റേഷന്‍ വ്യാപാരികളുടെ കടയടപ്പു സമരം നാളെ
Sunday, April 26, 2015 12:14 AM IST
തിരുവനന്തപുരം: കേരള സ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ടു സമരം നടത്തും. റേഷന്‍ വ്യാപാരി സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം.

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തിലും മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് ധര്‍ണ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്യും.

ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച കമ്മീഷന്‍ വര്‍ധനവായ 100 രൂപ ഭൂരിപക്ഷം റേഷന്‍ വ്യാപാരികള്‍ക്കും നിഷേധിക്കുകയും അശാസ്ത്രീയമായ സോണ്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇത് 88.92 രൂപ യാക്കി കുറയ്ക്കുകയും ചെയ്തു.


പെന്‍ഷന്‍ പ്രായം 60 ആക്കുമെന്നും പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നുമുള്ള ഉറപ്പും നാലു മാസം പിന്നിട്ടിട്ടും നടപ്പാക്കിയില്ല. നിലവിലെ കമ്മീഷന്‍ തുകപോലും നാലു മാസം കുടിശികയാണ്. ഈ സ്ഥിതിയില്‍ റേഷന്‍ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എസ് സുരേന്ദ്രന്‍, ശ്രീകാര്യം നടേശന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.