യെമന്‍ രക്ഷാദൌത്യം: കപ്പലുകള്‍ ഇന്നു കൊച്ചിയിലെത്തും
Saturday, April 18, 2015 12:12 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ മാസം 30നു ജിബൂട്ടിയിലേക്ക് അയച്ച യാത്രക്കപ്പലുകളായ എം.വി. കവരത്തി, എം.വി. കോറല്‍ എന്നിവ ഇന്നു തിരിച്ചെത്തും. രണ്ടു കപ്പലുകളിലുമായി 475 പേരാണ് ഉള്ളത്. ഇതില്‍ 16 മലയാളികള്‍ അടക്കം 73 ഇന്ത്യക്കാരും 337 ബംഗ്ളാദേശികളും 65 യെമന്‍കാരും ഉള്‍പ്പെടും.

ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് കൊച്ചിന്‍ പോര്‍ട്ടിലെ ബിടിപി ബെര്‍ത്തിലാണു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ കപ്പലുകള്‍ എത്തിച്ചേരുകയെന്നു പോര്‍ട്ട് ട്രസ്റ് അധികൃതര്‍ അറിയിച്ചു. യെമനില്‍നിന്ന് എത്തുന്നവരെ സ്വീകരിക്കാനായി പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് അടക്കമുള്ളവര്‍ തുറമുഖത്ത് എത്തുമെന്നും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

നോര്‍ക്കയും ജില്ലാ ഭരണകൂടവും ദക്ഷിണ റെയില്‍വേയും അടക്കമുള്ള വിവിധ ഏജന്‍സികള്‍ ഏകോപിച്ചാണ് ഇവിടെ എത്തുന്നവരെ വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നത്. ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഏജന്‍സികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നു.

ബംഗ്ളാദേശികളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബംഗ്ളാദേശിലേക്കു കൊണ്ടുപോകാന്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുറമുഖത്തുനിന്നു ബംഗ്ളാദേശികളെ പ്രത്യേക ബസില്‍ നെടുമ്പാശേരിയില്‍ എത്തിച്ചു രണ്ടു ചാര്‍ട്ടേഡ് ഫ്ളൈറ്റുകളിലായി ഇന്നുതന്നെ നാട്ടിലേക്ക് അയയ്ക്കും. മുന്നൊരുക്കങ്ങള്‍ക്കായി ബംഗ്ളാദേശ് രാഷ്ട്രീയകാര്യ മന്ത്രി ഷാ അഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി.

സംഘത്തെ സ്വീകരിക്കുന്നതിനു ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോര്‍ട്ടില്‍ കൊച്ചി തഹസില്‍ദാറും വിമാനത്താവളത്തില്‍ ആലുവ തഹസില്‍ദാറും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. നോര്‍ക്ക പ്രതിനിധികള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തുറമുഖത്ത് ഉണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.


ഇന്ത്യക്കാരെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ നാലംഗ സംഘവും തുറമുഖത്തു ക്യാംപ് ചെയ്യുന്നുണ്ട്. മലയാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നല്‍കി സ്വന്തം സ്ഥലത്തേക്ക് അയയ്ക്കും. നാട്ടിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍ക്ക 2,000 രൂപ വീതം പോക്കറ്റ് മണി നല്‍കും. ആവശ്യമായ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം, മതിയായ യാത്രാരേഖകള്‍ ഇല്ലാത്തവരാണു കപ്പലില്‍ എത്തുന്നവരില്‍ നല്ല പങ്കും എന്നതിനാല്‍ ഇവര്‍ക്കു കരയിലെത്താനുള്ള നടപടിക്രമം കൂടുതല്‍ സങ്കീര്‍ണമാകും. ഇതൊഴിവാക്കുന്ന കാര്യങ്ങളാണ് ഇന്നലത്തെ ഉദ്യോഗസ്ഥതല യോഗം ചര്‍ച്ച ചെയ്തത്. കപ്പലില്‍ എത്തുന്ന യെമന്‍കാരുടെ കാര്യത്തില്‍ എന്തുചെയ്യാനാകുമെന്നു വ്യക്തതയില്ല.

രണ്ടു യാത്രക്കപ്പലുകളെയും ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ അകമ്പടി സേവിക്കുന്നുണ്ട്. ജിബൂട്ടിയിലേക്കുള്ള യാത്രയില്‍ ഐഎന്‍എസ് മുംബൈയും ഐഎന്‍എസ് തര്‍ക്കാഷുമാണ് അകമ്പടി സേവിച്ചിരുന്നത്. മടക്കയാത്രയില്‍ ഐഎന്‍എസ് തീറും ഐഎന്‍എസ് തര്‍ക്കാഷുമാണ് സുരക്ഷാവലയം തീര്‍ക്കുന്നത്. എം.വി. കവരത്തി, എം.വി. കോറല്‍ കപ്പലുകളില്‍ മറൈന്‍ കമാന്‍ഡോകളും നിലകൊള്ളുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരുമടക്കം 150 ജീവനക്കാര്‍ ഇരു കപ്പലുകളിലുമായിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയുള്ള കപ്പല്‍ ചാലിലൂടെയാണു യാത്ര എന്നതിനാലാണു കനത്ത സുരക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.