ഗതാഗത നിയന്ത്രണവും വൈദ്യുതിമുടക്കവും പ്രവേശനപരീക്ഷയ്ക്ക് എത്തിയവരെ വലച്ചു
Monday, May 4, 2015 12:25 AM IST
കൊച്ചി: തൃപ്പൂണിത്തുറ മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണവും വൈദ്യുതിമുടക്കവും പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളെ വലച്ചു.

മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ ഇന്നലെ രാവിലെ തൃപ്പൂണിത്തുറയിലെ പരീക്ഷാകേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥികളാണു ദുരിതത്തിലായത്.

കൊച്ചി എണ്ണശുദ്ധീകരണശാലയുടെ വികസനത്തിനാവശ്യമായ കൂറ്റന്‍ യന്ത്രങ്ങള്‍ തൃപ്പൂണിത്തുറ വഴി അമ്പലമുകളിലേക്കു കൊണ്ടുപോകുന്നതിന്റെ ഭാഗമായി മേഖലയിലെങ്ങും ഇന്നലെ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണവും വൈദ്യുതിമുടക്കവും ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു വിവിധ സ്ഥലങ്ങളില്‍നിന്നു നഗരത്തിലെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളുമൊക്കെ നട്ടം തിരിഞ്ഞത്.


സ്വകാര്യ വാഹനങ്ങളിലും ബസുകളിലുമൊക്കെയായി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരോടൊപ്പം വന്ന ബന്ധുക്കളും പരീക്ഷാ കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍ കണ്െടത്താന്‍ ഏറെ ബുദ്ധിമുട്ടി. പരീക്ഷാകേന്ദ്രങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ വൈദ്യുതിയില്ലാത്തതിനാല്‍ കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ചാണു പ്രവേശന പരീക്ഷ പൂര്‍ത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.