എല്‍എന്‍ജി പൈപ്പ്ലൈന്‍: നടപടി സ്വാഗതാര്‍ഹമെന്നു കേരള ചേംബര്‍
Wednesday, June 3, 2015 12:23 AM IST
കൊച്ചി: ദീര്‍ഘകാലമായി തടസപ്പെട്ടു കിടന്ന എല്‍എന്‍ജി പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ പുനരാരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണെ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഭിനന്ദിച്ചു.

ഗാര്‍ഹിക, വ്യവസായ മേഖലകളിലെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമുണ്ടാകാന്‍ എല്‍എന്‍ജി പദ്ധതി നടപ്പാകേണ്ടത് അനിവാര്യമാണ്. 4,500 കോടി രൂപ നിക്ഷേപിച്ച് ആരംഭിച്ച പദ്ധതി പൂര്‍ണമായും നടപ്പാക്കാനാകാത്തതു പൊതുനഷ്ടമാണ്. തീര്‍ത്തും അപകടരഹിതമാണ് പ്രകൃതിവാതകം. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ല.എല്‍എന്‍ജി പദ്ധതി നടപ്പാക്കുന്നതോടെ ഗണ്യമായ പുരോഗതിയുണ്ടാകും.


പദ്ധതി പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബറിന്റെ നേതൃത്വത്തില്‍ നിരവധി പരിപാടികളും ശ്രമങ്ങളും നടത്തിയിരുന്നു.

ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെഗാ അസംബ്ളിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത് പദ്ധതി നടപ്പാക്കാനുളള നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചീഫ് സെക്രട്ടറി നല്‍കുന്ന പിന്തുണ വളരെ പ്രതീക്ഷയോടെയാണ് വ്യവസായ ലോകം കാണുന്നതെന്നും കേരള ചേംബര്‍ ചെയര്‍മാന്‍ മാത്യു കുരുവിത്തടം പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.