അരുവിക്കരയില്‍ സ്വപ്നം നെയ്ത് ഭരണ-പ്രതിപക്ഷം
അരുവിക്കരയില്‍ സ്വപ്നം നെയ്ത് ഭരണ-പ്രതിപക്ഷം
Tuesday, June 30, 2015 12:17 AM IST
സാബു ജോണ്‍

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലാണിരിപ്പെങ്കിലും മനസ് അരുവിക്കരയിലായിരുന്നു. ധനാഭ്യര്‍ഥനചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉപതെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു പറയാന്‍ തന്നെ താത്പര്യം. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പു ഫലമെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പ്രതിപക്ഷം വിജയം അവകാശപ്പെട്ടെങ്കിലും വലിയ ആവേശം കാട്ടിയില്ല. ഇ.പി. ജയരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍യുഡിഎഫ് ജയിക്കുന്ന മഹാദുരന്തം അവര്‍ പ്രതീക്ഷിക്കുന്നില്ല.

ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന നിലപാടില്‍ തന്നെയാണു പ്രതിപക്ഷം ഇപ്പോഴും. എന്നാല്‍, ബജറ്റിന്റെ ധനാഭ്യര്‍ഥനകള്‍ പാസാക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ അനൌചിത്യമൊന്നുമുള്ളതായി അവര്‍ കരുതുന്നുമില്ല. തങ്ങള്‍ ബഹിഷ്കരിക്കുമ്പോള്‍ ഭരണപക്ഷത്തിനാണു സുഖമെന്ന സത്യം അവര്‍ മനസിലാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത കൂടി ആലോചിച്ചപ്പോള്‍ ഭരണപക്ഷത്തിന്റെ ജീര്‍ണത തുറന്നുകാട്ടാന്‍ നിയമ സഭയിലിരുന്നേ പറ്റൂ എന്ന പക്ഷത്താണിപ്പോള്‍ ഇ.പി. ജയരാജന്‍.

സര്‍ക്കാരിനെതിരായി പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ സഭയിലിരിക്കുന്നതില്‍ അര്‍ഥമില്ല. അതിനാല്‍, പ്രതിപക്ഷ നേതാവിന്റെ പതിവുപ്രയോഗങ്ങള്‍ കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍തന്നെ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചു സ്ഥലംവിട്ടു. ഇനിയുള്ള കാര്യങ്ങളെ ല്ലാം ഉപതെരഞ്ഞെടുപ്പിന്റെ ഫല ത്തെ ആശ്രയിച്ചിരിക്കും. ഇന്നു സഭ സമ്മേളിച്ച് രണ്ടു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും അക്കാര്യത്തില്‍ തീരുമാനമാകും.

ശൂന്യവേളയുടെ തുടക്കം പതിവുപോലെ ബാര്‍ കോഴയിലെ അടിയന്തരപ്രമേയത്തോടെയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് കേസ് അട്ടിമറിക്കാനാണെന്നു പറഞ്ഞായിരുന്നു എസ്. ശര്‍മ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി വിഷയം അവതരിപ്പിച്ചത്. നിയമോപദേശം തേടുന്നതില്‍ പുതുമയില്ലെന്നും അതിന് ഡയറക്ടര്‍ക്ക് അധികാരമുണ്െടന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചു. നിയമോപദേശം തേടാന്‍ മുഖ്യന്ത്രിയായിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നിര്‍ദേശം കൊടുത്തതിന്റെ രേഖ സഭയില്‍ ഹാജരാക്കി പ്രതിപക്ഷത്തെ ഉത്തരം മുട്ടിക്കാനും മന്ത്രി ശ്രമം നടത്തി.

ബാര്‍ കോഴ കേസില്‍ യുഡിഎഫില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും സമ്മര്‍ദമുണ്ടായിരുന്നു എന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി ഫേസ്ബുക്കില്‍ പോസ്റിട്ടത് പ്രതിപക്ഷത്തെ എ.കെ. ബാലന്‍ ഈ ഘട്ടത്തില്‍ ആയുധമാക്കി. ആരാണു സമ്മര്‍ദം ചെലുത്തിയതെന്നു വ്യക്തമാക്കണമെന്നായിരുന്നു ബാലന്റെ ആവശ്യം. ഇതു കേട്ടതേ പ്രതിപക്ഷത്തെ പിന്‍നിരക്കാര്‍ മുന്‍നിരയിലെത്തി. നടുത്തളത്തിലേക്കിറങ്ങാന്‍ കോപ്പു കൂട്ടി നിന്നെങ്കിലും വൈകാതെ പിന്‍വാങ്ങി.

മന്ത്രി രമേശ് ചെന്നിത്തല പ്രസംഗം പെട്ടെന്നു പൂര്‍ത്തിയാക്കി ഒരുവിധം രക്ഷപ്പെട്ടു. പിന്നെയെല്ലാം പതിവുപോലെ. പ്രതിപക്ഷനേതാവിന്റെ വാക്കൌട്ട് പ്രസംഗം. ധനമന്ത്രി കെ.എം. മാണിയെ ഉപദേശിക്കാന്‍ വിശുദ്ധ മത്തായിയുടെ സുവിശേഷവും പതിവുപോലെ ഉദ്ധരിച്ചു. സഭയില്‍ വലിയ കോളിളക്കം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി.

ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന വാദം പ്രതിപക്ഷത്തുനിന്നു പ്രസംഗിച്ച എല്ലാവരും ആവര്‍ത്തിച്ചു. ഭരണം പോലുമില്ലെന്നും വാദം ഉയര്‍ന്നു. ഇല്ലാത്ത സര്‍ക്കാരിന്റെ, അവതരിപ്പിക്കാത്ത ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിപക്ഷത്തിന്റെ ആശയദാരിദ്യ്രത്തെക്കുറിച്ചു മുസ്ലിം ലീഗുകാരനായ കെ.എന്‍.എ. ഖാദര്‍ പരിതപിച്ചു. ഇപ്പോഴെങ്കിലും പ്രതിപക്ഷത്തിനു നല്ല ബുദ്ധി ഉദിച്ചല്ലോ എന്നായി ജോസഫ് വാഴയ്ക്കന്‍. പിറവവും നെയ്യാറ്റിന്‍കരയും അരുവിക്കരയിലും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സണ്ണി ജോസഫിനു സംശയമില്ല. കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചു പ്രതിപക്ഷനേതാവ് സഭയിലെങ്കിലും അഭിപ്രായം പറയുമെന്നൊരു പ്രതീക്ഷ സണ്ണി ജോസഫിനുണ്ട്.


അരുവിക്കരയില്‍ ജനങ്ങള്‍ നല്‍കുന്ന ശിക്ഷ താങ്ങാനുള്ള കരുത്ത് യുഡിഎഫിനുണ്ടാകില്ലെന്ന് എ.കെ. ശശീന്ദ്രനും സംശയമില്ല. കെ.എസ്. ശബരീനാഥന്‍ നിയമസഭയിലേക്കു വന്നുകയറുന്ന രംഗമാണു തോമസ് ഉണ്ണിയാടന്‍ അവതരിപ്പിച്ചത്. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പേ വിജയിയെ പ്രഖ്യാപിക്കുന്നതിലുള്ള ശേലുകേട് ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി. വ്യാകരണപ്പിശകുണ്െടങ്കില്‍ പറഞ്ഞതു പിന്‍വലിക്കാന്‍ ഉണ്ണിയാടനും വലിയ ഭാവമില്ല.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെയും കെ.ബി. ഗണേഷ്കുമാറിന്റെയും പേരില്‍ പ്രതിപക്ഷം സഭയില്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഒന്നൊന്നായി വിശദീകരിച്ചു പി.സി. വിഷ്ണുനാഥ്. ഇപ്പോള്‍ പിള്ളച്ചേട്ടന്‍, പിള്ള സാര്‍ എന്നൊക്കെ പറഞ്ഞു സ്നേഹം വഴിഞ്ഞൊഴുകുകയാണത്രെ. പാര്‍ട്ടിവിരുദ്ധനെന്നു വിളിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസ്. അച്യുതാനന്ദനെതിരെ പ്രമേയം പാസാക്കി നാലാം ദിനം തെര ഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം സംപൂജ്യനായി മാറിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

കാര്‍ത്തികേയന്റെ പേരില്‍ യുഡിഎഫുകാര്‍ അരുവിക്കരയില്‍ കണ്ണീരൊഴുക്കിയതിലായിരുന്നു എ.കെ. ബാലനു രോഷം. യുഡിഎഫിനു ഭരിക്കാന്‍ രാഷ്ട്രീയമായും ധാര്‍മികമായും അവകാശമില്ലെന്നും ബാലന്‍ തീര്‍ത്തു പറഞ്ഞു. നാളെ കാണാം എന്നു പറഞ്ഞാണ് വി.എസ്. സുനില്‍കുമാറും പ്രസംഗം അവസാനിപ്പിച്ചത്.

അരുവിക്കര പ്രസംഗത്തിന്റെ ആവര്‍ത്തനമായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റേത്. തന്നെ വിമര്‍ശിച്ചവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പതിവ് വി.എസ്. തെറ്റിച്ചില്ല. പി.സി. വിഷ്ണുനാഥിനെ സരിതയുടെ പറ്റുബുക്കിലെ നാലാം പേരുകാരന്‍ എന്നു വിളിച്ചപ്പോള്‍ മന്ത്രി അനൂപ് ജേക്കബിനെ സഭയിലെ കന്നിക്കാരനെങ്കിലും അഴിമതിയില്‍ പെരിയസ്വാമി എന്നാണു വി.എസ് വിശേഷിപ്പിച്ചത്. കുറ്റം പറയരുതല്ലോ രണ്ടുപേരും വി.എസിനെ വിമര്‍ശിച്ചിരുന്നു. പറയാനുളളതെല്ലാം പറഞ്ഞശേഷം വാക്കൌട്ടും പ്രഖ്യാപിച്ചു പ്രതിപക്ഷം സ്ഥലം വിട്ടു.

വി.എസിന്റെ വാക്കുകള്‍ക്കു മറുപടിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ നടപടികളെ ശക്തമായി ന്യായീകരിച്ച മുഖ്യമന്ത്രി നാലു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം നടത്തിയ എല്ലാ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും അവര്‍ക്കു തിരിച്ചടി ലഭിക്കും. പ്രതിപക്ഷത്തിന്റെ നിരാശയാണ് ബാര്‍ കോഴ കേസില്‍ അവര്‍ പ്രകടിപ്പിക്കുന്നത്. അരുവിക്കര തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന തന്റെ മുന്‍വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു എന്നു പറഞ്ഞുകൊണ്ടാണു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.