ദക്ഷിണ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ സുനില്‍ ലാംബാ ചുമതലയേറ്റു
ദക്ഷിണ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ സുനില്‍ ലാംബാ ചുമതലയേറ്റു
Tuesday, March 31, 2015 12:48 AM IST
കൊച്ചി: ദക്ഷിണ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ സുനില്‍ ലാംബാ ചുമതലയേറ്റു. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ നേവല്‍ കമാന്‍ഡ് പരേഡ് ഗ്രൌണ്ടില്‍ അദ്ദേഹം സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു.

ദക്ഷിണ നാവിക സേന ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് സ്ഥാനമൊഴിഞ്ഞ വൈസ് അഡ്മിറല്‍ സുരീന്ദര്‍ പാല്‍ സിംഗ് ചീമയ്ക്ക് സേനാംഗങ്ങള്‍ ആചാരപരമായ യാത്രയയപ്പു നല്‍കി. പശ്ചിമ നാവികസേനാ മേധാവിയായി നിയമിതനായതിനെത്തുടര്‍ന്നാണ് വൈസ് അഡ്മിറല്‍ ചീമ സ്ഥാനം ഒഴിഞ്ഞത്.

ഏത് അടിയന്തരസാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ നാവികസേന സജ്ജമാണെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ വൈസ് അഡ്മിറല്‍ ചീമ പറഞ്ഞു. ലോകത്ത് മറ്റെവിടെയും ലഭ്യമാകുന്നതിനെക്കാള്‍ മികച്ച പരിശീലനവും അടിസ്ഥാന സൌകര്യങ്ങളും ദക്ഷിണ നാവിക സേനയ്ക്കുണ്ട്. ഇന്ത്യന്‍ നാവികസേനയ്ക്ക് മുതല്‍ക്കൂട്ടാണ് കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രം. മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും ആയുധബലത്തിലും മികച്ച പരിശീലനത്തിലും ഇന്ത്യന്‍ നാവികസേന മുന്‍പന്തിയിലാണ്. രാജ്യത്തെ ഏറ്റവും മികച്ച കമാന്‍ഡ് ആണ് ദക്ഷിണ നാവികസേനയുടേതെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരുമ്പോള്‍ തീര സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്െടന്നും വൈസ് അഡ്മിറല്‍ എസ്.പി.എസ്. ചീമ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മാറിയ സാഹചര്യങ്ങളില്‍ തീര സുരക്ഷ കനത്ത വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ നാവികസേനയുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ഏതു സാഹചര്യത്തെയും നേരിടാന്‍ സേന സജ്ജമാണ്. കൊച്ചിയിലെ നാവിക കമാന്‍ഡ് തന്ത്രപ്രധാനമായ കേന്ദ്രമാണ്.

തീര സുരക്ഷയ്ക്കായി സഹകരിക്കുന്ന മത്സ്യത്തൊഴിലാളികള്‍, പോലീസ്, തീര രക്ഷാസേന, മറൈന്‍ പോലീസ്, നാവിക സേനാംഗങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇന്നലെ ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റ വൈസ് അഡ്മിറല്‍ സുനില്‍ ലാംബാ നേരത്തെ കൊച്ചിയില്‍ ചീഫ് ഓഫ് സ്റാഫ് ആയും ഫ്ളാഗ് ഓഫീസര്‍ സീ ട്രെയിനിംഗ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.