ബാര്‍ കോഴ: മാണിയുടെ മൊഴി എടുക്കാന്‍ വിജിലന്‍സ് സമയം തേടി
ബാര്‍ കോഴ:  മാണിയുടെ മൊഴി എടുക്കാന്‍  വിജിലന്‍സ് സമയം തേടി
Thursday, May 7, 2015 12:23 AM IST
തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് കോടതിയെ അറിയിച്ചതിനു പിന്നാലെ വിജിലന്‍സ് ധനമന്ത്രി കെ.എം. മാണിയുടെ മൊഴിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. മൊഴിയെടുക്കാനായി സമയം ചോദിച്ചെങ്കിലും ഈ ആഴ്ച ഔദ്യോഗിക തിരക്കുകളുള്ളതിനാല്‍ കഴിയില്ലെന്നു മന്ത്രിയുടെ ഓഫീസ് വിജിലന്‍സിനെ അറിയിച്ചതായാണു സൂചന. ഇന്ത്യയിലെ ധനമന്ത്രിമാരുടെ യോഗവും കോഴിക്കോട് യാത്രയുമുള്ളതിനാല്‍ സമയം പിന്നീട് അറിയിക്കാമെന്നാണു മന്ത്രിയുടെ ഓഫീസ് വിജിലന്‍സിനെ അറിയിച്ചത്. ഇതുവരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാകും മൊഴിയെടുക്കല്‍. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കും.


അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കെ.എം. മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ബാറുടമകള്‍ അടക്കം 300- ലേറെ പേരുടെ മൊഴി വിജിലന്‍സ് ശേഖരിച്ചിരുന്നു. ബാറുടമ ബിജു രമേശും ഡ്രൈവര്‍ അമ്പിളിയും മാത്രമാണ് ഇതുവരെ മാണിക്കെതിരേ മൊഴി നല്‍കിയിട്ടുള്ളതെന്നാണു ലഭിക്കുന്ന വിവരം. ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനാ നേതാക്കള്‍ അടക്കമുള്ളവരെയും ബിജു രമേശിന്റെ ഡ്രൈവറേയും നുണ പരിശോധന നടത്താനുള്ള ശ്രമം കൂടി അന്വേഷണ സംഘത്തലവനായ എസ്പി ആര്‍. സുകേശന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.