റബര്‍ കര്‍ഷകര്‍ നിരാശരെന്നു വി.എം. സുധീരന്‍
റബര്‍ കര്‍ഷകര്‍ നിരാശരെന്നു വി.എം. സുധീരന്‍
Tuesday, April 28, 2015 12:51 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാതെ റബര്‍ കര്‍ഷകരെ നിരാശയിലേക്ക് തള്ളിവിടുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. റബര്‍ വിലയിടിവിനെതിരെയും റബര്‍ബോര്‍ഡ് കാട്ടുന്ന അനാസ്ഥയ്ക്കെതിരെയും കര്‍ഷക സംഘടനകളുടെ ഐക്യവേദി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവന്‍ സമയ ചെയര്‍മാന്‍ പോലുമില്ലാത്ത റബര്‍ ബോര്‍ഡ് കര്‍ഷകരെ സംരക്ഷിക്കുന്നതിനു പകരം സംഹരിക്കുകയാണു ചെയ്യുന്നത്. സംരക്ഷിക്കേണ്ട ഉത്തരവാദപ്പെട്ട അധികാരികളുടെ അനാസ്ഥയുടെ പ്രതീകമായി ബോര്‍ഡ് മാറി.

കര്‍ഷകരോട് ഉത്തരവാദിത്തവും വ്യക്തമായ നയമുള്ളതുമായ ബോര്‍ഡാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതിനു വിരുദ്ധമായ നിലപാടുമായി കേന്ദ്രം മുന്നോട്ടു പോകുന്നു. കര്‍ഷകര്‍ക്കു ആശങ്കകളും ഭീഷണികളും വളര്‍ത്തുന്ന നിലപാടിലേക്കു കേന്ദ്രം മാറി. റബര്‍ ബോര്‍ഡിന്റെ പേരില്‍ കര്‍ഷകരെ തകര്‍ക്കുകയാണു കേന്ദ്രം ചെയ്യുന്നത്. റബറിന്റെ ഉപഭോഗവും ഉല്പാദനവും സംബന്ധിച്ചു തയാറാക്കിയ റിപ്പോര്‍ട്ടു വരെ ബോര്‍ഡ് തട്ടിക്കൂട്ടുകയായിരുന്നു. കൃത്യമായ സ്ഥിതിവിവരം തയാറാക്കാനും റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ഉറപ്പാക്കാനും റബര്‍ബോര്‍ഡ് പുനഃസ്ഥാപിക്കാനും കേന്ദ്രം തയാറാകണം. റബര്‍ ഇറക്കുമതിയില്‍ കേന്ദ്ര നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടയര്‍കമ്പനികള്‍ക്കുവേണ്ടി ദാസ്യവേല ചെയ്യുകയാണ്. ഇത്തവണത്തെ കേന്ദ്രബജറ്റ് റബര്‍ കര്‍ഷകരെ നിരാശപ്പെടുത്തിയെന്നും ടയര്‍ ഇതര റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം എട്ട് ശതമാനത്തില്‍നിന്നും ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ. ചിത്രഭാനു അധ്യക്ഷതവഹിച്ചു.


ജോയി ഏബ്രഹാം എംപി, പി.സി. തോമസ്, ഉഴവൂര്‍ വിജയന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, വി. ചാമുണ്ണി, മാത്യു സ്റീഫന്‍, പി.സി. സിറിയക്, സുരേഷ് കോശി, ടോമി കല്ലാനി, ബിജു മറ്റപ്പള്ളി, ലതികാ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.