മുഖപ്രസംഗം: അരുവിക്കര നല്‍കുന്ന രാഷ്ട്രീയ പാഠങ്ങള്‍
Wednesday, July 1, 2015 10:44 PM IST
ശക്തമായൊരു രാഷ്ട്രീയപ്പോരാട്ടത്തിലൂടെയാണ് അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മികച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പൊതുസമ്മതരും ശക്തരുമായ സ്ഥാനാര്‍ഥികള്‍, ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം, സകല അടവുകളും പയറ്റിയുള്ള പ്രചാരണ തന്ത്രങ്ങള്‍ എന്നിവയിലൂടെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിപിഎമ്മും ബിജെപിയും അവര്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെത്തന്നെ ഗോദയിലിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെക്കുറിച്ചു തുടക്കത്തിലുണ്ടായിരുന്ന അനിശ്ചിതത്വം എല്‍ഡിഎഫിന്റെ മുന്‍തൂക്കത്തിനു വഴിയൊരുക്കിയിരുന്നു. തികച്ചും അപ്രതീക്ഷിതമായി ശബരീനാഥന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ ചില അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും പാര്‍ട്ടി നേതൃത്വം ശക്തമായ നിലപാടോടെ മുന്നോട്ടുനീങ്ങി. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരാജയത്തിനു വഴിയൊരുക്കുന്നതാണു യുഡിഎഫിന്റെ പതിവ്. എന്നാല്‍, അരുവിക്കരയില്‍ അത്തരം അസ്വസ്ഥതകളെല്ലാം പൊടുന്നനെ കെട്ടടങ്ങി.

അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലം കേരള രാഷ്ട്രീയത്തിനു ചില നല്ല പാഠങ്ങള്‍ നല്‍കുന്നുണ്ട്. അതു മനസിലാക്കാനുള്ള സാമാന്യബുദ്ധി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിക്കണം. അല്ലെങ്കില്‍ അത് അവര്‍ക്കുതന്നെ വിനയായി മാറും. പ്രചാരണ കോലാഹലങ്ങളോ ചാനല്‍ ചര്‍ച്ചകളോ രാഷ്ട്രീയതന്ത്രങ്ങളോ ഒന്നുമല്ല ജനവിധി നിര്‍ണയിക്കുന്ന പ്രധാന ഘടകം എന്ന വസ്തുത അരുവിക്കരയില്‍ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. രാഷ്ട്രീയപ്രബുദ്ധരായ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും വിലയിരുത്തിയാണു തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതെന്നുള്ള വസ്തുത ആരും വിസ്മരിക്കരുത്.

പണമൊഴുക്കിയും ന്യൂനപക്ഷപ്രീണനം നടത്തിയുമൊക്കെയാണ് അരുവിക്കരയില്‍ യുഡിഎഫിനു വിജയിക്കാനായതെന്ന പ്രതിപക്ഷ ആരോപണം ആ മണ്ഡലത്തിലെ ജനങ്ങളുടെ വിധിയെഴുത്തിനോടുള്ള വെല്ലുവിളികൂടിയാണ്. പണമൊഴുക്കാനുള്ള ശേഷി അവിടെ മത്സരിച്ച ഏതു മുന്നണിക്കാണു കുറവുള്ളതെന്നതു മാത്രമാണു ചോദ്യം. മുന്നണികളുടെയോ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയോ പിന്തുണയില്ലാത്ത സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിപോലും പണം മുടക്കാന്‍ ആളുണ്ടായിരുന്നു.

പ്രസക്തമായ ചില രാഷ്ട്രീയ വിഷയങ്ങള്‍ അരുവിക്കര ഉപതെരഞ്ഞടുപ്പില്‍ സജീവ ചര്‍ച്ചയായി. അതില്‍ പ്രധാനം അഴിമതി തന്നെ. അഴിമതി വിരുദ്ധതതന്നെയായിരുന്നു എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പ്രധാന പ്രചാരണായുധം. അതിനു മൂര്‍ച്ചകൂട്ടുന്ന ചില വെളിപ്പെടുത്തലുകള്‍ പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ വീണുകിട്ടുകയും ചെയ്തു. വികസനവും കരുതലുമെന്ന മുഖ്യമന്ത്രിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും മുദ്രാവാക്യം തന്നെയായിരുന്നു ഭരണപക്ഷം അരുവിക്കരയില്‍ ഉയര്‍ത്തിയത്. മണ്ഡലത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നിറഞ്ഞുനിന്നിരുന്ന ജി. കാര്‍ത്തികേയന്റെ വ്യക്തിപ്രാഭവവും അദ്ദേഹത്തിന്റെ സ്മരണയും സ്ഥാനാര്‍ഥി ശബരീനാഥനു മുതല്‍ക്കൂട്ടായി എന്നതു നിസ്തര്‍ക്കമാണ്. സഹതാപത്തിലുപരി സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും യുഡിഎഫിന്റെ വിജയത്തിനു നിര്‍ണായകമായി. പക്വതയും കാര്യശേഷിയും രാഷ്ട്രീയാവബോധവുമുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ സജീവ രാഷ്ട്രീയത്തിലേക്കു വരുന്നതിനെ പ്രായഭേദമെന്യേ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന ശുഭസൂചനയും ഇവിടെ കാണുന്നുണ്ട്. പഠനത്തിലും പൊതുപ്രവര്‍ത്തനത്തിനും കലാലയ പഠനകാലത്തുതന്നെ മികവു പ്രകടിപ്പിച്ച ശബരീനാഥനു പിതാവില്‍നിന്നു കിട്ടിയ രാഷ്ട്രീയ പാരമ്പര്യം കൈമുതലാക്കി സ്വന്തമായൊരു പാത പണിയാനാവുമെന്നു വോട്ടര്‍മാര്‍ക്കു തോന്നിയിരിക്കുന്നു.


പ്രചാരണവേദികളിലെ അപഹാസ്യ പ്രയോഗങ്ങള്‍ അണികളെ ആവേശഭരിതമാക്കുമെങ്കിലും അതു വോട്ടിംഗില്‍ വിപരീതഫലമേ ഉളവാക്കൂവെന്ന വസ്തുതയും ഇവിടെ വ്യക്തമായി. തലമുതിര്‍ന്ന നേതാക്കള്‍പോലും തികച്ചും സംസ്കാരശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തി. സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ക്കുപോലും ഒരേ വേദിയില്‍ ഒരുമിച്ചിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്യാനാവുന്നില്ലെന്നതും ജനം തിരിച്ചറിഞ്ഞു. അതേസമയം, പാര്‍ട്ടികള്‍ക്കുള്ളിലും മുന്നണിക്കുള്ളിലുമുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെ ഒതുക്കിനിര്‍ത്തി മുന്നണിസംവിധാനത്തെ ഒന്നാകെ അരുവിക്കരയില്‍ സജീവമാക്കാനായി എന്നതു യുഡിഎഫിന്റെ നേട്ടമാണ്. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്നുകേട്ട എല്ലാ ആരോപണങ്ങളെയും അവഗണിച്ചു ലഭിച്ച ജനവിധിയായും ഇതിനെ കാണേണ്ടതില്ല. കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ ഭരിക്കാനുള്ള ബാധ്യതയും ഈ ജനവിധി യുഡിഎഫിനു നല്‍കുന്നുണ്ട്.

ബിജെപിക്ക് വോട്ടുനിലയില്‍ വന്‍മുന്നേറ്റം നടത്താനായി എന്നതാണ് അരുവിക്കരയിലെ മറ്റൊരു പ്രധാന രാഷ്ട്രീയ സൂചിക. എഴുപത്തിയഞ്ചു വയസു കഴിഞ്ഞവരെ ഭരണരംഗത്തുനിന്നും പാര്‍ലമെന്ററി രംഗത്തുനിന്നും മാറ്റിനിര്‍ത്തണമെന്നു പറയുന്ന ബിജെപിയുടെ ദേശീയ നേതൃത്വമാണ് ശതാഭിഷിക്തനായ നേതാവിനെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നതും വിരോധാഭാസമാണ്. അതേസമയം, പൊതുജീവിതത്തിലെ കളങ്കമേല്‍ക്കാത്ത പ്രതിച്ഛായയും ജനങ്ങളുടെ ആദരവും ഉള്ള രാജഗോപാലിലൂടെ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ചിരട്ടി വോട്ട് നേടാന്‍ സാധിച്ചുവെന്നതു നിസാരകാര്യമല്ല.

അടുത്തുനടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പുള്ള നിര്‍ണായക ഘട്ടം കൂടിയാണിത്. എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യ സംരക്ഷണമാണ് യഥാര്‍ഥ ജനാധിപത്യം. അതില്‍നിന്നു വ്യതിചലിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ആശയസംഹിതകളെയും വ്യക്തികളെയും ജനം പുറംതള്ളുകതന്നെ ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.