കത്തോലിക്കാ കോണ്‍ഗ്രസ് മോചനയാത്ര ഓഗസ്റ് ഒന്നു മുതല്‍ എട്ടുവരെ
Wednesday, July 1, 2015 12:09 AM IST
കൊച്ചി: കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും ലോകമെമ്പാടും വര്‍ധിച്ചുവരുന്ന മതപീഡനങ്ങള്‍ക്കും മതതീവ്രവാദികള്‍ നടത്തുന്ന അരുംകൊലകള്‍ക്കെതിരേയും ലോക മനഃസാക്ഷി ഉണര്‍ത്തുവാനും സര്‍ക്കാര്‍തലത്തിലുള്ള അഴിമതികള്‍ക്കെതിരേയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയ്ക്കെതിരേയും കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മോചനയാത്ര നടത്തുന്നു.

ഓഗസ്റ് ഒന്നിന് തിരുവനന്തപുരത്തുനിന്നു തെക്കന്‍ മേഖലാ ജാഥയും കാസര്‍ഗോഡുനിന്നു വടക്കന്‍ മേഖലാ ജാഥയും ആരംഭിച്ച് ഓഗസ്റ് എട്ടിന് അങ്കമാലിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന മോചനയാത്ര ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം എന്നീ രൂപതാ കേന്ദ്രങ്ങളിലൂടെയും കാസര്‍ഗോഡുനിന്ന് ആരംഭിക്കുന്ന മോചനയാത്ര തലശേരി, മാനന്തവാടി, താമരശേരി, പാലക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട എന്നീ രൂപതാ കേന്ദ്രങ്ങളിലൂടെയും കടന്നുവരുന്ന ജാഥയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ സ്വീകരിക്കും.


സമാപന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വിവിധ രൂപതാകേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ രൂപതാ മെത്രാന്മാരും സമുദായ നേതാക്കളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ തെക്കന്‍മേഖലാ ജാഥയും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വടക്കന്‍ മേഖലാ ജാഥയും നയിക്കും.

പ്രസിഡന്റ് വി.വി. അഗസ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം ബിഷപ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, വൈസ് പ്രസിഡന്റുമാരായ സാജു അലക്സ്, അഡ്വ. ടോണി ജോസഫ്, സ്റീഫന്‍ ജോര്‍ജ്, ഡേവീസ് പുത്തൂര്‍, സെക്രട്ടറിമാരായ ബേബി പെരുമാലില്‍, സൈബി അക്കര, ഡേവീസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.