വിധിക്കെതിരേ അപ്പീല്‍ പോകുമെന്നു ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍
Thursday, April 2, 2015 2:17 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് കിട്ടിയശേഷം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി. ഫൈവ് സ്റാര്‍ പദവിയിലുള്ള ബാറുകളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ 18 ശതമാനം മാത്രം മദ്യവില്‍പ്പന നടത്തുന്ന മറ്റു ബാറുകള്‍ പൂട്ടിച്ച നടപടി വിവേചനപരമാണെന്ന് അസോസിയേഷന്റെ അടിയന്തര എക്സിക്യൂട്ടിവ് യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വിമതനിലപാട് സ്വീകരിച്ചുവരുന്ന അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇന്നും നാളെയും കോടതി അവധിയായതിനാല്‍ ശനിയാഴ്ച വിധി പകര്‍പ്പ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. തൊട്ടടുത്ത പ്രവൃത്തി ദിവസം അപ്പീല്‍ നല്‍കും. പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നേടുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല.

അതേസമയം, ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേ ആരും അസോസിയേഷനു തെളിവു നല്‍കിയിട്ടില്ലെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. തെളിവ് ശേഖരിക്കാന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ് ഉള്‍പ്പെട്ട അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ആരും തെളിവുകള്‍ കൊണ്ടുവരാത്ത സാഹചര്യത്തില്‍ അസോസിയേഷന്‍ ഇതില്‍ ഇടപെടില്ല. മന്ത്രി കെ. ബാബുവിന് 10 കോടി രൂപ കൈമാറാന്‍ ബാറുടമകള്‍ തീരുമാനമെടുത്തുവെന്ന് ബിജു രമേശ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അസോസിയേഷന് അറിയില്ല. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും രാജ്കുമാര്‍ ഉണ്ണി വ്യക്തമാക്കി.


ഇന്ദ്രപ്രസ്ഥം ഹോട്ടലിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നം ബിജു രമേശ് അസോസിയേഷന്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ നിവേദനം വാക്കാല്‍ മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. മന്ത്രിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം ഇടപെട്ടുവെന്ന മന്ത്രി കെ. ബാബുവിന്റെ പരാമര്‍ശവുമായി ബന്ധമില്ല.

ബാര്‍ ഹോട്ടല്‍സ് അസോസിയേഷനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ല. ആരോപണം വഴിയില്‍ നിന്നല്ല, യോഗത്തില്‍ പങ്കെടുത്താണ് ഉന്നയിക്കേണ്ടത്. അസോസിയേഷനെതിരേ സമാന്തരയോഗം ചേര്‍ന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും യോഗം വിളിച്ചത് തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 70 അംഗങ്ങളുള്ള എക്സിക്യൂട്ടീവില്‍ 46 പേര്‍ പങ്കെടുത്തു. 15 പേര്‍ അവധി അറിയിച്ചപ്പോള്‍ ബിജു രമേശ് ഉള്‍പ്പടെ ഒന്‍പതുപേര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.