചു നല്‍കും: ഉമ്മന്‍ ചാണ്ടി
സെസ് തുക ഉപയോഗിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു   3000 വീട് നിര്‍മിച്ചു നല്‍കും: ഉമ്മന്‍ ചാണ്ടി
Saturday, March 28, 2015 12:18 AM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം പെട്രോള്‍- ഡീസല്‍ സെസ് തുക ഉപയോഗിച്ച് 3000 മത്സ്യത്തൊഴിലാളികള്‍ക്കു വീടു നിര്‍മിച്ചു നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി ധനസഹായ വിതരണവും വിജെടി ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനായി ആറരലക്ഷം രൂപ വച്ച് 48 കോടി രൂപയുടെ പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. സ്ഥലവും വീടുമില്ലാത്തവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാനായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്്. മത്സ്യത്തൊഴിലാളികള്‍ക്കുളള സൌജന്യ മണ്ണെണ്ണ വിതരണത്തിനുള്ള നടപടി ഉടന്‍ സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ ഇളവു നല്‍കിയിട്ടുണ്ട്. അതെത്ര നാള്‍ തുടരുമെന്നറിയില്ല.

തീരദേശ സംരക്ഷണ നിയമം കര്‍ശനമാക്കിയതോടെ തീരദേശത്തുവസിക്കുന്നവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സിആര്‍ഇസഡ് വ്യവസ്ഥകളില്‍ മാറ്റം വരുത്താനും മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനും ശ്രമം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികള്‍ക്ക് വീടു നല്‍കാനാണു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതെന്നു മന്ത്രി കെ. ബാബു പറഞ്ഞു.


85 മത്സ്യത്തൊഴിലാളി കോളനികളില്‍ 75 വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ രണ്ടുലക്ഷം രൂപ വീതം നല്‍കിയതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത 27 ഗുണഭോക്താക്കള്‍ക്ക് 9.72 ലക്ഷം രൂപയുടെ ധനസഹായമാണ് ഇന്നലെ മുഖ്യമന്ത്രി വിതരണംചെയ്തത്. മത്സ്യബന്ധനത്തിനുള്ള കട്ടമരം, മത്സ്യവില്പനയ്ക്കുള്ള ഓട്ടോ എന്നിവയുടെ വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു.

എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ജമീലാ പ്രകാശം, പൊഴിയൂര്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തീരദേശ വികസന കോര്‍പറേഷന്‍ എംഡി ഡോ. കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി സ്വാഗതവും തീരദേശ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ കെ.എം. ലതി നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.