മുഖപ്രസംഗം: നഴ്സിംഗ് തൊഴില്‍സാധ്യത നഷ്ടപ്പെടുത്തരുത്
Wednesday, June 3, 2015 11:29 PM IST
വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമായി അനുമതി പരിമിതപ്പെടുത്തിയത് ഈ മേഖലയില്‍ നടക്കുന്ന ചൂഷണം ഒഴിവാക്കാനും ചുരുങ്ങിയ ചെലവില്‍ വിദേശജോലിക്കുള്ള അവസരം ഒരുക്കുന്നതിനുമാണ്. കേരള സര്‍ക്കാര്‍തന്നെയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസിമന്ത്രി കെ.സി. ജോസഫും ഇക്കാര്യം വീണ്ടും ശക്തമായി ഉന്നയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത ഏജന്‍സികള്‍ ഏപ്രില്‍ 30നുശേഷം റിക്രൂട്ട്മെന്റ് നടത്താന്‍ പാടില്ലെന്നു കേന്ദ്രം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഈ ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുമ്പു ചെയ്യേണ്ട ചില കാര്യങ്ങളുണ്ടായിരുന്നു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടു നഴ്സിംഗ് ജോലി സംബന്ധിച്ച ഒഴിവുകള്‍ കണ്െടത്താനും അതു പരമാവധി നമ്മുടെ നഴ്സുമാര്‍ക്കു വാങ്ങിക്കൊടുക്കാനുമുള്ള നടപടിക്രമങ്ങള്‍ എടുക്കേണ്ടതായിരുന്നു. അതൊന്നും ചെയ്തിട്ടില്ല. വേണ്ടത്ര മുന്നൊരുക്കമില്ലാതെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സികളെ ഒഴിവാക്കാനുള്ള തീരുമാനം ഉടനടി നടപ്പാക്കരുതെന്നും മൂന്നുമാസത്തെ സാവകാശം നല്‍കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരിക്കുകയാണ്. സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ഒരു നിര്‍ദേശം അതിന്റെ യഥാര്‍ഥ പ്രയോജനം ലഭ്യമാകത്തക്കവിധം ക്രമപ്പെടുത്തുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ സത്വര ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

അമേരിക്ക, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇന്ത്യക്കാരായ നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ വലിയൊരു പങ്ക് മലയാളികളാണ്. ഏതൊരു വിദേശരാജ്യത്തും ഗുരുതരമായ ആഭ്യന്തരപ്രശ്നമുണ്ടാകുമ്പോള്‍ അവിടെനിന്നു മടങ്ങേണ്ടിവരുന്നവരില്‍ നല്ലൊരു ഭാഗം മലയാളി നഴ്സുമാരായിരിക്കും. ലിബിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഈയിടെ ആഭ്യന്തരയുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ അവിടെ കുടുങ്ങിയ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ ഏറെ ക്ളേശിക്കേണ്ടിവന്നു.

പല വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഏറെ തൊഴില്‍ സാധ്യതയുണ്ട്. ഈ സാധ്യത മുതലെടുത്ത് സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഈ മേഖലയില്‍ യഥേഷ്ടം വളര്‍ന്നു. നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ വന്‍തട്ടിപ്പു നടത്തിയ ചില സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ ഈയിടെ പിടികൂടിയിരുന്നു. ലക്ഷങ്ങളാണ് ഇവര്‍ ജോലി തരപ്പെടുത്തിക്കൊടുക്കാന്‍ വാങ്ങിയത്. പണം നല്‍കിയ നിരവധിപേര്‍ ജോലി ലഭിക്കാതെ കബളിപ്പിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണു നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ സ്വകാര്യ ഏജന്‍സികള്‍ക്കു കടിഞ്ഞാണിടണമെന്ന ആവശ്യം ശക്തമായത്.

മൂന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമാണിപ്പോള്‍ വിദേശത്തേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കേന്ദ്രാനുമതി ഉള്ളത്. കേരളത്തിലെ നോര്‍ക്കാ-റൂട്സ്, ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ളോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ്(ഒഡെപെക്) എന്നീ സ്ഥാപനങ്ങളും തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനവും ആണിവ. 18 ഇസിആര്‍ രാജ്യങ്ങളില്‍ കുവൈറ്റുമായി മാത്രമാണ് ഇതിനോടകം നഴ്സസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അതതു രാജ്യത്തെ ഇന്ത്യന്‍ എംബസികളുടെ സഹകരണവും സഹായവും അനിവാര്യമാണ്.


വന്‍തുക മുടക്കിയാണു കുട്ടികള്‍ കേരളത്തിലും പുറത്തും നഴ്സിംഗ് പഠനം നടത്തുന്നത്. അതിനുശേഷം തുച്ഛമായ ശമ്പളത്തില്‍ നാട്ടില്‍ ജോലി ചെയ്താല്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍പോലും പലര്‍ക്കും കഴിയില്ല. അതുകൊണ്ട് എത്ര തുക മുടക്കിയാലും വിദേശത്തേക്കു കടക്കാനാണ് മിക്കവരും ശ്രമിക്കുക. ഇവിടെ സര്‍ക്കാര്‍ മേഖലയില്‍ വളരെ കുറച്ചു നിയമനങ്ങളേ നടക്കുന്നുള്ളൂ. വിദേശത്ത് നഴ്സുമാര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും മികച്ച ശമ്പളവും ലഭിക്കുമെന്നതാണു കേരളത്തില്‍ നഴ്സിംഗ് പഠനത്തിന് കൂടുതലാളുകള്‍ ചേരാന്‍ കാരണമായത്. എന്നാല്‍, ഇപ്പോള്‍ വിദേശ ജോലിക്കു നിയന്ത്രണങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വരുന്നതു നഴ്സിംഗ് പഠനത്തോടുള്ള താത്പര്യം കുറച്ചിട്ടുണ്ട്. കേരളത്തില്‍ത്തന്നെ പല നഴ്സിംഗ് സ്കൂളുകളിലും പഴയതുപോലുള്ള തിരക്ക് അനുഭവപ്പെടുന്നില്ല. സംസ്ഥാനത്തിനു പുറത്തേക്കു നഴ്സിംഗ് പഠനത്തിനുള്ള ഒഴുക്കും കുറഞ്ഞിട്ടുണ്ട്. ഐഇഎല്‍ടിഎസ് പോലുള്ള യോഗ്യതാപരീക്ഷകള്‍ ഉയര്‍ന്ന സ്കോറോടെ പാസാകണമെന്ന കര്‍ശന നിയമവും വിദേശത്തേക്കുള്ള നഴ്സിംഗ് ജോലിക്കു തടസമാകുന്നുണ്ട്.

കേരളത്തില്‍നിന്നുള്ള റിക്രൂട്ട്മെന്റ് തടസപ്പെട്ടതു ഫിലിപ്പീന്‍സില്‍നിന്നും മറ്റുമുള്ള നഴ്സുമാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു. മലയാളി നഴ്സുമാരുടെ പ്രഫഷണല്‍ മികവ് വിദേശ തൊഴില്‍ദാതാക്കളെ ആകര്‍ഷിക്കുന്നുണ്െടങ്കിലും ആവശ്യം വന്നാല്‍ അവര്‍ മറ്റിടങ്ങളിലേക്കു തിരിയും. റിക്രൂട്ട്മെന്റ് സംബന്ധിച്ചു വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ സുഗമമായ ശേഷം മാത്രമേ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമനത്തിന്റെ ചുമതല പൂര്‍ണമായി ഏറ്റെടുക്കാവൂ. അതുവരെ നിലവിലുള്ള റിക്രൂട്ടിംഗ് ഏജന്‍സികളെ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടിയിരിക്കുന്നു. തട്ടിപ്പു നടത്തുന്ന ഏജന്‍സികളെ പിടികൂടാനുള്ള സംവിധാനം നമുക്കുണ്ട്. അതു കര്‍ശനമായി നടപ്പാക്കിയാല്‍ മതി. നോര്‍ക്ക റൂട്സും ഒഡെപെകും നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടികള്‍ കൂടുതല്‍ ശക്തമാകണം. അതിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. വിദേശത്തെ ഒഴിവുകള്‍ കണ്െടത്തി യഥാസമയം നിയമനം ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ മെല്ലെപ്പോക്ക് അവിടെ സംഭവിച്ചാല്‍ അവസരങ്ങള്‍ നമ്മെ കാത്തുനില്‍ക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായവും ഈ വിഷയത്തില്‍ നിര്‍ണായകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.