ക്ഷേമപെന്‍ഷന്‍ കുടിശിക ഡിസംബറിനു മുമ്പ്: ധനമന്ത്രി മാണി
ക്ഷേമപെന്‍ഷന്‍ കുടിശിക ഡിസംബറിനു മുമ്പ്: ധനമന്ത്രി മാണി
Thursday, May 28, 2015 12:25 AM IST
കൊച്ചി: കുടിശികയുള്ള മുഴുവന്‍ ക്ഷേമ പെന്‍ഷനുകളും ഡിസംബറിനു മുമ്പു കൊടുത്തുതീര്‍ക്കുമെന്നു ധനമന്ത്രി കെ.എം. മാണി. യുഡിഎഫ് മധ്യമേഖലാജാഥ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ ഓണ്‍ലൈനായി അതതു സമയത്തുതന്നെ നല്‍കും. വികസന, ക്ഷേമ രംഗങ്ങളില്‍ ഇത്രയേറെ വിജയം കൈവരിച്ച മറ്റൊരു സര്‍ക്കാര്‍ കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ഒരു പദ്ധതിയും നടക്കാതെ പോയിട്ടില്ല. ജീവകാരുണ്യ പദ്ധതികള്‍ക്കു ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയതും പദ്ധതികള്‍ പ്രഖ്യാപിച്ചതും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാണ്.

സിപിഎമ്മിന്റെ കാലിനടിയില്‍നിന്നു മണ്ണ് ഒഴുകിപ്പോവുകയാണ്. പാര്‍ട്ടി അംഗത്വത്തിലും യുവജന പ്രസ്ഥാനങ്ങളിലെ അംഗത്വത്തിലുമൊക്കെ വലിയ ഇടിവുണ്ടായതായി അവര്‍ തന്നെ പറയുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇപ്പോള്‍ താഴെയിറക്കും എന്നു പറഞ്ഞു നടന്നവരുടെ പാര്‍ട്ടിയില്‍ നിന്നാണു കൊഴിഞ്ഞുപോക്കുണ്ടായതെന്നതാണ് ശ്രദ്ധേയം. വി.എസ്. അച്യുതാനന്ദനു പാര്‍ട്ടി വധശിക്ഷ വിധിച്ചശേഷം ഇപ്പോള്‍ ജീവപര്യന്തം തടവാക്കിയിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധനായ ഒരാള്‍ക്ക് എങ്ങനെ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയുമെന്നു ചോദിച്ച മാണി, വി.എസ് മാര്‍ക്സിസ്റുപാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണെന്നും പറഞ്ഞു.

ജാഥാക്യാപ്റ്റനും കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറിയുമായ ഡോ. എന്‍. ജയരാജ് എംഎല്‍എയ്ക്കു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പതാക കൈമാറി. ഉദ്ഘാടനചടങ്ങില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ.ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എം.എം. ഫ്രാന്‍സീസ് സ്വാഗതം ആശംസിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, അഹമ്മദ് കബീര്‍, ലൂഡി ലൂയിസ്, വി.പി. സജീന്ദ്രന്‍, ടി.യു. കുരുവിള, അന്‍വര്‍ സാദത്ത്, കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാനും ജാഥ വൈസ് ക്യാപ്റ്റനുമായ ജോണി നെല്ലൂര്‍, മേയര്‍ ടോണി ചമ്മണി, ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ്, വിവിധ കക്ഷി നേതാക്കളായ അഡ്വ. രാജന്‍ ബാബു, പ്രഫ.വി.ജെ.പാപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.


ജാഥയുടെ ജില്ലയിലെ പര്യടനം ഇന്നു കോതമംഗലത്തു പൂര്‍ത്തിയാക്കും. ഇന്നലെ ഞാറയ്ക്കല്‍, പറവൂര്‍ ടൌണ്‍, ആലുവ, പാതാളം ജംഗ്ഷന്‍, കാക്കനാട് എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി ചുള്ളിക്കലില്‍ സമാപിച്ചു. ജാഥ ഉച്ചയ്ക്കു പറവൂരില്‍ എത്തിയപ്പോള്‍ ചാവക്കാട്ടുനിന്ന് ആലുവയിലേക്കു കാറില്‍ യാത്ര ചെയ്തിരുന്ന എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്റെ വാഹനത്തില്‍ ഇരുന്നു ജാഥയെ അഭിവാദ്യം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു.

ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നു രാവിലെ ഒന്‍പതിനു അങ്കമാലിയില്‍ നിന്നു ജാഥ പര്യടനം ആരംഭിക്കും. 10.30 ന് പെരുമ്പാവൂര്‍, 11.30 ന് കോലഞ്ചേരി, മൂന്നിന് പിറവം ത്രീറോഡ്, നാലരയ്ക്കു മൂവാറ്റുപുഴ ടൌണ്‍ ഹാള്‍, ആറിനു കോതമംഗലം ചെറിയ പള്ളിത്താഴം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. സമാപന സമ്മേളനം പി.പി.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. 29, 30, 31, ജൂണ്‍ ഒന്നു തീയതികളില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജാഥ പര്യടനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.