15 സ്കൂളുകള്‍ക്കു പ്ളസ്ടു അധിക ബാച്ച് താത്കാലികമായി അനുവദിക്കണം: ഹൈക്കോടതി
15 സ്കൂളുകള്‍ക്കു പ്ളസ്ടു  അധിക ബാച്ച് താത്കാലികമായി അനുവദിക്കണം: ഹൈക്കോടതി
Saturday, May 30, 2015 12:36 AM IST
കൊച്ചി: സംസ്ഥാനത്ത് 15 സ്കൂളുകള്‍ക്കു കൂടി പ്ളസ്ടു അധിക ബാച്ച് താത്കാലികമായി അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവു നല്‍കി. പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഒന്‍പത് ഹര്‍ജികളിലാണു ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

പുതിയ പ്ളസ് ടു വിഭാഗവും അധിക ബാച്ചുകളും തുടങ്ങാന്‍ 2013 ജൂണ്‍ 11ലെ ഉത്തരവു പ്രകാരം അനുമതി ലഭിച്ച എല്ലാ സ്കൂളുകള്‍ക്കും ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കണം. ഏകജാലകം മുഖേനയുള്ള അലോട്ട്മെന്റില്‍ ഈ സ്കൂളുകളെ ഉള്‍പ്പെടുത്തണം.


പ്ളസ്ടു അനുവദിക്കാന്‍ നിയമിച്ച ആറംഗ വിദഗ്ധ സമിതിയുടെ ശിപാര്‍ശയില്‍പ്പെട്ടതും പെടാത്തതുമായ ഹര്‍ജിക്കാരുടെ സ്കൂളുകള്‍ പ്രാദേശിക വിദ്യാഭ്യാസ ആവശ്യം കണക്കിലെടുക്കുമ്പോള്‍ പ്ളസ് ടു അധിക ബാച്ചിന് അര്‍ഹരാണോ എന്നു പരിശോധിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 12നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

ഹര്‍ജിക്കാര്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ പറയാനുള്ളതു കേള്‍ക്കണമെന്നും സ്കൂളിലെ സൌകര്യവും അധ്യാപകരുടെ ലഭ്യതയും മറ്റും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.