മാനസാന്തരം എന്ന പുതിയ ജീവിതത്തുടക്കം
മാനസാന്തരം എന്ന പുതിയ ജീവിതത്തുടക്കം
Wednesday, April 1, 2015 12:28 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-45

അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാല്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞു നടക്കുമെന്നും എങ്ങും സ്ഥലം ലഭിക്കാതെവരുമ്പോള്‍ തിരികെ വന്നു താനിറങ്ങിപ്പോന്ന ഭവനം ശ്രദ്ധിക്കുമെന്നും അതു സജ്ജീകൃതമായും ആളൊഴിഞ്ഞും കിടക്കുന്നതു കാണുമ്പോള്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ ഏഴുപേരെക്കൂടെ കൊണ്ടുവന്നു താനിറങ്ങിപ്പോന്ന സ്ഥലത്തു കയറിപ്പാര്‍ത്ത് ആ മനുഷ്യന്റെ സ്ഥിതി കൂടുതല്‍ ദയനീയമാക്കുമെന്നും വിശുദ്ധ ബൈബിളില്‍ നാം വായിക്കുന്നുണ്ട്. അശുദ്ധിയും തിന്മകളുമൊക്കെ തുടച്ചുനീക്കാന്‍ ഇച്ഛിക്കുന്നവര്‍ ക്രിസ്തുവിന്റെ ഈ പ്രബോധനത്തെ ഗൌരവമായി ധ്യാനിക്കേണ്ടതും സ്വന്തം ജീവിതത്തിന്റെ അവസ്ഥകള്‍ തിരിച്ചറിയേണ്ടതുമാണ്. അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോകുന്നത് എപ്പോഴാണ്? അതിന് അവനില്‍ വസിക്കാന്‍ ഒരു വഴിയും ഇല്ലാതെ വരുമ്പോള്‍, എന്നുവച്ചാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു കഴിഞ്ഞാല്‍, പിന്നെ അശുദ്ധാത്മാവിന് അവിടെ സ്ഥാനമില്ല. ഒരുവന്‍ പണക്കാരനോ പാവപ്പെട്ടവനോ ബുദ്ധിയുള്ളവനോ ബുദ്ധി കുറഞ്ഞവനോ ഇതൊന്നും അശുദ്ധാത്മാവിനു വിഷയമല്ല. എന്നാല്‍, ഒരുവന്‍ മാനസാന്തരത്തിലേക്ക് എത്തുന്നത് അശുദ്ധാത്മാവിനു സൃഷ്ടിക്കുന്നതു പ്രതിസന്ധികളാണ്. ഇത്തരം പ്രതിസന്ധിയിലാണ് അശുദ്ധാത്മാവ് ഒരുവനെ വിട്ടു യാത്രയാവുക.

മാനസാന്തരം പുതിയ ജീവിതത്തുടക്കമാണ്. ജീവിച്ചുവന്നതിലുള്ള കുറവുകള്‍ തിരിച്ചറിഞ്ഞു ജീവിത ദിശാഗതികളില്‍ മാറ്റം വരുത്തുമ്പോള്‍ ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടാകുന്നു. ഇത്തരം അടുക്കിനെയും ചിട്ടയെയും കുറിച്ചുള്ള പരാമര്‍ശമാണ് അടിച്ചുവാരി സജ്ജീകൃതമായ വീട് എന്നുള്ളത്. അടിച്ചുവാരി സജ്ജമാക്കുക എന്നതിനു വ്യത്യസ്ത ഭാവങ്ങളുണ്ട്. മാറ്റമുണ്ടാകണം എന്ന തോന്നലില്‍ രൂപം കൊണ്ട് വളരെ പെട്ടെന്നു മനുഷ്യന്‍ കുറെ അടുക്കും ചിട്ടയും കൈവരിക്കാന്‍ ശ്രമിക്കും. പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ക്കു വലിയ ആയുസുണ്ടാവില്ല. മാറണം എന്ന ആഗ്രഹം ജനിക്കേണ്ടത് ഒരുവന്റെ ആന്തരികതയില്‍ നിന്നാണ്. ബാഹ്യ സാഹചര്യങ്ങള്‍ ഒരാളില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ സമ്മര്‍ദങ്ങളില്‍ വഴങ്ങിയോ അഥവാ മറ്റുള്ളവര്‍ ചെയ്യുന്നതു കണ്േടാ, മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നവര്‍, അധികം താമസിയാതെ അതില്‍നിന്നു പിന്മാറും. കാരണം, അത് അവരുടെ ഉള്‍ത്തലത്തില്‍ നിന്നു രൂപം കൊണ്ടതല്ല. എന്നാല്‍, അനുഭവങ്ങളുടെ വെളിച്ചത്തില്‍ ബോധ്യങ്ങളിലൂടെ ഉരുത്തിരിയുന്ന മാനസാന്തരങ്ങള്‍ക്കു സ്ഥായീഭാവമുണ്ടായിരിക്കും.

അങ്ങനെയുള്ള മാനസാന്തരങ്ങള്‍ ജീവിതത്തിന് ഒരു ക്രമമുണ്ടാക്കുക മാത്രമല്ല ആത്മാവിനെ ദൈവകൂടാരമാക്കുകയും ചെയ്യും. അതിലെപ്പോഴും ദൈവസാന്നിധ്യം ജ്വലിച്ചുകൊണ്േടയിരിക്കും. ആവേശങ്ങള്‍ പകരുന്ന മാനസാന്തരത്തില്‍ സമയത്തിന് എണ്ണയൊഴിക്കാനോ ദീപം തെളിക്കാനോ കൃത്യമായി എല്ലാം അടുക്കും ചിട്ടയുമായി വയ്ക്കാനോ കഴിഞ്ഞെന്നു വരില്ല. ആവേശങ്ങള്‍ തീരുമ്പോള്‍ മാനസാന്തരങ്ങള്‍ കഴിയും. തത്ഫലമായി ആത്മാവ് ആളൊഴിഞ്ഞ കൂടാരമായി മാറും. ആളൊഴിഞ്ഞ കൂടാരങ്ങളിലേക്കാണ് അലഞ്ഞുതിരിയുന്ന ദുഷ്ടാരൂപി എത്തുക. ആത്മാവ് എന്ന കൂടാരം ദൈവം തന്നെയാണു മനുഷ്യനു സമ്മാനിച്ചത്. എന്നാല്‍, അതില്‍ വസിക്കാന്‍ മനുഷ്യന്‍ തന്നെ ക്ഷണിക്കുമ്പോഴാണു ദൈവം അതില്‍ വസിക്കുക.


പക്ഷേ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഒരിക്കല്‍ ദൈവത്തെ ആത്മാവില്‍ കുടിയിരുത്തിയാല്‍ പിന്നെ ദൈവം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നത് എങ്ങനെ? ദൈവത്തെ ആത്മാവില്‍ കുടിയിരുത്തുന്നത് ഒരു കോണ്‍ട്രാക്ട് ഏതാനും കാലയളവിലേക്കു നല്‍കുന്നതു പോലെയല്ല. മറിച്ച് അത് എല്ലാ ദിവസവും ദൈവമുമ്പില്‍ നമ്മള്‍ നടത്തുന്ന ഒരു സമര്‍പ്പണത്തിന്റെ ഭാഗമാണ്. എല്ലാ നിമിഷങ്ങളിലും നാം ദൈവമനസിനു കീഴ്വഴങ്ങുന്നതിന്റെ ഭാഗമാണ്. ദൈവം രാജാവായി ആത്മാവില്‍ വാഴുമ്പോള്‍, സംസാരിക്കുമ്പോള്‍, ഇടപെടുമ്പോള്‍ ഒരിക്കല്‍ ഇറക്കിവിട്ട പിശാചിന് തിരികെ വന്നുകയറാനുള്ള എല്ലാ പഴുതുകളും അടഞ്ഞുപോകും. പിശാച് കടന്നുവരുന്ന പഴുതുകള്‍ അടയ്ക്കുകയായിരുന്നു ഈ ദിവസങ്ങളില്‍ നാം ചെയ്ത മനോഹര കാര്യം. തപസിന്റെ കാലം കഴിയരുതെന്നു ചിലരെങ്കിലും പ്രത്യേകിച്ചു ചില അമ്മമാര്‍ ആഗ്രഹിച്ചിട്ടുണ്ടാവും. കാരണം തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇത്രയും ദിവസങ്ങള്‍ സ്വസ്ഥതയുണ്ടായിരുന്നു. നോമ്പ് നീണ്ടിരുന്നെങ്കില്‍ അതു കുറച്ചുകാലം കൂടി നീളുമായിരുന്നല്ലോ എന്ന ചിന്തയുടെ ഭാഗമാണത്.

അമ്പത്തൊന്നാം ദിവസത്തില്‍ പഴയ തിന്മകളിലേക്കു മടങ്ങാന്‍ കാത്തുകെട്ടിയിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍മിക്കുന്നതു നല്ലതാണ്. അലഞ്ഞുതിരിയുന്ന ദുഷ്ടാരൂപി നിങ്ങളുടെ പടിവാതിലുകള്‍ പരിശോധിക്കാന്‍ വരും. നിങ്ങളുടെ ഭവനം അതിനു യോജിച്ചതാണെന്ന് അതു കണ്െടത്തിയാല്‍ തന്നെക്കാള്‍ ദുഷ്ടരായ ഏഴുപേരെക്കൂടി കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞ ആത്മാവിലേക്കു പ്രവേശിക്കും. നിങ്ങളുടെ സ്ഥിതി ആദ്യത്തേതിലും പരമ ദയനീയമാകും. നോമ്പുകാലം ഫലദായകമാവുക എന്നുദ്ദേശിക്കുന്നതു മറ്റൊന്നുമല്ല, ഇറങ്ങിപ്പോയ ദുഷ്ടാരൂപിക്ക് ഇടംകൊടുക്കാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക എന്നതുതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.