വാളയാറില്‍ ലോറി ഉടമകളുടെ സമരം തുടങ്ങി; ചരക്കുനീക്കം സ്തംഭിക്കും
വാളയാറില്‍ ലോറി ഉടമകളുടെ സമരം തുടങ്ങി; ചരക്കുനീക്കം സ്തംഭിക്കും
Wednesday, April 1, 2015 12:01 AM IST
സ്വന്തം ലേഖകന്‍

പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസി(എഐഎംടിസി) ന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പാലക്കാട് ജില്ലയുടെ അതിര്‍ത്തി ചെക്ക്പോസ്റുകളായ വാളയാര്‍, വേലന്താവളം, ഗോപാലപുരം, കോഴിപ്പാറ, മീനാക്ഷിപുരം, നടുപ്പുണി തുടങ്ങി ഏഴു ചെക്ക് പോസ്റുകള്‍ വഴി കേരളത്തിലേക്കു ചരക്കുലോറികള്‍ വരുകയോ പുറത്തേക്കു പോവുകയോ ചെയ്യില്ല. പ്രത്യേകിച്ച് കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതിനാല്‍ ഇവിടങ്ങളില്‍ സമരം രൂക്ഷമാകും. ഇന്നു പുലര്‍ച്ചെ മുതലാണ് സമരം തുടങ്ങിയത്.

മറ്റു ചെക്കുപോസ്റുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്െടങ്കിലും പ്രധാന ചെക്ക്പോസ്റായ വാളയാര്‍ വഴിയുള്ള ചരക്കുനീക്കം സ്തംഭിച്ചാല്‍ സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്ന ഭീഷണിയുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ചെക്ക്പോസ്റുകള്‍ വഴിയുള്ള ചരക്കുനീക്കവും ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിവയ്ക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ തീരുമാനത്തില്‍നിന്ന് ലോറി ഉടമകള്‍ പിന്നോട്ടുപോവുകയായിരുന്നു. ഇന്നലെ ധനമന്ത്രി കെ.എം. മാണി ലോറിയുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നെങ്കിലും സമരത്തിന്റെ തലേദിവസം വിളിച്ച ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നുപറഞ്ഞ് ലോറിയുടമകള്‍ പങ്കെടുത്തില്ല. നിലവില്‍ പത്തുദിവസം മുമ്പേതന്നെ തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ കേരളത്തിലേക്കു ചരക്കെടുക്കുന്നില്ല.


വാളയാര്‍ ചെക്ക്പോസ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 2013 ജൂലൈ 22നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ച മിക്ക കാര്യങ്ങളും നടപ്പായിട്ടില്ലെന്നു ലോറിയുടമകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വണ്ടികള്‍ക്കു വേഗം ക്ളിയറന്‍സ് ലഭിക്കാനായി ചെക്ക്പോസ്റില്‍ സ്കാനിംഗ് മെഷീനും കാമറകളും സ്ഥാപിക്കുക, സുഗമമായ ചരക്കു നീക്കത്തിനു ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുക, വാഹനം പാര്‍ക്ക് ചെയ്യാന്‍ സൌകര്യമൊരുക്കുക, വാളയാര്‍ ചെക്ക്പോസ്റിനു സമീപം സംയുക്ത പരിശോധനയ്ക്കായി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത സ്ഥലത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ് തുടങ്ങുക, വാണിജ്യ നികുതി ചെക്ക് പോസ്റില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, ചെക്ക് പോസ്റിലെത്തുന്ന ലോറി ജീവനക്കാര്‍ക്കു പ്രാഥമിക ആവശ്യത്തിനുവേണ്ടി ശൌചാലയങ്ങളും കുടിവെള്ളസൌകര്യവും വിശ്രമകേന്ദ്രവും നിര്‍മിച്ചു നല്കുക തുടങ്ങിയ ആവശ്യങ്ങളാണ് ലോറിയുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഈ ആവശ്യങ്ങള്‍ നടത്തിത്തരാമെന്നു മുഖ്യമന്ത്രി പറഞ്ഞത് ഇതുവരെയും നടപ്പാക്കിയില്ലെന്നും നടപ്പാക്കുംവരെ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ എഐഎംടിസി ചെയര്‍മാന്‍ ജി.ആര്‍. ഷണ്‍മുഖപ്പ, കോയമ്പത്തൂര്‍ ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ആര്‍. അറുമുഖം, കേരള തമിഴ്നാട് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.നന്ദകുമാര്‍, കേരള സ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.