ദുഃഖശനിയിലെ മൂല്യനിര്‍ണയ ക്യാമ്പ് മാറ്റണം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്
Thursday, April 2, 2015 2:22 AM IST
കൊച്ചി: ദുഃഖശനിയാഴ്ചയിലെ എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പ് മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി പൊതു വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

പെസഹാവ്യാഴം, ദുഃഖവെള്ളി അവധി ദിനങ്ങള്‍ക്കുശേഷം ശനിയാഴ്ചയിലെ മൂല്യനിര്‍ണയത്തിനായി മൂല്യനിര്‍ണയ ക്യാമ്പുകളിലെത്തി അന്നുതന്നെ ഈസ്റര്‍ ആഘോഷങ്ങള്‍ക്കായി തിരിച്ചുപോകേണ്ടിവരുന്നത് ഏറെ അസൌകര്യം സൃഷ്ടിക്കും. മൂല്യനിര്‍ണയ ക്യാമ്പുകളായതുകൊണ്ട് അധ്യാപകര്‍ക്ക് അവധി എടുക്കാനാവില്ല. മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും കഴിഞ്ഞ വര്‍ഷത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതു മേയ് അവസാനവാരവും പ്രവേശന പ്രക്രിയ പൂര്‍ത്തിയായത് സെപ്റ്റംബര്‍ മാസത്തിലുമായിരുന്നു. ഈ സാഹചര്യത്തില്‍ മൂല്യനിര്‍ണയക്യാമ്പ് ഒരു ദിവസം മാറ്റിവയ്ക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഫാക്സ് സന്ദേശമയച്ചതായി ഭാരവാഹികള്‍ അറിയിച്ചു.


യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, എം.എല്‍. സേവ്യര്‍, സി.ടി. വര്‍ഗീസ്, ജെ. മരിയദാസ്, ജെസി ജെയിംസ്, സിസ്റര്‍ ആല്‍ഫി, പോള്‍ ജെയിംസ്, ജെയിംസ് കോശി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.