രാത്രിയാത്രക്കാര്‍ക്കു വീണ്ടും റെയില്‍വേയുടെ ഇരുട്ടടി; മംഗലാപുരം എക്സ്പ്രസ് അടക്കമുള്ളവ വൈകിച്ചു
Monday, March 30, 2015 12:30 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രാത്രിയാത്രക്കാരെ ദുരിതക്കയത്തിലാക്കി തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ട്രെയിന്‍ അടക്കമുള്ളവ വീണ്ടും വൈകിപ്പിച്ചു കൊണ്ടു റെയില്‍വേ രംഗത്ത്. തിരുവനന്തപുരത്തു നിന്നു കോട്ടയം വഴിയുള്ള പ്രതിദിന ട്രെയിനുകളായ മംഗലാപുരം എക്സ്പ്രസ് രണ്ടു മണിക്കൂറോളവും അമൃത- രാജ്യാറാണി എക്സ്പ്രസ് അരമണിക്കൂറും വൈകിപ്പിച്ചു കൊണ്ടാണു റെയില്‍വേ യാത്രക്കാരെ വലയ്ക്കുന്നത്. ഇവയുടെ സമയക്രമം തെറ്റുന്നതിന് അനുസരിച്ചു ഗുരുവായൂര്‍ എക്സ്പ്രസും വൈകും.

കഴിഞ്ഞ രണ്ടു മാസത്തോളം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒരാഴ്ച മുമ്പാണ് അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ മുതല്‍ മേയ് നാലു വരെ വീണ്ടും നിയന്ത്രണം തുടരുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. കോട്ടയം പാതയില്‍ പാത ഇരട്ടിപ്പിക്കല്‍ പണികള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണു ട്രെയിനുകള്‍ വൈകുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്.

ട്രെയിനുകള്‍ വൈകിപ്പിച്ചതോടെ ദിനംപ്രതി യാത്ര നടത്തുന്ന ഹ്രസ്വദൂര യാത്രക്കാരാണു കൂടുതലായി പ്രതിസന്ധിയിലായത്. യാത്രാ ദുരിതം പരിഹരിക്കാന്‍ രാത്രി 8.40നു തിരുവനന്തപുരത്തു നിന്നു കായംകുളം വരെ പാസഞ്ചര്‍ ട്രെയിന്‍ നടത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. രാത്രി 7.40 നുള്ള മെമു ട്രെയിന്‍ സര്‍വീസ് തിരുവനന്തപുരം വിട്ടാല്‍ കൊല്ലം ഭാഗത്തേയ്ക്ക് അടുത്ത ട്രെയിനിനായി മൂന്നു മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. 7.30 നു പുറപ്പെടുന്ന മാവേലി എക്സ്പ്രസിനു പിന്നാലെ പത്തു മിനിട്ടിനകമാണു കന്യാകുമാരി- കൊല്ലം മെമു സെന്‍ട്രല്‍ സ്റേഷനില്‍ നിന്നു പുറപ്പെടുന്നത്. രാത്രി 9.15 ന് കൊല്ലത്ത് എത്തുന്ന വിധത്തിലാണ് മെമുവിന്റെ സമയക്രമം.


മെമു സര്‍വീസ് രാത്രി എട്ടിനോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന വിധത്തില്‍ താത്കാലികമായി പുനഃക്രമീകരിച്ചാല്‍ യാത്രാക്ളേശം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. ഈ സമയങ്ങളില്‍ പാതയില്‍ മറ്റു ട്രെയിനുകളില്ലാത്തതിനാല്‍ മെമു വൈകിയോടിക്കുന്നതിനു പ്രായോഗികമായ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നു യാത്രക്കാര്‍ പറയുന്നു.

തലസ്ഥാന നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ രാത്രി 8.40 നുള്ള മംഗലാപുരം എക്സ്പ്രസിനെ ആശ്രയിച്ചിരുന്നു. പേട്ട, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍, മയ്യനാട്, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം വരെയുള്ള സ്റേഷനുകളിലെ പ്രതിദിന യാത്രികര്‍ മംഗലാപുരം എക്സ്പ്രസിനെ ആശ്രയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.