രാജ്യസഭാ സീറ്റ്: മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം
Thursday, April 2, 2015 1:25 AM IST
കോഴിക്കോട്: രാജ്യസഭാ സീറ്റിനായി മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും സംസ്ഥാന സെക്രട്ടറിയും വ്യവസായിയുമായ പി.വി. അബ്ദുള്‍ വഹാബും തമ്മിലാണ് പോരാട്ടം. കെ.പി.എ. മജീദിനാണ് സാധ്യത കൂടുതലെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഉന്നതാധികാര സമിതി പല തവണ ചേര്‍ന്നിരുന്നെങ്കിലും അന്തിമതീരുമാനമായില്ല. കെ.പി.എ. മജീദിനു വേണ്ടി പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുള്‍ വഹാബിന് വേണ്ടി അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദുമാണു രംഗത്തുളളത്. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനായി ലീഗ് നിയമസഭാ പാര്‍ലമെന്ററി യോഗവും ചേര്‍ന്നിരുന്നു. ഇതിലും അന്തിമ തീരുമാനമായിരുന്നില്ല.

പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിനു മുമ്പ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കണമെന്നായി പിന്നീടു തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകസമിതിയോഗം നാളെയാണു നട ക്കുന്നത്.

നാളത്തെ യോഗത്തില്‍ പരസ്യമായി പ്രതികരണങ്ങള്‍ ഉണ്ടാവട്ടെയെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. സ്ഥാനാര്‍ഥി നിര്‍ണയം മിക്കവാറും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിക്കും. അതേസമയം തങ്ങളെ ഏല്‍പ്പിച്ചാല്‍ അതു മജീദിനു തിരിച്ചടിയാകുമോയെന്ന പേടി കുഞ്ഞാലിക്കുട്ടിക്കുണ്െടന്നാണു വിവരം.

അതുകൊണ്ടുതന്നെ നാളത്തെ പ്രവര്‍ത്തക സമിതിയോഗത്തിനുശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കാനാണു സാധ്യതയെന്നു മുസ്ലിം ലീഗ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടുപേരെയും ഒരുമിച്ചുകൊണ്ടുളള സമവായത്തിനാണ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും അതിനുളള സാധ്യത കുറഞ്ഞു. സീറ്റ് കിട്ടിയില്ലെങ്കില്‍ ശക്തമായ നിലപാടുകളെടുക്കുമെന്നാണ് കെ.പി.എ. മജീദ് നേതൃത്വത്തെ അറിയിച്ചിട്ടുളളത്. 2004ല്‍ മഞ്ചേരിയില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ടി.കെ. ഹംസയോടു തോറ്റതിനെ തുടര്‍ന്ന് മജീദ് മത്സരിച്ചിട്ടില്ല.


മുന്‍കാലങ്ങളില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കെല്ലാം രാജ്യസഭാ ടിക്കറ്റ് നല്‍കിയതാണ് മജീദ് ചൂണ്ടിക്കാട്ടുന്നത്. മുജാഹിദ് അനുഭാവിയായതിനാല്‍ മജീദ് മത്സരിച്ചാല്‍ തോല്‍പ്പിക്കാന്‍ മറുവിഭാഗം ഒരുമിക്കുമെന്നതു കൊണ്ടാണ് രാജ്യസഭാ സീറ്റിനായി പിടിമുറുക്കുന്നത്.

2010ല്‍ പി.വി. അബ്ദുള്‍ വഹാബ് ഒഴിഞ്ഞതിനുശേഷം ലീഗിന് രാജ്യസഭാ സീറ്റ് കിട്ടിയിട്ടില്ല. വഹാബിനു പിന്നിട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും സീറ്റ് നല്‍കിയിരുന്നില്ലെന്ന വാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്.

വഹാബിന് സീറ്റ് നല്‍കണമെന്ന് താത്പര്യമുളള വിഭാഗം എംപി എന്ന നിലയിലുളള അദ്ദേഹത്തിന്റെ പരിചയ സമ്പത്താണ് പറയുന്നത്. അതേസമയം പ്രമുഖ വ്യവസായിയായ വഹാബിന് മുമ്പ് രാജ്യസഭയിലേക്ക് സീറ്റ് കൊടുത്തതിനെ തുടര്‍ന്ന് മുസ്ലിം ലീഗില്‍ വലിയ പൊട്ടിത്തെറികളും വിവാദങ്ങളുമാണുണ്ടായിരുന്നത്.

എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ജനറല്‍ സെക്രട്ടറിയുടെ മാറ്റം പാര്‍ട്ടിക്കു ഗുണപ്രദമാകില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കേണ്ടത് കെ.പി.എ. മജീദാണെന്ന അഭിപ്രായവും ശക്തമാണ.്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.