മരുന്നുകള്‍ വിലക്കുറവില്‍ നല്കാന്‍ ജനൌഷധി തുടങ്ങും
Friday, May 29, 2015 10:43 PM IST
കൊച്ചി: മരുന്നുകള്‍ കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യാന്‍ കേരളത്തില്‍ ജനൌഷധി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നു കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലാണു ജനൌഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുക. അര്‍ബുദ രോഗത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പടെ 512 മരുന്നുകള്‍ 60 ശതമാനം വിലക്കുറവില്‍ ഇത്തരം കേന്ദ്രങ്ങളില്‍നിന്നു ലഭി ക്കും.

രാജ്യമൊട്ടാകെ മൂവായിരത്തോളം ജനൌഷധി കേന്ദ്രങ്ങള്‍ തുടങ്ങാനാണു പദ്ധതി. ഏഴു സംസ്ഥാനങ്ങള്‍ ഇതിനോടകം ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഈ കരാറില്‍ ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടി എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളിലും സേവനം ചെയ്യുന്ന ആതുരശ്രുശ്രൂഷാ കേന്ദ്രങ്ങളിലും ജനൌഷധി ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. മരുന്നുമാഫിയയില്‍നിന്നു രാജ്യത്തെ മോചിപ്പിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാസവള ഉത്പാദനശാലയായ ഫാക്ടിനെ രക്ഷിക്കാന്‍ പുതിയ പുനരുദ്ധാരണ പദ്ധതി ആസൂത്രണം ചെയ്തു വരികയാണ്. ഒന്നോ രണ്േടാ വര്‍ഷത്തേക്കായിട്ടല്ല ഈ പാക്കേജ്. ദീര്‍ഘകാലത്തേക്കാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ റബറിന്റെ വിലയിടിവ് ഏറ്റവും രൂക്ഷമാണ്. മുന്‍ യുപിഎ സര്‍ക്കാര്‍ ചെയ്തു വച്ച കാര്യങ്ങളാണ് ഇതിനു കാരണം. റബര്‍ കര്‍ഷകരെ ദുരിതത്തില്‍നിന്നു രക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യും. യുദ്ധം രൂക്ഷമായ വിദേശരാജ്യങ്ങളില്‍നിന്നു കേരളത്തിലേതുള്‍പ്പടെ നഴ്സുമാരെ രക്ഷിച്ചു കൊണ്ടുവന്നതു മോദി സര്‍ക്കാരാണ്.

അഴിമതിയും കുംഭകോണങ്ങളുമായിരുന്നു മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോടും ഒന്നും പറയാതെയാണ് 57 ദിവസത്തെ വിദേശയാത്രയ്ക്കു പോയത്.

ഒരു പൊതു പ്രവര്‍ത്തകന്‍ ഒരിക്കലും ഇത്രയും നീണ്ട ഹോളിഡേ ആഘോഷിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ഇതുവരെ ഏഴു ലക്ഷം കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് എത്തിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ന്യൂട്രല്‍ ഗിയറില്‍ പോകുന്നയാളാണു കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി റിവേഴ്സ് ഗിയറിലാണു പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.