308 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കു സര്‍ക്കാര്‍ അംഗീകാരം
Thursday, May 7, 2015 12:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 308 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കു (കേരള സിലബസ്) സര്‍ക്കാര്‍ അംഗീകാരം നല്‍കി. സര്‍ക്കാര്‍ നിബന്ധനകള്‍ അനുസരിച്ച് യോഗ്യതകളുള്ളതായി വിദ്യാഭ്യാസവകുപ്പ് സമര്‍പ്പിച്ച അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

സര്‍ക്കാരിന്റെ ഔപചാരിക അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കു മാത്രമേ അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി ലഭിക്കൂ. വിദ്യാഭ്യാസചട്ടം അനുസരിച്ച് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കില്ല. അഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണു പ്രധാനമായും അംഗീകാരം നല്‍കിയത്. 300 കുട്ടികളെങ്കിലും സ്കൂളുകളിലുണ്ടാകണം; സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരാകണം അധ്യാപകര്‍. സ്കൂളിന് സ്വന്തമായി മൂന്ന് ഏക്കര്‍ സ്ഥലം ഉണ്ടാകണം; സ്വന്തമായി കെട്ടിടമുണ്ടാകണം; അധ്യാപകര്‍ക്കു സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുള്ള നിരക്കില്‍ ശമ്പളവും നല്‍കണം എന്നിവയാണു നിബന്ധനകള്‍.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുതല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വരെ വിവിധ തലങ്ങളില്‍ പരിശോധന നടത്തി ശിപാര്‍ശ ചെയ്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയതെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ദീപികയോടു പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായാണ് അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം മുതല്‍ ലഭിച്ച അപേക്ഷകളിലാണ് ഇപ്പോള്‍ ആദ്യഘട്ട അംഗീകാരം നല്‍കുന്നത്. മറ്റുള്ള സ്കൂളുകളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കിയാല്‍ വീണ്ടും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

1500-ലേറെ അണ്‍ എയ്ഡഡ് സ്കൂളുകളാണു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതെന്നാണു കണ്െടത്തിയിട്ടുള്ളത്. ബാക്കിയുള്ള സ്കൂളുകളും അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി അംഗീകാരത്തിന് അപേക്ഷ നല്‍കുമെന്നാണു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.