ഐഐഎം പ്രവേശന പരീക്ഷ തട്ടിപ്പ്: രണ്ടു പ്രതികള്‍ക്കു ജാമ്യം
Thursday, May 28, 2015 12:23 AM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) പൊതുപ്രവേശന പരീക്ഷാഫലം അട്ടിമറിച്ച കേസില്‍ പ്രതികളായ ലക്നോ സ്വദേശികളായ അസ്ലം അഹമ്മദ്, സൈഗാം അബ്ബാസ് എന്നിവര്‍ക്ക് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കെ.എസ്. അംബിക ജാമ്യം അനുവദിച്ചു.

ഒരു ലക്ഷം രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണ് ജാമ്യം നല്‍കിയത്. ജാമ്യക്കാര്‍ രണ്ടുപേരും മലയാളികളായിരിക്കണം, ഇവരുടെ ആധാരം പരിശോധനക്കായി കോടതിക്കു നല്‍കണം, പ്രതികള്‍ പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, എല്ലാ ബുധനാഴ്ചയും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണം പൂര്‍ത്തിയാവും വരെ കോടതിയുടെ അധികാര പരിധിക്കു പുറത്തുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് ഇവരെ സിബിഐ അറസ്റു ചെയ്തത്.

രാജ്യത്തെ ഐഐഎം കേന്ദ്രങ്ങളിലേക്കും പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കുമുള്ള പൊതുപ്രവേശന പരീക്ഷ ഊഴമനുസരിച്ച് ഐഐഎം കോഴിക്കോട് കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ 2012ല്‍ നടത്തിയപ്പോള്‍ മാര്‍ക്ക്ലിസ്റ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്ന ലഖ്നൌവിലെ വെബ് വീവേഴ്സ് എന്ന സ്ഥാപനത്തിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററെ ഉപയോഗിച്ച് അയോഗ്യരായ 80 വിദ്യാര്‍ഥികളുടെ പ്രവേശനപരീക്ഷ മാര്‍ക്ക് കൂട്ടിക്കൊടുത്ത് അവര്‍ക്ക് പ്രവേശനം ഉറപ്പാക്കിയെന്നാണു കേസ്. കരിയര്‍ ഗാര്‍ഡിയന്‍ എന്ന എന്‍ട്രന്‍സ് കോച്ചിംഗ് കേന്ദ്രത്തിലെ 80 അപേക്ഷകരില്‍ നിന്നായി രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വാങ്ങിയാണ് തട്ടിപ്പു നടത്തിയത്. 2012 ഒക്ടോബര്‍ 11നും നവംബര്‍ ആറിനുമാണ് രണ്ടു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത പ്രവേശന പരീക്ഷ നടന്നത്. വെബ് വീവേഴ്സ് ജീവനക്കാരനായിരുന്ന രണ്ടാം പ്രതി ആഫാഖ് ഷെയ്ഖിനെ കരുവാക്കിയാണ് ഇരുവരും ഐഐഎം പ്രവേശന പരീക്ഷയില്‍ കൃത്രിമം നടത്തിയത്.


കരിയര്‍ ഗാര്‍ഡിയന്‍ സ്ഥാപനത്തില്‍ നിന്നുള്ള അപേക്ഷകരുടെ ക്യാറ്റ് മാര്‍ക്ക് കൂട്ടിയിടാന്‍ വെബ് വീവേഴ്സ് യൂസര്‍ ഐഡിയും പാസ്വേഡും ആഫാഖ് ഷെയ്ഖ് അഹമ്മദ് അസ്ലമിനു നല്‍കിയതായി സിബിഐ കണ്െടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.