ദുരന്തഭീതി വിട്ടുമാറാതെ അപര്‍ണ നാട്ടിലെത്തി
ദുരന്തഭീതി വിട്ടുമാറാതെ  അപര്‍ണ നാട്ടിലെത്തി
Tuesday, April 28, 2015 12:11 AM IST
മുക്കം (കോഴിക്കോട്): "എന്റെ കര്‍ത്താവേ, ശരിക്കും ഞങ്ങള്‍ ഭയന്നുപോയി, ഇനി നാട്ടില്‍ തിരിച്ചെത്താനാകുമെന്നോ പപ്പയെയും മമ്മിയെയും കാണാന്‍ പറ്റുമെന്നോ ഒരിക്കലും കരുതിയില്ല. അത്ര ഭീകരമായിരുന്നു ഞങ്ങളുടെ കണ്‍മുന്നിലെ കാഴ്ചകള്‍. ഒന്നും രണ്ടുമല്ല നിരവധി തവണയാണു ഭൂമി കുലുങ്ങിയത്''. നേപ്പാളിലുണ്ടായ ദുര ന്തം നേരിട്ടനുഭവിച്ചു നാട്ടില്‍ തിരിച്ചെത്തിയ അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ ഏകമലയാളിയായ അപര്‍ണ റോയിയുടെ വാക്കുകളാണി ത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപര്‍ണ കരിപ്പൂരില്‍ വിമാനമിറങ്ങിയത്.

ഇറാനുമായി ഉച്ചയ്ക്കുശേഷം നടക്കുന്ന മത്സരത്തിനു മുന്നോടിയായി രാവിലെ മുതല്‍ ഗ്രൌണ്ടില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു അപര്‍ണയും കൂട്ടുകാരും. പ്രാക്ടീസിനു ശേഷം രാവിലെ 11.30ഓടെ ഗ്രൌണ്ടിനു സമീപത്തെ ഡ്രസിംഗ് റൂമിലിരിക്കുമ്പോഴാണു ഭൂമി കുലുങ്ങുന്നതായി തോന്നിയത്. രണ്ടു മിനിറ്റിനു ശേഷം ശക്തമായി ഭൂമി കുലുങ്ങി. പരിഭ്രാന്തരായെങ്കിലും ഗ്രൌണ്ടിലേക്കു പോകാന്‍ ടീം കോച്ചും ഒഫീഷ്യല്‍സും വിളിച്ചുപറയുകയായിരുന്നു. എല്ലാവരും ഗ്രൌണ്ടിന് നടുവില്‍ ഇരുന്നു.

കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ശബ്ദവും ആളുകളുടെ കൂട്ടനിലവിളിയും കേള്‍ക്കാമായിരുന്നുവെന്ന് അപര്‍ണ പറഞ്ഞു. ഇരുട്ടു വീഴുന്നതുവരെ തുടര്‍ചലനങ്ങള്‍ തുടര്‍ന്നു. നാട്ടിലെത്താന്‍ കഴിയില്ലെന്ന് ഉറച്ചുവിശ്വസിച്ച സമയമായിരുന്നു അത്. ഭൂചലനം നിന്നപ്പോള്‍ റൂമിലെത്തി ഭക്ഷണം കഴിച്ചെന്നുവരുത്തി തിരിച്ചു ഗ്രൌണ്ടില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടി. വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതു രാത്രി എട്ടര യോടെയാണ്. കാഠ്മണ്ഡുവില്‍ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം തകര്‍ന്നിരുന്നു.ഞായറാഴ്ച രാവിലെ ഒമ്പതോടെയാണു കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍നിന്നു ഡല്‍ഹിയിലേക്കു യാത്രതിരിക്കാനായത്. വൈകിട്ട് അഞ്ചോടെ ഡല്‍ഹിയിലെത്തി അവിടെ തങ്ങിയ ടീമംഗങ്ങള്‍ തിങ്കളാഴ്ച കോയമ്പത്തൂരിലെത്തി. അവിടെനിന്നാണ് അപര്‍ണ കരിപ്പൂരിലേക്ക് എത്തിയത്.


18 കളിക്കാരും അഞ്ച് ഒഫീഷ്യലുകളുമാണ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. മാര്‍ച്ച് 20 മുതല്‍ ഈ മാസം 18 വരെ ഗുജറാത്തില്‍ പരിശീലനം നടത്തി. 18നാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ സംഘടിപ്പിച്ച മത്സരത്തിനായി നേപ്പാളിലേക്കു പോയത്.

രണ്ടു മത്സരങ്ങള്‍ ജയിക്കുകയും ഒന്നില്‍ സമനില നേടുകയും ചെയ്ത ടീം ഇറാനുമായി ലൂസേഴ്സ് ഫൈനല്‍ കളിക്കാനിരിക്കെയാണു ദുരന്തം നേരിട്ടത്. ആദ്യമത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ഗോള്‍ നേടിയത് അപര്‍ണ റോയി ആയിരുന്നു. കരിപ്പൂരിലെത്തിയ അപര്‍ണയെ അച്ഛന്‍ റോയിയും അമ്മയും മറ്റു ബന്ധുക്കളും ചേര്‍ന്നു സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.