പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു
പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു
Friday, May 22, 2015 11:52 PM IST
തലശേരി: പിണറായി ഓലയമ്പലത്തു പാചകവാതക ടാങ്കര്‍ ലോറി (എല്‍പിജി ബുള്ളറ്റ്) നിയന്ത്രണംവിട്ടു മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ രണ്േടാടെ പിണറായിയിലെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. ഹൈടെന്‍ഷന്‍ വൈദ്യുത തൂണുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ത്താണു ടാങ്കര്‍ലോറി മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ക്കു പരിക്കേറ്റു. ടാങ്കറില്‍നിന്നു പാചകവാതകം ചോരാതിരുന്നതിനാല്‍ വന്‍ദുരന്തം വഴിമാറി.

അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ മണിയാരം സ്ട്രീറ്റില്‍ മുരുകേഷ് (53), ക്ളീനര്‍ ട്രിച്ചിയിലെ തമിഴ്ശെല്‍വന്‍ (20) എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 12ഓടെയാണു വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി ടാങ്കര്‍ നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നു ഗതാഗതം പൂര്‍ണമായും നിരോധിച്ച കൊടുവള്ളി-മമ്പറം റൂട്ടില്‍ ഉച്ചയോടെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. ടാങ്കര്‍ മറിഞ്ഞ വിവരമറിഞ്ഞയുടന്‍ സുരക്ഷയുടെ ഭാഗമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. അപകടം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.


മംഗലാപുരത്തുനിന്നു കൊച്ചിയിലേക്കു പാചകവാതകം കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കറാണു നിയന്ത്രണംവിട്ടു മറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.