മുളകുപൊടി വിതറി വ്യാപാരിയുടെ 1.2 ലക്ഷം രൂപയും 14 പവനും കവര്‍ന്നു
Wednesday, June 3, 2015 12:39 AM IST
കാസര്‍ഗോഡ്: കാറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു കണ്ണില്‍ മുളകുപൊടി വിതറി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ചെര്‍ളടുക്കയില്‍ ഇന്റര്‍ലോക്ക് ഫാക്ടറി നടത്തുന്ന ചെങ്കള പൊടിപ്പള്ളത്തെ അബ്ദുള്‍ അസീസി(40)നെ ആക്രമിച്ചാണ് 1,20,000 രൂപയും 14 പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രി 8.45 ഓടെ എടനീര്‍ എതിര്‍തോട്ടാണു സംഭവം. അബ്ദുള്‍ അസീസ് ഫാക്ടറിയില്‍നിന്നു വീട്ടിലേക്കു പോകുമ്പോഴാണ് കവര്‍ച്ചയ്ക്കിരയായത്. എതിര്‍ത്തോട്ടെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിന് കുറുകെ നിര്‍ത്തി തടഞ്ഞു. ബൈക്കിനുപിന്നിലിരുന്ന ആള്‍ കാറിനരികിലെത്തി ഡോര്‍ തുറക്കുകയും ബൈക്കോടിച്ചിരുന്നയാള്‍ പ്ളാസ്റിക് പൊതിയില്‍ സൂക്ഷിച്ചിരുന്ന മുളകുപൊടി മുഖത്തേക്ക് വിതറുകയുമായിരുന്നുവത്രേ. അബ്ദുള്‍ അസീസിന്റെ മുഖത്ത് അടിക്കുകയും ചെയ്തു.


ഇതിനിടെയാണു കാറില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും കവര്‍ന്നതെന്നു കരുതുന്നു. ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും സംഘം തട്ടിപ്പറിച്ചു. ബാങ്കില്‍നിന്ന് സ്വര്‍ണം പണയംവച്ചെടുത്ത പണവും ബാക്കിയുള്ള സ്വര്‍ണവുമാണ് കാറില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് സംഘം തട്ടിപ്പറിച്ചതെന്ന് പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.