വാതക പൈപ്പ് ലൈന്‍ തടസം: പരിഹാരത്തിന് ഇന്നു യോഗം
Monday, April 20, 2015 12:34 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: പുതുവയ്പ്പ് എല്‍എന്‍ജി ടെര്‍മിനലില്‍നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള വാതകപൈപ്പ് ലൈന്‍ ഇടുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനായി ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്നു തിരുവനന്തപുരത്തു നടക്കും. രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന ഏഴു ജില്ലകളിലെ കളക്ടര്‍മാര്‍ സംബന്ധിക്കും. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഏഴു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. പുതുവയ്പ്പ് ടെര്‍മിനലിന്റെ പരമാവധി ശേഷി പ്രയോജനപ്പെടുത്താനായി എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളുമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിപ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കാനുമായി വിപുലമായ ബോധവത്കരണം നടത്തും. അതിന്റെ ആദ്യപടിയാണു കളക്ടര്‍മാരുടെ യോഗം. തൊട്ടടുത്ത ദിവസം തന്നെ താലൂക്ക്, വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. പൈപ്പ്ലൈന്‍ ഇടുന്നതു സംബന്ധിച്ചു സമൂഹത്തില്‍ ഒട്ടേറെ തലത്തിലുള്ള ഭീതികളും മുന്‍വിധികളും പരന്നിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച ആശങ്കകളുമുണ്ട്. ഇതു കൂടാതെ പദ്ധതിക്ക് എതിരു നില്‍ക്കുന്ന പല ഘടകങ്ങളും ഉണ്െടന്നും ഇതെന്തൊക്കെയാണെന്നു വ്യക്തമായ ധാരണ സര്‍ക്കാരിനുണ്െടന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍നിന്ന് ഏതു പദ്ധതിയുടെ അനുമതിക്കായി ചര്‍ച്ച നടത്തുമ്പോഴും എല്‍എന്‍ജി പദ്ധതി എങ്ങുമെത്താതെ കിടക്കുന്നതു പ്രതിബന്ധം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി ഏത് ആവശ്യം പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും മുമ്പില്‍ വയ്ക്കുമ്പോഴും എല്‍എന്‍ജി പദ്ധതിയുടെ കാര്യം എന്തായെന്നു ചോദിക്കുന്നു. കേരളത്തിന്റെ ഒപ്പം എല്‍എന്‍ജി പദ്ധതിയെക്കുറിച്ച് ആലോചിച്ച ഗുജറാത്ത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്കു കടന്നു. ഗുജറാത്തില്‍ 3,000 കോടി രൂപയാണു പ്രതിവര്‍ഷം പദ്ധതിയില്‍നിന്നു വരുമാനം. കേരളത്തിനും ഇത്തരം ഒരു സാഹചര്യവും സാധ്യതയും ഉണ്ട്. നിലവില്‍ ലഭ്യമായതില്‍ ഏറ്റവും ചെലവ് കുറഞ്ഞ ഇന്ധനമാണ് എല്‍എന്‍ജി. ഏറ്റവും സുരക്ഷിതവും കാര്യക്ഷമവും പരിസ്ഥിതി സൌഹൃദപരവുമാണ് എല്‍എന്‍ജി എന്നും ജിജി തോംസണ്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി അടക്കമുള്ള ഏത് ഊര്‍ജ സ്രോതസിനുമുള്ള അപകടസാധ്യത മാത്രമേ ഇതിന്റെ കാര്യത്തിലുമുള്ളൂ. ജനങ്ങളുടെ ഭീതി ബോധവത്കരണത്തിലൂടെ മാറ്റാന്‍ കഴിയുമെന്നാണു പ്രതീക്ഷ- അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിനു വലിയ കുതിപ്പിനുള്ള അവസരമാണ് എല്‍എന്‍ജിയിലൂടെ ലഭിക്കുന്നതെന്നു പെട്രോനെറ്റ് എല്‍എന്‍ജി എംഡിയും സിഇഒയുമായ ഡോ.എ.കെ. ബല്യാനും ചൂണ്ടിക്കാട്ടി. കേരളം ഈ അവസരം കളഞ്ഞുകുളിക്കരുത്. കാര്യങ്ങള്‍ കൈവിട്ടുപോയിട്ടു പിന്നീടു ഖേദിക്കുന്നതുകൊണ്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍എന്‍ജി ടെര്‍മിനലില്‍നിന്നു മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പ്രകൃതി വാതക പൈപ്പ്ലൈന്‍ പൂര്‍ത്തിയാക്കാനുള്ള തടസങ്ങള്‍ ഇല്ലാതാക്കാന്‍ പെട്രോനെറ്റ് അധികൃതരെയും ഗെയില്‍ അധികൃതരെയും മറ്റും ഉള്‍പ്പെടുത്തി വിപുലമായ കര്‍മപദ്ധതി തയാറാക്കുന്നതിനുള്ള ശ്രമത്തിലാണു ചീഫ് സെക്രട്ടറിയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ സഹായിക്കുന്ന ഉദ്യോഗസ്ഥസംഘവും. ഇതിനായി പ്രത്യേക ടീമിനെത്തന്നെ അദ്ദേഹം നിയോഗിച്ചിട്ടുണ്ട്.

4,600 കോടി രൂപ മുതല്‍ മുടക്കില്‍ 50 ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷ ശേഷിയോടെ സ്ഥാപിച്ച ടെര്‍മിനലിന്റെ കേവലം ആറു ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. കായംകുളം എന്‍ടിപിസി താപനിലയം, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പൈപ്പ്ലൈന്‍ പൂര്‍ത്തിയായാല്‍ ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളും ഊര്‍ജനിലയങ്ങളും കേരളത്തില്‍ സ്ഥാപിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. വീടുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പ്രകൃതിവാതകമെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിയും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ സാധ്യതകളാണു തുറന്നുവയ്ക്കുന്നത്. മലപ്പുറം ജില്ലയിലെ കൂറ്റനാട് മുതല്‍ മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്ലൈനിന്റെ നിര്‍മാണമാണു പ്രധാനമായും മുടങ്ങിക്കിടക്കുന്നത്. കായംകുളത്തേക്കു കടലിനടിയിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയും മുന്നോട്ടു പോകുന്നില്ല.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ടി.എന്‍. നീലകണ്ഠന്‍, ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രമേഷ്, ചീഫ് സെക്രട്ടറിയുടെ എക്സിക്യുട്ടീവ് അസിസ്റന്റ് ഡോ. വാസുകി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.