ജനസമ്പര്‍ക്ക പരിപാടിക്കു നാളെ തുടക്കം
Sunday, April 19, 2015 10:52 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) 20ന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിക്കും. രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്റേഡിയത്തില്‍ പരിപാടി തുടങ്ങും. ഈ ഭരണകാലത്തെ മൂന്നാമ ത്തേതും 2004ല്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടി കൂടി ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാലാമതുമായ ജനസ മ്പര്‍ക്ക പരിപാടിയാണിത്.

രണ്ടു ലക്ഷം പരാതികളാണ് ഇതുവരെ ഓണ്‍ലൈനില്‍ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ് - 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാംസ്ഥാനത്തുണ്ട്. പത്തനംതിട്ട - 10,469, ആലപ്പുഴ - 12,355, കോട്ടയം - 9,207, എറണാകുളം - 7,562, തൃശൂര്‍ - 9,124, പാലക്കാട് - 17,708, മലപ്പുറം - 18,817, കോഴിക്കോട് - 11,089, വയനാട് - 7,617, കണ്ണൂര്‍ - 8,757, കാസര്‍കോട് - 12,668 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 66,083 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായത്തിന് അപേക്ഷിച്ചത്. വീടിന് 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചു. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങള്‍. 2011ല്‍ നടന്ന ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിക്കപ്പെട്ടു. 20.82 കോടി രൂപ വിതരണം ചെയ്തു.

2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു പരിപാടി നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പാകുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 16 മുതലാണു കരുതല്‍ 2015ല്‍ പരാതികള്‍ സ്വീകരിച്ചുതുടങ്ങിയത്. ഏപ്രില്‍ 17ന് അവസാനിച്ചു. എന്നാല്‍, ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേദിവസം വരെ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ പരാതി സ്വീകരിക്കില്ല.


ജനസമ്പര്‍ക്ക ദിവസവും നേരിട്ടു പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്തു ഡോക്കറ്റ് നമ്പര്‍ നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ കഴിയും.

അപേക്ഷകരില്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരില്‍ കാണുന്നത്. ബാക്കിയുള്ള പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് കമ്മിറ്റിയാണു തീരുമാനിക്കുന്നത്. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കുകയാണു ചെയ്യുന്നത്. തുടര്‍ന്ന് അവരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.

മിക്കവരും ബാങ്ക് അക്കൌണ്ടും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റുമുള്ള സാമ്പത്തിക സഹായം ഇത്തവണ ബാങ്ക് അക്കൌണ്ടിലൂടെയാണു വിതരണം ചെയ്യുന്നത്.

ഏപ്രില്‍ 23 എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മേയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍ഗോഡ്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്നീ ദിവസങ്ങളിലാണു കരുതല്‍ 2015 നടത്തുന്നത്. ജനസമ്പര്‍ക്ക പരിപാടി ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം നേടിയിരുന്നു.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം:കരുതല്‍ 2015ലേക്ക് അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ ധനസഹായത്തിന് അര്‍ഹരായിട്ടുള്ളവര്‍ വില്ലേജ് ഓഫീസില്‍നിന്നു ലഭിക്കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നാളെ രാവിലെ ഒന്‍പതിന് എത്തണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.