എസ്എസ്എല്‍സി ഫലം: പിഴവ് അന്വേഷിക്കാന്‍ ഉന്നതതല സമിതി
Saturday, May 23, 2015 1:40 AM IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ നേരിട്ട പിഴവുകളെപ്പറ്റി അന്വേഷിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ അധ്യക്ഷനായുള്ള നാലംഗ സമിതിയെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവായി. സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫോമാറ്റിക്സ് ഡയറക്ടര്‍ അച്യുത് ശങ്കര്‍ എസ്. നായര്‍, ഐടി മിഷന്‍ ഡയറക്ടര്‍ കെ. മുഹമ്മദ്, വൈ. സയ്ഫ്റുള്ള, പരീക്ഷാ ഭവന്‍ മുന്‍ സെക്രട്ടറി ജോണ്‍സ് വി. ജോണ്‍ എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

എസ്എസ്എല്‍സി പരീക്ഷാ ഫലം പിഴവുകളില്ലാതെ നിശ്ചിത തീയതിക്കുള്ളില്‍ പ്രസിദ്ധീകരിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്േടാ, ഫലം തയാറാക്കുന്ന പ്രക്രിയയില്‍ മൂല്യ നിര്‍ണയ കേന്ദ്രങ്ങളിലും പരീക്ഷാ, കമ്മീഷണറേറ്റിലും പിഴവുകള്‍ ഉണ്ടായിട്ടുണ്േടാ എന്നും പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ ഉണ്ടായ പിഴവുകളെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തി ഡിപിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.