നികേഷ്കുമാര്‍ മൊഴി നല്‍കി
Tuesday, March 31, 2015 12:49 AM IST
കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ടര്‍ ടിവി എംഡി എം.വി. നികേഷ്കുമാര്‍ മൊഴി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡല്‍ഹി പ്രതിനിധിയായ രാധാകൃഷ്ണനുമായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖയുടെ പകര്‍പ്പ് കമ്മീഷനു കൈമാറി.

ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 27നു നടന്ന ദേശീയ ആസൂത്രണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി സരിതയുമായി വിജ്ഞാന്‍ഭവനില്‍ കൂടിക്കാഴ്ച നടത്തിയെന്നു തോമസ് കുരുവിള പറഞ്ഞിരുന്നു. കൂടാതെ 27നു നടന്ന ആസൂത്രണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ ക്ഷണക്കത്തും കമ്മീഷനു നല്‍കി. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിശ്വാസത്തിലെടുത്താണു പണം കൈമാറിയതെന്നു പരാതിക്കാരനായ പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായര്‍ റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിന്റെ കോപ്പി കമ്മീഷനു നല്‍കി.


കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലുമായി ആലപ്പുഴയിലെ വസതിയില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി സരിത പറഞ്ഞതായി ഇന്ത്യാ ടുഡേയുടെ പ്രതിനിധി ബിന്ദുരാജ് കമ്മീഷനു മൊഴി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.