കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു
കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു
Wednesday, July 1, 2015 10:45 PM IST
ബംഗളൂരു: കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനും പ്രശസ്ത ഇലക്ട്രോണിക്സ് പ്രതിഭയുമായ പദ്മഭൂഷണ്‍ കെ.പി.പി. നമ്പ്യാര്‍ (86) ബംഗളൂരുവില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.

രാജ്യത്തിന്റെയും കേരളത്തിന്റെയും വ്യാവസായിക വളര്‍ച്ചയ്ക്കു പുതിയ ദിശാബോധം നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളായിരുന്നു കെ.പി.പി.
മ്പ്യാര്‍ എന്ന കുന്നത്തു പുതിയവീട്ടില്‍ പദ്മനാഭന്‍ നമ്പ്യാര്‍. രാജ്യത്തെ ആദ്യ ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്കായ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെയും കേരളത്തിന്റെ ആദ്യ ഇലക്ട്രോണിക്സ് സംരംഭമായ കെല്‍ട്രോണിന്റെയും മുഖ്യ ശില്പിയാണ്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം.

1929 ഏപ്രില്‍ 15ന് കണ്ണൂര്‍ ജില്ലയില്‍ കല്യാശേരിയിലെ പാപ്പിനിശേരി പടിഞ്ഞാറേവീട്ടില്‍ ചിണ്ടന്‍
മ്പ്യാര്‍-കുന്നത്ത് പുതിയവീട്ടില്‍ മാധവിയമ്മ ദമ്പതികളുടെ മകനായി ജനിച്ച കെ.പി.പി. നമ്പ്യാര്‍ പ്രാഥമിക വിദ്യാഭ്യാസം കല്യാശേരിയില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂള്‍, തലശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളിലും പഠിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍നിന്നു ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ പൂര്‍ത്തിയാക്കി.

ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍നിന്ന് ഈ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടി. അതിബുദ്ധിമാന്‍മാര്‍ക്കുപോലും ഇംപീരിയല്‍ കോളജില്‍ പ്രവേശനം അസാധ്യമായിരുന്ന കാലത്താണ് ഇദ്ദേഹം പ്രവേശനം നേടിയത്.

വിട പറഞ്ഞതു കേരളം സമ്മാനിച്ച അതുല്യപ്രതിഭ

കണ്ണൂര്‍: കേരളം വിശിഷ്യ കണ്ണൂര്‍ ജില്ല രാജ്യത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് ഇന്നലെ വിടപറഞ്ഞ കെ.പി.പി. നമ്പ്യാര്‍. സാധാരണ കുടുംബത്തില്‍ ജനിച്ച് എട്ടു കിലോമീറ്റര്‍ ദൂരം നടന്നു സ്കൂള്‍ വിദ്യാഭ്യാസം നേടി പ്രത്യേകിച്ച് ആരുടെയും പിന്തുണയോ സഹായമോ ഇല്ലാതെ സ്വപ്രയ്തനത്താല്‍ ഉയരങ്ങളിലെത്തിയ വ്യക്തിയാണ് കെ.പി.പി. നമ്പ്യാര്‍. കല്യാശേരിയിലെ വീട്ടില്‍നിന്നും എട്ടുകിലോമീറ്റര്‍ അകലെയുള്ള തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ നടന്നെത്തി ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ കഥ നമ്പ്യാര്‍ നിരവധി തവണ വിവരിച്ചിട്ടുണ്ട്. ടെലിവിഷന്‍ പോയിട്ട് റേഡിയോ വരെ അപ്രാപ്യമായിരുന്ന ഒരു കാലത്ത് ഇലക്ട്രോണിക് ശാസ്ത്ര പ്രതിഭയായി നമ്പ്യാര്‍ ഉയരാനിടയാക്കിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നുകൊ ണ്ടു മാത്രമാണ്.

രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ രംഗം ഇന്നു നേടിയ പുരോഗതികള്‍ക്കു പിന്നില്‍ ഈ കണ്ണൂര്‍ സ്വദേശിയാണെന്ന യാഥാര്‍ത്ഥ്യം അധികം പേര്‍ക്കും അറിയാത്ത രഹസ്യമാണ്. രാജ്യത്തു പുത്തന്‍ വ്യവസായ സങ്കല്‍പ്പങ്ങള്‍ക്കു നാന്ദികുറിച്ച ധിഷണാശാലിയായിരുന്നു ഇദ്ദേഹം.

ഇദ്ദേഹം ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായും മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്ന വേളയിലാണു രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ രംഗം ഇലക്ട്രോണിക്സ് സാധ്യതകളിലേക്കു ചുവടു വയ്ക്കുന്നതും അതിവേഗം മുന്നേറുന്നതും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശാസ്ത്ര ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചതിനൊപ്പം അവരുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. എന്നാല്‍ ഇത്തരം ഉന്നതബന്ധങ്ങള്‍ ഒരിക്കലും തന്റെ താത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യാതെ തന്റെ കര്‍മപഥത്തില്‍ ഒതുങ്ങിക്കൂടി കഴിയാനായിരുന്നു എന്നും ഇദ്ദേഹത്തിനു താത്പര്യം. കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറിയായും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ, നാംടെക് ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിരുന്നു.

കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് കെല്‍ട്രോണ്‍ എന്ന പദ്ധതിയുമായി ഇദ്ദേഹം കേരളത്തിലേക്കെത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പറേഷനായ കെല്‍ട്രോണിന്റെ സ്ഥാപകനാണ് ഇദ്ദേഹം. സംസ്ഥാനത്ത് ഇലക്ട്രോണിക്സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെന്ററിന് രൂപം നല്‍കി ദീര്‍ഘകാലം ഇതിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വിദേശ കമ്പനികളെ ആശ്രയിച്ചുവന്നിരുന്ന രാജ്യത്ത് കെല്‍ട്രോണ്‍ ടിവി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത് കുത്തക കമ്പനികളെപ്പോലും ഞെട്ടിച്ചു. വിദേശ കുത്തക കമ്പനികള്‍ തങ്ങളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കി വന്നപ്പോള്‍ സാധാരണക്കാരനുകൂടി പ്രാപ്യമാകുന്ന രീതിയില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ളവ കെല്‍ട്രോണ്‍ നിര്‍മിച്ചുനല്‍കി. സംസ്ഥാനത്തെ വ്യവസായ വകുപ്പ് ഉപദേഷ്ടാവ് എന്ന നില യിലും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിക്കുന്നതിലും ഇദ്ദേഹ ത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.


സ്കൂള്‍വിദ്യാഭ്യാസത്തിനുശേ ഷം മദ്രാസിലേക്കു പോയ നമ്പ്യാര്‍ അവിടുത്തെ പ്രശസ്തമായ പച്ചയ്യപ്പാസ് കോളജില്‍ ചേര്‍ന്ന് ഫിസിക്സില്‍ ബിരുദം നേടി. തുടര്‍ന്ന് മുംബൈയിലെത്തി പഠനം പുനരാരംഭിച്ചു. 1951ല്‍ ലണ്ടനിലെ പ്രശസ്തമായ ഇംപീരിയല്‍ കോളജ്് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ട്രാന്‍സിസ്റേഴ്സ് ആന്‍ഡ് സെമി കണ്ടക്ടേഴ്സ് എന്ന വിഷയത്തില്‍ ഉന്നതപഠനം ആരംഭിച്ചു. പഠനശേഷം 1954മുതല്‍ 1957 വരെ ഇംപീരിയല്‍ കോളജില്‍ സെമി-കണ്ടക്ടര്‍ ടെക്നോളജിയില്‍ റിസര്‍ച്ച് സ്കോളറായി പ്രവര്‍ത്തിച്ച നമ്പ്യാര്‍ തുടര്‍ന്ന് അമേരിക്കയിലെ ടെക്സസ് ഇന്‍സ്ട്രമെന്റ്സ് എന്ന കമ്പനിയിലേക്കു മാറി. 1963ല്‍ അമേരിക്കയിലെ ജോലിയുപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങിയ നമ്പ്യാര്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അധ്യാപകനായി ചേര്‍ന്നു. വിദേശത്തു ജോലി ചെയ്തു പ്രാഗല്ഭ്യം തെളിയിച്ച സ്വദേശികളായ ശാസ്ത്രപ്രതിഭകളെ ഇന്ത്യയിലേക്കു തിരികെ കൊണ്ടുവരുന്നതിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആവിഷ്കരിച്ച പ്രത്യേക പദ്ധതിപ്രകാരമായിരുന്നു നമ്പ്യാരുടെ ഇന്ത്യയിലേക്കു ള്ള മടക്കം.

ഒരു വര്‍ഷം ഇവിടെ തുടര്‍ന്ന നമ്പ്യാര്‍ 1964ല്‍ ഈ ജോലിയുപേക്ഷിച്ച് ഫിലിപ്സ് ഇന്ത്യയില്‍ പ്രോജക്ട്സ് മാനേജരായി ചുമതലയേറ്റു. 1967ല്‍ ഫിലിപ്സിലെ ജോലിയുപേക്ഷിച്ച അദ്ദേഹം പിന്നീട് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ചേരുകയും കമ്പനിയുടെ ബംഗളൂരുവിലുള്ള പിയംസോ ഇലക്ട്രിക് ക്രിസ്റ്റല്‍ ഡിവിഷനില്‍ സഹമേധാവിയായി ചുമതലയേല്‍ക്കുകയും ചെയ്തു. ചുരുങ്ങിയ കാലത്തെ ബംഗളൂരുവിലെ സേവനത്തിനിടയില്‍ അദ്ദേഹത്തിന് രാജ്യത്തെ ആദ്യ ത്തെ കമ്മ്യൂണിക്കേഷന്‍ ക്രിസ്റ്റല്‍സ് ഫാക്ടറി സ്ഥാപിക്കാനായി . ഇതേവര്‍ഷം ടാറ്റായില്‍ ചേര്‍ന്ന അദ്ദേഹം കമ്പനിയുടെ ഉപസ്ഥാപന മായ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡിന്റെ (നെല്‍കോ) ജനറല്‍മാനേജരായി. കമ്പനിയിലെ രണ്ടുവര്‍ഷത്തെ സേവനത്തിനിടയില്‍ രാജ്യത്തെ ആദ്യത്തെ അപ്ളൈഡ് ഇലക്ട്രോണിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെന്റര്‍ സ്ഥാപിക്കാനായി. നെല്‍കോ നിര്‍മിച്ചുപുറത്തിറക്കിയ പുതിയ ഉപകരണങ്ങളായ എസിയ്ക്കും ഡിസി മോട്ടോറുകള്‍ക്കും ഉപയോഗിക്കുന്ന സ്പീഡ് കണ്‍ട്രോള്‍, സ്റ്റാറ്റിക് ഇന്‍വര്‍ട്ടര്‍, കണ്‍വര്‍ട്ടര്‍, കാല്‍ക്കുലേറ്റര്‍, ഇലക്ട്രിക് ക്ളോക്കുകള്‍, ഡിസ്പ്ളെ സിസ്റംസ് എന്നിവയ്ക്കു പിന്നില്‍ നമ്പ്യാരാണ്.

2013ല്‍ കണ്ണൂര്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. പ്രായാധിക്യം കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ ഭാര്യ ഉമാദേവിയായിരുന്നു അദ്ദേഹത്തിനുവേണ്ടി ഡോക്ടറേറ്റ് സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.