യെമന്‍: പ്രധാനമന്ത്രി ഉടന്‍ ഇടപെടണമെന്നു മുഖ്യമന്ത്രി
യെമന്‍: പ്രധാനമന്ത്രി ഉടന്‍ ഇടപെടണമെന്നു മുഖ്യമന്ത്രി
Thursday, April 2, 2015 2:16 AM IST
തിരുവനന്തപുരം: യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ കോപ്പി നല്കി.

കേന്ദ്ര സര്‍ക്കാരും യെമനിലെ ഇന്ത്യന്‍ എംബസിയും ചില നടപടികള്‍ സ്വീകരിച്ചതു സ്വാഗതാര്‍ഹമാണ്. എന്നാല്‍, അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍ കോളുകള്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ് എന്ന് അവര്‍ കരഞ്ഞുകൊണ്ടാണു പറഞ്ഞത്. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സൌദി ഭരണകൂടവുമായി ബന്ധപ്പെട്ടു സനായിലും യെമനിലെ മറ്റു വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൌകര്യം ഏര്‍പ്പെടുത്തണം. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത് ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്ക്കണം. യെമനില്‍നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് പാസും മറ്റ് അനുമതികളും നല്കണം. ഇതിനു ഫീസ് ഈടാക്കരുത്.


സനായിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്ക്കുന്നില്ല. അവരുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുകയും നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട് ജീവനക്കാര്‍ക്ക് പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്.

യെമനിലെ നഴ്സുമാരില്‍ ഭൂരിപക്ഷവും മലയാളികളായതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

ചൈനയും പാക്കിസ്ഥാനും അവരുടെ പൌരന്മാരെ മുഴുവന്‍ യെമനില്‍നിന്ന് ഒഴിപ്പിച്ചെന്നു മാധ്യമങ്ങളില്‍ കണ്ട കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്കയും വേദനയും ഉണ്െടന്നു മുഖമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.