ശൈശവ വിവാഹത്തിനു ശ്രമം: പെണ്‍കുട്ടി മൊഴി നല്‍കി
Saturday, May 30, 2015 12:26 AM IST
തൊടുപുഴ: വിവാഹപ്പന്തലില്‍നിന്നു രക്ഷപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ എത്തി മൊഴി നല്‍കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മൊഴി റിക്കാര്‍ഡ് ചെയ്തു. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കസ്റഡിയിലെടുത്ത് അടിമാലി ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

കേസിനെക്കുറിച്ച് അന്വേഷിച്ച് അടുത്തമാസം ഒന്നിനു മുമ്പു വിശദീകരണം നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശാന്തന്‍പാറ പോലീസിനു നിര്‍ദേശം നല്‍കി.

മുട്ടുകാട് സ്വദേശിയായ പെണ്‍കുട്ടിയാണു തമിഴ്നാട്ടിലെ വിവാഹപന്തലില്‍നിന്നു ബന്ധുക്കളുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്. തമിഴ് വംശജയായ പെണ്‍കുട്ടിയും മാതാപിതാക്കളും വര്‍ഷങ്ങളായി മുട്ടുകാട്ടിലാണു താമസം.

തേനി ജില്ലയിലെ വീരപാണ്ടി സ്വദേശിയുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണ്.


ഇതിനിടെ കഴിഞ്ഞദിവസം വിവാഹം നടത്താനായി മാതാപിതാക്കള്‍ പെണ്‍കുട്ടിയെയും കൂട്ടി തേനി വീരപാണ്ടിയിലെത്തിയിരുന്നു. വിവാഹചടങ്ങുകള്‍ക്കിടെ താലിമാല വലിച്ചെറിഞ്ഞു പെണ്‍കുട്ടി ഇറങ്ങി ഓടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ തമിഴ്നാട് ബസില്‍ മൂന്നാറിലെത്തിയ പെണ്‍കുട്ടി ഒരു കടയില്‍ അഭയം തേടി.

സംശയം തോന്നിയ കട ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി പെണ്‍കുട്ടിയെ സുരക്ഷിത താവളത്തിലേക്കു മാറ്റി. അടുത്തിടെ, മൂന്നാറില്‍ ശൈശവ വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞിരുന്നു. തോട്ടം മേഖലയായ മൂന്നാറില്‍ കൂടുതലും തമിഴ് വംശജരാണു താമസിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തമിഴ്നാട്ടിലുള്ള ബന്ധുക്കളായ യുവാക്കളുമായി വിവാഹം കഴിപ്പിച്ചയയ്ക്കുന്നതു പതിവു സംഭവമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.