അപേക്ഷത്തീയതി നീട്ടിയില്ലെങ്കില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഏകജാലകത്തില്‍നിന്നു പുറത്താകും
Saturday, May 23, 2015 1:39 AM IST
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ളാസ് ഫലപ്രഖ്യാപനം വൈകുന്നതു പതിനായിരക്കണക്കിനു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. പരീക്ഷാഫലം വരാതെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഏകജാലകപ്രവേശനത്തിനു അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് സിബിഎസ്ഇ വിദ്യാര്‍ഥികള്‍. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെഴുതിയ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികളാണു സംസ്ഥാനത്തുള്ളത്.

സിബിഎസ്ഇ ബോര്‍ഡിന്റെ ആദ്യ അറിയിപ്പ് മേയ് 21 നു ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ ഫലപ്രഖ്യാപനം മാറ്റിവച്ചു. ഇനി എന്നാണ് ഫലപ്രഖ്യാപനം നടത്തുന്നതെന്നുപോലും വ്യക്തതയില്ല. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 25 ആണ്. നിലവിലുള്ള സൂചനകള്‍ അനുസരിച്ച് 25 നുള്ളില്‍ സിബിഎസ്ഇ ഫലപ്രഖ്യാപനം നടത്താനുള്ള സാധ്യത വിരളമാണ്.


നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള തീയതി നീട്ടിയാല്‍ മാത്രമേ സിബിഎസ്ഇ പത്താം ക്ളാസ് പാസാകുന്നവര്‍ക്ക് ഇക്കുറി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറിയില്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികളും പഠനം ആരംഭിക്കുന്നതും സംബന്ധിച്ചുള്ള തീയതികള്‍ മുന്‍കൂട്ടി തീരുമാനിച്ചതിനാല്‍ ഇക്കാര്യത്തില്‍ മാറ്റംവരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകുമോ എന്ന സംശയവും നിലനില്ക്കുന്നു. സിബിഎസ്ഇയില്‍ പത്താം ക്ളാസ് പാസാകുന്നതില്‍ പകുതിയോളം വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറിയില്‍ സംസ്ഥാന സിലബസിലേയ്ക്കു മാറുന്നതാണു മുന്‍വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്. ഇങ്ങനെ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്ന സ്ഥിതിയാണിപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.