അരുവിത്തുറ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
അരുവിത്തുറ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
Saturday, April 25, 2015 12:12 AM IST
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് തീക്കോയി ചെങ്ങഴശേരിയില്‍ കുര്യാച്ചന്റെ മകന്‍ അമല്‍ സി. കുര്യന്‍ (16) മരണമടഞ്ഞു. സംസ്കാരം ഇന്നു 2.45ന് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടത്തും.

അമിട്ട് ദിശതെറ്റി പതിച്ചുണ്ടായ അപകടത്തില്‍ അമലിനും മറ്റ് എട്ടു പേര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അമല്‍ ഇന്നലെ പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരിച്ചത്. അരുവിത്തുറ സെന്റ് അല്‍ഫോന്‍സ ജൂണിയര്‍ കോളജ് പത്താം ക്ളാസില്‍ സിബിഎസ്ഇ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അമല്‍. മാതാവ് മേഴ്സി ഇലഞ്ഞി മാമ്പള്ളി കുടുംബാംഗം. ശീതള്‍ സി. കുര്യന്‍ (രാജഗിരി കോളജ്, കാക്കനാട്) സഹോദരിയാണ്.

പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അരുവിത്തുറ കരോട്ടുപുള്ളോലില്‍ ജോസിന്റെ മകന്‍ അലന്‍ (17), തീക്കോയി ചൊവ്വാറ്റുകുന്നേല്‍ ജിയോ റോയി (17), മണിമല കറിക്കാട്ടൂര്‍ പൂവക്കുളത്ത് ജോസ് (60) എന്നിവരെ ഇന്നലെ വൈകുന്നേരത്തോടെ വാര്‍ഡിലേക്കു മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വൈക്കം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. മാത്യു (43) പാലായിലെ സ്വകാര്യആശുപത്രിയിലും ചെമ്മണ്ണാര്‍ ആലുംമൂട്ടില്‍ സിബിയുടെ മകന്‍ അലന്‍ (15) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

പരീക്ഷാഫലം അറിയുംമുന്‍പേ അമല്‍ യാത്രയായി

ഈരാറ്റുപേട്ട: പത്താം ക്ളാസ് സിബിഎസ്ഇ പരീക്ഷാ ഫലം അറിയാന്‍ ഇനി അമലില്ല. അരുവിത്തുറ സെന്റ് അല്‍ഫോന്‍സ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന അമല്‍ പത്താം ക്ളാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുമ്പോഴാണ് അരുവിത്തുറ പള്ളി വെടിക്കെട്ടപകടത്തില്‍ ദാരുണമായി മരണമടഞ്ഞത്. ഫലപ്രഖ്യാപനത്തിനു മുമ്പേ യാത്രയായ അമലിന്റെ വേര്‍പാട് അധ്യാപകരെയും സഹപാഠികളെയും തീരാദുഃഖത്തിലാഴ്ത്തി.


പഠനത്തിലും പാഠ്യേതരമേഖലകളിലും മികവു പുലര്‍ത്തിയിരുന്ന അമലിന്റെ മരണം ബന്ധുക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും തീരാവേദനയായി. കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുനാളിനെത്തിയ അമല്‍ അരുവിത്തുറ റോഡിനോടു ചേര്‍ന്നിരിക്കുമ്പോഴാണ് അമിട്ട് ദിശ തെറ്റി വീണത്. അപകടം നടന്ന സ്ഥലം ഇന്നലെ ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, പാലാ ഡിവൈഎസ്പി ഡി.എസ്. സുനീഷ്ബാബു എന്നിവരും മറ്റ് സാങ്കേതിക വിദഗ്ധരും പരിശോധിച്ചു.

വ്യാഴാഴ്ച രാത്രി 8.20നാണ് സെന്റ് ജോര്‍ജ് പള്ളിയുടെ എതിര്‍വശത്തെ മൈതാനത്ത് വെടിക്കെട്ട് ആരംഭിച്ചത്. ഇക്കൊല്ലം പതിവിലും കൂടുതല്‍ കാഴ്ചക്കാരുണ്ടായിരുന്നു.

ആദ്യ രണ്ടു സെറ്റുകാരുടെ വെടിക്കെട്ടിനുശേഷം മഴ പെയ്തേക്കുമെന്ന ആശങ്കയില്‍ പത്തേകാലോടെയാണ് മൂന്നാമത്തെ സെറ്റുകാരുടെ വെടിക്കെട്ട് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ അപകടം സംഭവിക്കുകയും ചെയ്തു.

മറിഞ്ഞുവീണ അമിട്ട് ദിശ തെറ്റി ഒന്നിലേറെ ഇടങ്ങളിലേക്ക് പാഞ്ഞു. അപകടത്തിനുശേഷം ശേഷിച്ച സാമഗ്രികള്‍ ഫയര്‍ഫോഴ്സ് നിര്‍വീര്യമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.