എസ്എന്‍ഡിപി നിലപാടില്‍ പരിഭ്രമിച്ചു സിപിഎം
Thursday, July 30, 2015 12:35 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകള്‍ വ്യക്തമായതോടെ അങ്കലാപ്പിലാകുന്നതു സിപിഎം നേതൃത്വമാണ്. സിപിഎമ്മിനു രാഷ്ട്രീയ അഗ്നിപരീക്ഷണമാകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ പാര്‍ട്ടിക്കൊപ്പം കാലാകാലങ്ങളായിനിന്ന ഈഴവ സമുദായം ഹൈന്ദവ പാര്‍ട്ടയിലേക്കു മെല്ലെ അടുക്കുന്നതു സിപിഎമ്മിന്റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കും.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ നേതാക്കള്‍ കേരളത്തിലെത്തിയതും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ അദ്ദേഹം അങ്ങോട്ടുപോയതും സിപിഎമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുകയാണ്. സംസ്ഥാനത്തെ ജാതിസമവാക്യങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കു സഹായകമായി മാറുന്നതും സിപിഎം കേന്ദ്രനേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്കുപുറമേ പ്രമുഖ സമുദായങ്ങള്‍ പാര്‍ട്ടിയുമായി അകലുന്നതില്‍ കേന്ദ്രനേതാക്കള്‍ അസ്വസ്ഥരാണ്.

ബിജെപിയുമായി അടുക്കുന്നതിനു പിന്നില്‍ ഭൂരിപക്ഷ ഏകീകരണമാണു ലക്ഷ്യമെന്നു വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ പറയുമ്പോഴും അദ്ദേഹത്തോടു യോജിക്കാന്‍ സിപിഎമ്മിന്റെ രാഷ്ട്രീയം പരോക്ഷമായി പോലും അനുവദിക്കുന്നില്ല. ഭൂരിപക്ഷ ഏകീകരണമെന്നതു ബിജെപിക്കു മാത്രമേ ഉപകരിക്കൂവെന്ന തിരിച്ചറിവാണു സിപിഎമ്മിനെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. അദേഹവുമായി ഇക്കാര്യങ്ങളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍പോലും സിപിഎം തയാറായിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.


യുഡിഎഫിലേക്കു പോയ പാര്‍ട്ടികളെ തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പു തിരികെ കൊണ്ടുവന്ന് ഇടതുമുന്നണി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സിപിഎം. അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം യുഡിഎഫിന് അനുകൂലമായതോടെ പ്രതീക്ഷിച്ചവര്‍ വന്നില്ലെന്നു മാത്രമല്ല തോല്‍വിയുടെ പേരില്‍ ഇടതുമുന്നണിയില്‍ അസംതൃപ്തി ഉടലെടുക്കുയും ചെയ്തു. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചെന്നും എല്‍ഡിഎഫിനു കിട്ടിക്കൊണ്ടിരുന്ന ഭൂരിപക്ഷവോട്ടുകളില്‍ വിള്ളലുണ്ടായി അതു ബിജെപിക്കു ലഭിച്ചുവെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഇടതുമുന്നണി നേതാക്കളില്‍ നിന്നുമുണ്ടായി. അരുവിക്കരയില്‍ എസ്എന്‍ഡിപി വോട്ടുകള്‍ ഗണ്യമായി ഇടതുമുന്നണിക്കു നഷ്ടമായെന്ന വിലയിരുത്തലും സിപിഎം നടത്തി. വെള്ളാപ്പള്ളിയുടെ നിലപാടാണു ദോഷം ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനുമായി തെറ്റിനില്‍ക്കുന്ന വിഭാഗത്തെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെയും ഒരു എംപിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എസ്എന്‍ഡിപി നേതാക്കളുമായി ചര്‍ച്ച നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.