ഹരിതം
ഹരിതം
Saturday, April 18, 2015 1:12 AM IST
ഹായ്.......... മുട്ടക്കോഴികള്‍

ടോം ജോര്‍ജ്

രാവിലെ വീട്ടുമുറ്റത്തിനു സമീപത്തെ മരത്തില്‍നിന്നുയരുന്ന പൂവന്‍കോഴിയുടെ കൂവല്‍ കേട്ടുണര്‍ന്നിരുന്ന കാലം തിരികെയെത്തുകയാണ്. ഏറെ നാള്‍ മലയാളി മറന്ന വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പല രീതികളില്‍ ഇന്നു പുനര്‍ജനിക്കുന്നു. പത്തുസെന്റുള്ളവര്‍ക്ക് ഉള്ള സൌകര്യത്തില്‍ ചെറിയൊരു കൂടുകെട്ടി പത്തു കോഴികളടങ്ങുന്ന ഒരു യൂണിറ്റിനെ പരിപാലിക്കാം. വീട്ടുമുറ്റമില്ലാത്തവര്‍ക്ക് പ്രത്യേകം തയാറാക്കിയ കൂടുകളില്‍ ടെറസില്‍ കോഴിവളര്‍ത്താനുള്ള സാങ്കേതിക വിദ്യയും ഇന്നു ലഭ്യമാണ്.

കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും പ്രായം ചെന്നവരുടെ മാനസിക ഉല്ലാസത്തിനും രോഗസൌഖ്യത്തിനും വളര്‍ത്തുപക്ഷികളെയും മൃഗങ്ങളെയുമൊക്കെ വച്ചുള്ള പെറ്റ്സ് തെറാപ്പി ലോകമെമ്പാടും പ്രചുരപ്രചാരം നേടുകയാണ്. ഒപ്പം വീടിനു ചെറിയൊരു വരുമാന മാര്‍ഗം കൂടിയാവും വീട്ടുവളപ്പിലെ കോഴിവളര്‍ത്തല്‍.

വര്‍ഷത്തില്‍ 100 നടുത്തു മുട്ടയിടുന്ന നാടന്‍ കോഴികളേക്കാള്‍ ഇന്നു വളര്‍ത്തപ്പെടുന്നത് 300 മുട്ടയിലധികമിടുന്ന അത്യുത്പാദന ശേഷിയുള്ള മുട്ടക്കോഴികളാണ്. ഈ ആവശ്യം മുന്നില്‍ക്കണ്ട് കേരള വെറ്ററിനറി സര്‍വകലാശാല ഉരുത്തിരിച്ചെടുത്ത മുട്ടക്കോഴിയാണ് ലഗോണ്‍ ഇനത്തില്‍പ്പെട്ട അതുല്യ കോഴികള്‍. കൂടാതെ ഗ്രാമലക്ഷ്മി, ഗ്രാമശ്രീ, ഗിരിരാജ, വനരാജ, യമുന തുടങ്ങിയവയും മുന്തിയ മുട്ടക്കോഴിയിനങ്ങളാണ്. മുട്ടയിലടങ്ങിയിരിക്കുന്ന ആല്‍ബുമിന്‍ മികച്ച മാംസ്യഘടകമാണ്.

മുട്ട, പാല്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനത്തുള്ള സമീകൃതാഹാരമാണ്. വെളുത്ത ചെവിയുള്ള കോഴികള്‍ വെളുത്തതും ചുവന്ന ചെവിയുള്ള കോഴികള്‍ തവിട്ടു നിറത്തിലുമുള്ള മുട്ടകളിടും. ഇവ തമ്മില്‍ പോഷകഘടനയില്‍ മാറ്റമൊന്നുമില്ല.

മുട്ടക്കോഴികളെ എവിടെ കിട്ടും?

അത്യുത്പാദശേഷിയുള്ള മുട്ടക്കോഴികളെ കേരളവെറ്ററിനറി സര്‍വകലാശാലയുടെ പൌള്‍ട്രി ഫാമില്‍ നിന്നു ലഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ ഇവിടെനിന്നും വാങ്ങാം. നൂറിലേറെ കുഞ്ഞുങ്ങളെ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്കുചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിനങ്ങളില്‍ 0487- 2371178, 2370344 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സര്‍വകലാശാലയുടെ കീഴിലുള്ള റിവോള്‍വിംഗ് ഫണ്ട് ഹാച്ചറിയില്‍ നിന്നും കോഴി, കാട കുഞ്ഞുങ്ങളെ ലഭിക്കും. കേരള വെറ്ററിനറി സര്‍വകലാശാലയുടെ ഐശ്വര്യ പദ്ധതിപ്രകാരവും കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുല്യ കോഴികളെയാണ് ഈ പദ്ധതിപ്രകാരം വിതരണം ചെയ്യുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുകോഴികളും ഒരു ഗാര്‍ഹിക കോഴിക്കൂടും നല്‍കുന്നതാണ് പദ്ധതി.

പ്രാരംഭമായി തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിയുടെ ലഭ്യതക്കുറവ് പദ്ധതിയുടെ നടത്തിപ്പു വേഗം കുറച്ചിട്ടുണ്ട്. കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എഗ്ഗര്‍ നഴ്സറികള്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്.

ഇവ ചുവടെ

1.സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങ ന്നൂര്‍(ആലപ്പുഴ)- 0479 2452277
2.റീജണല്‍ പൌള്‍ട്രി ഫാം, മലമ്പുഴ- 0491 2815206
3.റീജണല്‍ പൌള്‍ട്രി ഫാം, കുരീപ്പുഴ.
4.റീജണല്‍ പൌള്‍ട്രിഫാം,മുണ്ടയാട്, കണ്ണൂര്‍.
5.ഡിപിഎഫ് കോളനി- 0479 2721168.
6.ഡക്ക് ഫാം നിരണം.
7.റീജണല്‍ പൌള്‍ട്രി ഫാം, കുടപ്പനക്കുന്ന്് - 0471 2730804.
8.റീജണല്‍ പൌള്‍ട്രി ഫാം, കൂവപ്പടി- എറണാകുളം- 0484 2523559.
9.റീജണല്‍ പൌള്‍ട്രി ഫാം, ചാത്തമംഗലം-കോഴിക്കോട്- 0495 2287481.

കോഴിവളര്‍ത്തലില്‍ കേരളവെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം പരിശീലനം നല്‍കുന്നുണ്ട്. വിശദവിവരങ്ങള്‍ 0487-2376644 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.

മുട്ടക്കോഴി ശാസ്ത്രീയമായി എങ്ങനെ വളര്‍ത്താം- വിശദവിവരങ്ങള്‍ക്ക് ഏപ്രില്‍ ലക്കം കര്‍ഷകന്‍ മാസിക കാണുക.

ഡിസൈനര്‍ മുട്ട

കോഴികള്‍ക്കു നല്‍കുന്ന തീറ്റയ്ക്കനുസരിച്ച് മുട്ടയുടെ ഗുണനിലവാരം വ്യത്യാസപ്പെടും. നമുക്കാവശ്യമുള്ള വിവിധ പോഷകങ്ങള്‍ കോഴിത്തീറ്റയിലുള്‍പ്പെടുത്തി ഉത്പാദിപ്പിക്കുന്നവയാണ് ഡിസൈനര്‍ മുട്ടകള്‍.

മുട്ടയെ അടുത്തറിയുക

മുട്ട ഒന്നാംതരമൊരു സമീകൃതാഹാരമാണ്. കണ്ണുകളുടെ ആരോഗ്യത്തിനുള്ള വിറ്റാമിന്‍-എ, എല്ലുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വിറ്റാമിന്‍-ഡി, കാത്സ്യം, ഫോസ്ഫറസ്, തൈറോയിഡിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനാവശ്യമായ അയഡിന്‍, രക്തസംവര്‍ധനവിനുള്ള ഇരുമ്പ്, തിമിരം തടയുന്നതിനുള്ള ആന്റി ഓക്സിഡന്റുകള്‍, ഡയബറ്റിക്സ് ചെറുക്കുന്ന ലൂസീന്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വളര്‍ച്ചയ്ക്കും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഉപകരിക്കുന്ന വിറ്റാമിന്‍ ബി തുടങ്ങി മുട്ട പോഷകങ്ങളുടെ കലവറയാണ്.


മുട്ടയെ സൂക്ഷിക്കുക

കട്ടിയുള്ള തോടുണ്െടങ്കിലും മുട്ട നന്നായി സൂക്ഷിച്ചില്ലെങ്കില്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടും. മുട്ടയുടെ പുറംതോടിലുള്ള 17000 ചെറുസുഷിരങ്ങള്‍ ഗന്ധങ്ങളേയും മറ്റും മുട്ടയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പോന്നവയാണ്. പുറത്ത് വെറുതേയിരുന്നാല്‍ ഗുണനിലവാരം ഇതിലൂടെ നഷ്ടപ്പെടാം. ഒരാഴ്ച ഫ്രിഡ്ജിലിരിക്കുന്ന മുട്ടയേക്കാള്‍ ഗുണനിലവാരച്ചോര്‍ച്ച വരും ഒരു ദിവസം പുറത്തിരിക്കുന്ന മുട്ടയ്ക്ക്. അതിനാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാവും നന്ന്.

പച്ചക്കറികള്‍ ബാല്‍ക്കണിയിലും


ഐബിന്‍ കാണ്ടാവനം

ഫ്ളാറ്റ് ജീവിതത്തില്‍ കൃഷി ചെയ്യുന്നതിനു പരിമിതികളുണ്െടങ്കിലും പരിശ്രമിച്ചാല്‍ ഒരു കുടുംബത്തിലേക്കാവശ്യമായ പച്ചക്കറികള്‍ ഫ്ളാറ്റില്‍തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഫ്ളാറ്റുകളില്‍ എങ്ങിനെ കൃഷിചെയ്യാം? ചെയ്താല്‍ അത് വിജയിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊരു മറുപടിയാണ് ബംഗളൂരു മലയാളിയായ സുമതി ശ്രീകുമാര്‍. സ്വന്തം കുടുംബത്തിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ തുടങ്ങിയതിനുശേഷമാണ് സുമതി ബാല്‍ക്കണിയില്‍ അടുക്കളത്തോട്ടം നിര്‍മിച്ചത്.

തുടക്കത്തില്‍ വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ ചട്ടികളില്‍ മണ്ണിനൊപ്പം നിക്ഷേപിച്ചു. ഓരോ ചട്ടികളിലും നിറയ്ക്കുന്നതിന്റെ അളവുകൂടി വന്നതോടെ വീണ്ടും ചട്ടികള്‍ ആവശ്യമായിവന്നു. കമ്പോസ്റ്റായവ പിന്നീട് എന്തു ചെയ്യണം എന്ന ചിന്ത വന്നതോടെയാണ് പച്ചക്കറി കൃഷി ചെയ്യാന്‍ തുടങ്ങുന്നത്.

ആദ്യം തക്കാളി, മുളക് എന്നിവയായിരുന്നു നട്ടത്. പിന്നീടത് വിപുലീകരിക്കുകയായിരുന്നു. ഇപ്പോള്‍ സുമതിയുടെ ബാല്‍ക്കണിയില്‍ ഉള്ളി, കാബേജ്, തക്കാളി, മുളക്, മുരിങ്ങ, ചീര, ചേമ്പ്, ചേന, കരിമ്പ്, കറിവേപ്പില, സ്ട്രോബറി, വെള്ളരി, ഉലുവ, കറിവേപ്പില, പാവല്‍, പയര്‍, ഇഞ്ചി, കൂര്‍ക്ക തുടങ്ങി നിരവധി വിളകളാണ് വളര്‍ന്നുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വാഴയും വളരുന്നുണ്ട്.

ഇവയ്ക്കെല്ലാം പ്രധാന വളം കമ്പോസ്റ്റ് തന്നെ. എന്നാല്‍ കമ്പോസ്റ്റിനെക്കൂടാതെ ചാണകവും നല്കുന്നുണ്ട്. ഒപ്പം ചാരവും നല്കും. സ്ട്രോബറിക്കു വെള്ളവും വെയിലും അത്യാവശ്യമാണ്. അവയുടെ ഒപ്പം ഉപയോഗ്യശൂന്യമായ ഫില്‍ട്ടര്‍ കാപ്പിപ്പൊടി ചേര്‍ക്കുന്നത് വിളവ് വര്‍ധിക്കാനിടയാക്കുമെന്ന് അനുഭവപാഠങ്ങളില്‍നിന്നു സുമതി പറയുന്നു.

ബാല്‍ക്കണിയില്‍ ഒരടി ഉയരത്തില്‍ സ്റാന്‍ഡ് നിര്‍മിച്ചാണ് ചട്ടികള്‍ വച്ചിരിക്കുന്നത്. ഓരോന്നും കൃത്യമായ രീതിയില്‍ വയ്ക്കുന്നതിനാല്‍ സ്ഥലം നഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല തറ വൃത്തിയായി കിടക്കുകയും ചെയ്യും. ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെ പ്രധാന പ്രശ്നമാണ് ജലദൌര്‍ലഭ്യം. അതിന്റെയൊപ്പം കൃഷികൂടിയാകുമ്പോള്‍ ചെലവും കൂടും. ഇതുമൂലം അടുക്കളയില്‍ അരി, പച്ചക്കറി തുടങ്ങിയവ കഴുകുന്ന വെള്ളം പാഴാക്കാതെ പച്ചക്കറികള്‍ക്കു നല്കുകയാണ് ചെയ്യുന്നത്.

ബാല്‍ക്കണി കൃഷി കേവലം ഒരു വിനോദം മാത്രമായല്ല സുമതി കാണുന്നത്. താമസിക്കുന്ന ഫ്ളാറ്റിലെ മറ്റംഗങ്ങള്‍ക്കും ഒരു പ്രചോദനമായി മാറാന്‍ ശ്രമിക്കുന്നു. സുമതിയും സുഹൃത്തുക്കളും ചേര്‍ന്നു രൂപീകരിച്ച മൈ ത്രീ ലീവ്സ് എന്ന സംഘടന ഫ്ളാറ്റുകളില്‍ മാലിന്യസംസ്കരണം മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചതാണ്. ഓരോ കുടുംബത്തെയും സന്ദര്‍ശിച്ച് മാലിന്യസംസ്കരണത്തിന്റെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് കമ്പോസ്റ്റിംഗ് യൂണിറ്റും നല്കും.

മാലിന്യസംസ്കരണം കൂടാതെ പരിമിത സ്ഥലത്തു കൃഷി ചെയ്യാം എന്ന ആഹ്വാനവും മൈ ത്രീ ലീവ്സ് മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഇതിനായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവര്‍ക്കു സെമിനാറുകളും നടത്താറുണ്ട്. ബാല്‍ക്കണിയില്‍ എങ്ങനെ കൃഷി ചെയ്യാന്‍ കഴിയും, അത് നടക്കില്ല എന്നൊക്കെ പറയുന്നവര്‍ക്ക് താന്‍ ചെയ്തു വിജയിച്ച രീതികള്‍ കാണിച്ച് ബോധ്യപ്പെടുത്താന്‍ സുമതിക്കു കഴിഞ്ഞിട്ടുണ്ട്. ഇത്രയൊക്കെ ചെയ്യുമ്പോഴും ചുരുക്കം ആളുകള്‍ മാത്രമാണ് മുമ്പോട്ടുവരാറുള്ളതെന്നു സുമതി പറയുന്നു. എന്നാല്‍ ഈ ചുരുക്കം ആളുകള്‍ ചെയ്യുന്നതു കണ്ടിട്ട് ഇനി പലരും മുമ്പോട്ടുവരുമെന്നാണ് പ്രതീക്ഷ.

സ്ഥലപരിമിതി കൃഷിയെ സ്നേഹിക്കുന്ന പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കു ചുരുങ്ങിയ സ്ഥലത്ത് എങ്ങനെ കൃഷിചെയ്യാമെന്നു കാണിച്ചു നല്കി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സുമതിയെപ്പോലുള്ളവര്‍ കാര്‍ഷികസംസ്കാരത്തിന്റെ വക്താക്കളാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വന്തമായി ഉത്പാദിപ്പിച്ച വിഷവിമുക്തമായ പച്ചക്കറി വിശ്വസിച്ച് കഴിക്കാമെന്നുള്ള ഉറച്ച തീരുമാനമുണ്െടങ്കില്‍ കൃഷി ചെയ്യാന്‍ സ്ഥലപരിമിതി ഒരു പ്രശ്നമാകില്ലെന്നത് ഉറപ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.